
ന്യൂഡൽഹി: ഏഴോളം പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് ബ്രിട്ടണിൽ കണ്ടെത്തിയ പരിവർത്തനം വന്ന കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം വർദ്ധിക്കുകയാണ്. ഡൽഹി എൽ.എൻ.ജെ.പി ആശുപത്രിയിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് ആദ്യം രോഗം സ്ഥിരീകരിച്ച അഞ്ചു പേരിൽ ഒരാളുടെത് ഡൽഹി സി.എസ്.ഐ.ആർ ഇൻസ്‌റ്റിറ്റ്യൂട്ടിലും നാലെണ്ണം പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലുമാണ് സ്ഥിരീകരിച്ചത്. ഇവരെല്ലാം പ്രത്യേക കൊവിഡ് ചികിത്സ കേന്ദ്രങ്ങളിൽ ചികിത്സയിലാണ്. ഓരോ മുറികളിലായാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
മറ്റ് 20 പേരിൽ എട്ടുപേർ ഡൽഹിയിലെ ദേശീയ രോഗനിയന്ത്രണ കേന്ദ്രത്തിലാണ് ചികിത്സയിലുളളത്. ഏഴുപേർ ബംഗളൂരുവിലും രണ്ടുപേർ ഹൈദരാബാദിലും കൽക്കത്തയിലും പൂനെയിലും ഡൽഹിയിലെയും ചികിത്സാ കേന്ദ്രങ്ങളിൽ ഓരോരുത്തരും ചികിത്സയിലുണ്ട്. 70 ശതമാനം വ്യാപനശേഷി കൂടിയ വൈറസാണ് കൊവിഡ് രോഗത്തിന് കാരണമാകുന്ന പുതിയ വൈറസ്.
ഇതുവരെ പരിവർത്തനം സംഭവിച്ച വൈറസ് സ്ഥിരീകരിച്ച മറ്റ് രാജ്യങ്ങൾ നെതർലാന്റ്സ്, ഓസ്ട്രേലിയ,ഇറ്റലി,സ്വീഡൻ, ഡെന്മാർക്ക്, ജർമ്മനി, കാനഡ, ഫ്രാൻസ്, സ്‌പെയിൻ,സ്വിറ്റ്‌സർലാന്റ്,ജപ്പാൻ, ലെബനോൻ, സിംഗപ്പൂർ എന്നിവയാണ്. പുതിയ വകഭേദം വ്യാപകമാകുന്നത് കണ്ട ശേഷം യു.കെയിലേക്കും തിരികെയുമുളള വിമാനസർവീസുകൾ ഇന്ത്യ ജനുവരി 7 വരെ നിരോധിച്ചിരുന്നു. നിരോധനം നിലവിൽ വന്ന ഡിസംബർ 23 അർത്ഥരാത്രിവരെ ഏതാണ്ട് 33,000 യാത്രക്കാരാണ് ഇന്ത്യയിലെത്തിയത്. ഇവർക്കെല്ലാം ആർ.ടി.പി.സി.ആർ ടെസ്‌റ്റുകൾ നിർബന്ധമായും നടത്താനാണ് സർക്കാർ നിർദ്ദേശം.