
റോഹ്‌തക്: രജിസ്‌റ്റർ വിവാഹത്തിന് പുറപ്പെട്ട ദമ്പതികളെ പട്ടാപ്പകൽ അജ്ഞാതർ വെടിവച്ചുകൊന്നു. ഹരിയാനയിലെ റോഹ്‌തകിലാണ് സംഭവം. വിവാഹത്തിന്റെ നടപടികൾക്കായി കോടതിയിലേക്ക് പുറപ്പെടുകയായിരുന്ന 25 വയസുളള യുവാവും 27 വയസുകാരിയായ യുവതിയുമാണ് ബുധനാഴ്‌ച വെടിയേറ്റ് മരിച്ചത്. സംഭവമറിഞ്ഞിട്ടും യുവതിയുടെ കുടുംബാംഗങ്ങൾ പരാതി ഉൾപ്പടെ നടപടികൾക്ക് മുതിരാത്തത് ദുരഭിമാനക്കൊലയാണെന്ന് സംശയം ജനിപ്പിക്കുന്നെന്ന് പൊലീസ് അറിയിച്ചു.
റോഹ്‌തകിലെ മഹർഷി ദയാനന്ദ് സർവകലാശാലയുടെ സമീപത്ത് വച്ചാണ് സംഭവമുണ്ടായത്. ഇവരെ അനുഗമിച്ചിരുന്ന യുവാവിന്റെ സഹോദരൻ ഗുരുതര പരുക്കേറ്റ് ആശുപത്രിയിലാണെന്നും സ്ഥലത്തെ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് സജ്ജൻ സിംഗ് അറിയിച്ചു.
സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്തതായും മരണമടഞ്ഞ യുവാവിന്റെ കുടുംബം നൽകിയ പരാതിയിൽ യുവതിയുടെ ചില കുടുംബാംഗങ്ങളെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു.
രാജ്യമാകെ ഇത്തരം ദുരഭിമാനക്കൊലകൾ വർദ്ധിക്കുകയാണ്. കേരളത്തിൽ അടുത്തിടെ പാലക്കാട് ജില്ലയിലെ തേൻകുറിശിയിൽ വിവാഹം കഴിഞ്ഞ് മൂന്ന് മാസം മാത്രമായ യുവാവിനെ ഭാര്യയുടെ അച്ഛനും അമ്മാവനും ചേർന്ന് കൊലപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ ജനങ്ങൾ ഇപ്പോഴും ഇത്തരം സാമൂഹിക അനാചാരങ്ങൾക്ക് അടിമകളാണെന്ന് തെലങ്കാനയിൽ ഒരു ദുരഭിമാനക്കൊലയിലെ പ്രതികളുടെ ജാമ്യഹർജി തളളി തെലങ്കാന ഹൈക്കോടതി മുൻപ് അഭിപ്രായപ്പെട്ടിരുന്നു.