
ന്യൂഡൽഹി : മൊബൈൽ ഫോൺ മുഖേന കാൾസെന്ററിൽ നിന്നും വിളിച്ച് ലോൺ അനുവദിച്ച് പണം തട്ടുന്ന ചൈനീസ് പൗരൻ അറസ്റ്റിൽ. മൊബൈലിൽ ആപ് മുഖേനയാണ് ലോണുകൾ അനുവദിക്കുന്നത്. വലിയ പലിശയാണ് ഇത്തരം വായ്പകൾക്ക് ഇവർ ഈടാക്കുന്നത്. കൊവിഡ് സാമ്പത്തിക മാന്ദ്യത്തിൽ തൊഴിലും വരുമാനമാർഗവും ഇല്ലാതായതോടെയാണ് ഇത്തരം ലോണുകൾ വ്യാപകമായത്. വ്യക്തികളുടെ ഫോൺ നമ്പർ കൈക്കലാക്കിയ ശേഷം അതിലേക്ക് വിളിച്ച് പണം ആവശ്യമുണ്ടോ എന്ന് തിരക്കുകയും, കമ്പനി പറയുന്ന ആപ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ പറയുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. ലോൺ തിരിച്ചടവ് മുടങ്ങിയാൽ ഫോണിലെ കോൺടാക്റ്റിലുള്ള ആളുകളെ വിളിച്ച് സംസാരിക്കുകയും, ലോൺ വാങ്ങിയ ആളെ വ്യക്തിഹത്യ ചെയ്യുകയുമാണ് ഇത്തരക്കാരുടെ രീതി.
ഇന്ത്യയിൽ വിവിധ പേരുകളിലായി നാലോളം കമ്പനികളാണ് ചൈനീസ് പൗരനുണ്ടായിരുന്നത്. കേവലം ഇരുപത്തിയേഴ് വയസുള്ള ഇയാളുടെ കടകെണിയിൽ പെട്ട് നിരവധി പേരാണ് തെലങ്കാന പൊലീസിനെ സമീപിച്ചത്. ഇതേ കേസിൽ ആന്ധ്രയിൽ കോൾ സെന്റർ നടത്തിയ കർനൂൾ ജില്ലയിലുള്ള ഉടമയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുപത്തിയേഴോളം കേസുകളാണ് ഇവർക്കെതിരെയുള്ളത്. കഴിഞ്ഞ ആറുമാസമായി ഇക്കൂട്ടർ നടത്തുന്ന ഇടപാടുകളെ കുറിച്ച് അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചിരിക്കയാണ്. ചൈനീസ് പൗരൻമാരായ കൂടുതൽ പേർ ഇത്തരം ഹൈടെക്ക് പണം കടംകൊടുക്കലിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ഈ മാസം 22ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനൊന്ന് പേരെ പൊലീസ് സമാനമായ കുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നു. വായ്പാ ആപ്ലിക്കേഷനുകൾ മുഖേനയുള്ള അപമാനത്തിൽ മനംനൊന്ത് ടെക്കി ഉൾപ്പടെ മൂന്നോളം പേർ ഇതിനകം ആത്മഹത്യ ചെയ്തിരുന്നു. പണം തിരിച്ചടയ്ക്കാത്തവരുടെ വ്യക്തി വിവരങ്ങൾ വച്ച് തട്ടിപ്പുകാരനെന്ന പേരിൽ പ്രസിദ്ധപ്പെടുത്തുന്നതുൾപ്പടെയുള്ള മാർഗങ്ങളാണ് ഇത്തരം കമ്പനികൾ സ്വീകരിക്കുന്നത്.