
തിരുവനന്തപുരം: കാർഷിക നിയമ ഭേദഗതിയെ പിന്തുണച്ച് സംസ്ഥാന നിയമസഭയിലെ ഏക ബി ജെ പി എം എൽ എ ആയ ഒ രാജഗോപാൽ. കേന്ദ്രസർക്കാരിന്റെ നിയമഭേദഗതി കർഷകർക്ക് സംരക്ഷണം നൽകുന്നതാണെന്ന് കർഷക നിയമത്തിനെതിരായ പ്രമേയത്തെ എതിർത്തുകൊണ്ട് ഒ രാജഗോപാൽ പറഞ്ഞു.
നിയമ ഭേദഗതി നേരത്തെ കോൺഗ്രസ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്‌തിരുന്നു. എന്തിനും പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുകയാണ്. ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണം. ഏത് ചർച്ചയ്‌ക്കും പ്രധാനമന്ത്രി തയ്യാറാണെന്നും കേന്ദ്രസർക്കാരിനെതിരായ സഭയിലെ പരാമർശങ്ങളെ ശക്തമായി എതിർക്കുകയാണെന്നും രാജഗോപാൽ വ്യക്തമാക്കി.
കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമം കോർപ്പറേറ്റ് അനുകൂലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിച്ചു കൊണ്ട് പറഞ്ഞിരുന്നു. നിയമം കർഷക വിരുദ്ധമാണ്. നിയമത്തിനെതിരായ കർഷകർക്ക് ഇടയിലുളള വിശ്വാസ തകർച്ചയ്‌ക്ക് കാതലുണ്ട്. കോർപ്പറേറ്റ് ശക്തികൾക്ക് മുന്നിൽ കേന്ദ്രസർക്കാർ കീഴടങ്ങുകയാണെന്നും കർഷകർക്കുളള താങ്ങുവില പ്രധാനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.