
കൊച്ചി: പെരുമ്പാവൂരിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നാലംഗ കുടുംബത്തിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. ബന്ധുക്കളെ മൃതദേഹം കാണാൻ അനുവദിക്കരുതെന്ന് വീടിന്റെ ചുമരിൽ എഴുതിവച്ചിട്ടുണ്ടായിരുന്നു. ചിട്ടി നടത്തിപ്പിൽ കുടുംബത്തിന് ലക്ഷങ്ങളുടെ ബാദ്ധ്യതയുണ്ടായിരുന്നു. ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന.
ഡിസംബർ മുപ്പത്തിയൊന്നിനകം എല്ലാവർക്കും പണം നൽകാമെന്നായിരുന്നു മരിച്ച ബിജു അറിയിച്ചിരുന്നത്.കടക്കാരോടെല്ലാം രാവിലെ വീട്ടിലെത്താനും പറഞ്ഞിരുന്നു.എന്നാൽ വാക്കുപാലിക്കാൻ സാധിക്കാതായതോടെ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
ചേലാമറ്റം പാറപ്പുറത്തുകൂടി വീട്ടിൽ പത്ഭനാഭന്റെ മകൻ ബിജു (46), ഭാര്യ വണ്ണപ്പുറം മാങ്കുഴിക്കൽ അമ്പിളി (39) മകൾ ആദിത്യ (15) മകൻ അർജുൻ(13) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്തും.