
തിരുവനന്തപുരം: കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് കടലാസിന്റെ വിലയെങ്കിലും രാജ്യം കൽപ്പിച്ചിട്ടുണ്ടോയെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നിയമസഭ സ്വാർത്ഥ താത്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയുളള ഉപകരണം മാത്രമാണോയെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിലെ ജനങ്ങളെ നോക്കുകുത്തിയാക്കുന്ന ഇടത് വലതു മുന്നണികളുടെ കളികൾ ജനം തിരിച്ചറിയുമെന്നും സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനത്ത് ഭരണപക്ഷവും പ്രതിപക്ഷവും ഒന്നായി മാറുകയാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭരണസംവിധാനം ഉണ്ടാക്കുന്നതിൽ ഇത് വ്യാപകമായിരുന്നു. പ്രതിപക്ഷ നേതാവിന്റെ പഞ്ചായത്തിൽ ആറ് സീറ്റുളള യു ഡി എഫ് നാല് സീറ്റുളള എൽ ഡി എഫിനെ അധികാരത്തിലേറ്റിയിരിക്കുകയാണ്. സംസ്ഥാനത്ത് പല പഞ്ചായത്തുകളിലും എൽ ഡി എഫും യു ഡി എഫും സഖ്യത്തിലാണ്.
എൽ ഡി എഫ് സർക്കാരിനെതിരായ വികാരം പ്രകടിപ്പിക്കുന്നതിന് വേണ്ടിയാണ് പലയിടത്തും ജനങ്ങൾ യു ഡി എഫിന് വോട്ട് ചെയ്‌തത്. എന്നാൽ ആ യു ഡി എഫ് നിരുപാധികം എൽ ഡി എഫിന് മുന്നിൽ കീഴടങ്ങി. ജനവിധിയെ അട്ടിമറിക്കുന്ന നിലപാടാണിത്. ഗതികെട്ടൊരു പ്രതിപക്ഷമാണ് സംസ്ഥാനത്തുളളതെന്നും സുരേന്ദ്രൻ ആരോപിച്ചു.