
നെയ്യാറ്റിൻകര : കുടിയൊഴിപ്പിക്കലിനിടെ ഉണ്ടായ ദാരുണ സംഭവത്തിൽ നാടിനെ കണ്ണീരിലാഴ്ത്തിയ രാജന്റെയും അമ്പിളിയുടെയും മരണത്തിൽ പരാതിക്കാരിയുടെ പട്ടയത്തിൽ സംശയമുയരുന്നു. തർക്ക സ്ഥലം തന്റേതാണെന്ന് കാട്ടി പരാതി നൽകിയ വസന്തയുടെ പേരിലല്ല ഈ ഭൂമിയെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവരുന്നത്. രണ്ട് മാസം മുൻപേ ഇത് സംബന്ധിച്ച രേഖകൾ വിവരാവകാശ പ്രകാരം ആത്മഹത്യ ചെയ്ത രാജൻ സ്വന്തമാക്കിയിരുന്നു. എന്നാൽ കോടതിയിൽ ഇത് ഹാജരാക്കിയിരുന്നില്ല. കൃത്യസമയത്ത് ഹാജരാക്കിയിരുന്നുവെങ്കിൽ ഒരു പക്ഷേ രണ്ട് കുരുന്നുകൾ അനാഥരാവില്ലായിരുന്നു.
അതിയന്നൂർ വില്ലേജിലെ 852/16, 852/17, 852/18 എന്നീ റീസർവേ നമ്പറുകളിലെ ഭൂമി തന്റേതാണെന്നായിരുന്നു വസന്ത അവകാശപ്പെട്ടത്, ഇത് പരിഗണിച്ചാൽ വസന്തയ്ക്ക് മാത്രം പന്ത്രണ്ട് സെന്റോളം ഭൂമി കോളനിയിൽ ഉണ്ടാവും. എന്നാൽ വിവരാവകാശ രേഖ പ്രകാരം സുകുമാരൻ നായർ, കെ.കമലാക്ഷി, കെ.വിമല എന്നീ മൂന്ന് ആളുകളുടെ പേരിലാണ് ഭൂമിയുള്ളത്. സാധാരണ ഗതിയിൽ സർക്കാർ കോളനിയിൽ താമസിക്കുന്നവർക്ക് രണ്ട് മുതൽ നാല് സെന്റുവരെ ഭൂമിയാണ് നൽകാറുള്ളത്. 12 സെന്റ് ഭൂമി ലഭിച്ചുവെന്ന് പറയുന്നതിൽ അസ്വാഭാവികത ഏറെയുണ്ട്.
അതേസമയം പട്ടയം സ്വന്തമാക്കിയിട്ടുള്ളവരിൽ നിന്നും വസന്ത വിലയ്ക്ക് വാങ്ങിയതാവാമെന്ന സാദ്ധ്യത നിലനിൽക്കുന്നുണ്ട്. അയൽക്കാരെ വിരട്ടിയും കേസിൽ പെടുത്തിയും ഉപദ്രവിക്കുന്നത് ഇവരുടെ പതിവായിരുന്നു എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. പണത്തിന്റെയും അധികാരത്തിന്റെയും സ്വാധീനത്താൻ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയിൽ ആഡംബര വീട് പണിത് വിലസിയ വസന്ത കോൺഗ്രസിന്റെ സജീവ പ്രവർത്തകയാണെന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. കോളനിയിൽ വീടും സ്ഥലവുമില്ലാത്തവർക്ക് നാല് സെന്റ് വീതമാണ് നൽകുന്നത്. വസന്ത വർഷങ്ങൾക്ക് മുമ്പ് നാല് സെന്റിൽ താമസമാക്കി. അയൽവാസിക്കെതിരെ നിരന്തരം പരാതി നൽകുന്നതും വിരട്ടുന്നതും പതിവായിരുന്നു. ഒടുവിൽ, അയൽക്കാരൻ അയാളുടെ നാല് സെന്റ് വസന്തക്കു വിറ്റു.
ഇതോടെ എട്ട് സെന്റ് ഒറ്റ കോമ്പൗണ്ടാക്കി ആഡംബര വീടും ചുറ്റുമതിലും ഉൾപ്പെടെ പണിതു. തുടർന്ന് അതിനടുത്ത വീട്ടുകാരനു നേരേ തിരിഞ്ഞു. നിരന്തരം പരാതി നൽകിയതോടെ അയാളും സ്ഥലം ഉപേക്ഷിച്ച് മടങ്ങി. ഈ സ്ഥലം വസന്തയ്ക്ക് വിറ്റോയെന്ന കാര്യത്തിൽ നാട്ടുകാർക്ക് വ്യക്തയില്ല. കോളനിയിൽ അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന രാജനും കുടുംബവും ഈ സ്ഥലത്താണ് ഒന്നര വർഷം മുമ്പ് ഷെഡ് കെട്ടി താമസം തുടങ്ങിയത്. ആറുമാസം കഴിഞ്ഞതും രാജനെതിരെയും വസന്ത പരാതിയുമായി രംഗത്തിറങ്ങി. പൊലീസിൽ പരാതി നൽകി രാജനെ ഒഴിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടപ്പായില്ല. ഇതോടെയാണ് കോടതിയിൽ പോയത്.
പിടി പൊലീസിലും
കോൺഗ്രസ് പ്രവർത്തകയായ വസന്തയെ പൊലീസ് സ്റ്റേഷനിലെത്തിയാൽ കസേരയിട്ട് സ്വീകരിക്കും. പ്രദേശത്ത് പട്രോളിംഗിനെത്തുന്ന പൊലീസ് ഇവരുടെ വീട്ടിൽ കയറിയിട്ടാണ് പോകാറുള്ളത്. കോളനിയിൽ പൊലീസ് എത്തണമെങ്കിൽ വസന്ത വിളിക്കണമെന്ന്, കുടിയൊഴിപ്പിക്കലിനിടെ പൊള്ളലേറ്റ് മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കൾ പറയുന്നു. ലക്ഷം വീട് കോളനിയിലെത്തുന്നവർ വസന്തയുടെ വീട് കണ്ടാൽ നഗരത്തിലെ ഉന്നതന്റെ വീടാണോയെന്ന് സംശയിക്കും. വീട്ടിൽ ഒറ്റയ്ക്കാണ് താമസം. മക്കൾ വിദേശത്താണെന്നാണ് നാട്ടുകാരുടെ അറിവ്.
ഇവർക്കെതിരെ ആരു പരാതി നൽകിയാലും പൊലീസ് കേസെടുക്കാനോ അന്വേഷിക്കാനോ തയ്യാറാകില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
അതേസമയം വസന്തയുടെ പട്ടയം വ്യാജമാണോ എന്ന് പരിശോധിക്കാൻ കലക്ടർ നവ്‌ജ്യോത് ഖോസ തഹസിൽദാർക്കു നിർദേശം നൽകിയിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു വ്യക്തത വരുത്തിയ ശേഷം സർക്കാർ കോടതിയെ അറിയിക്കും. തർക്കസ്ഥലം രാജന്റെ മക്കൾക്കു തന്നെ കൊടുക്കാനാകുമോയെന്ന് സർക്കാരും പരിശോധിക്കുന്നുണ്ട്. രാജന്റെ വസതിയിലെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇക്കാര്യം അന്വേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. റവന്യു വകുപ്പ് ഉടമസ്ഥാവകാശം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.