monolith

അഹമ്മദാബാദ് : ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ദുരൂഹമായി പ്രത്യക്ഷപ്പെട്ട ഏകശിലാരൂപം ഇന്ത്യയിലും കണ്ടെത്തി. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള ഒരു പാർക്കിലാണ് തിളങ്ങുന്ന ലോഹത്തിൽ തീർത്ത ഏകശിലാരൂപത്തെ കണ്ടെത്തിയത്. അഹമ്മദാബാദ് പാർക്കിൽ ഇത്തരമൊരു അദ്ഭുതം കണ്ടെത്തിയെന്ന ഫോട്ടോകളുൾപ്പടെയുള്ള കുറിപ്പുകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ സംഭവത്തിന്റെ വാസ്തവം വിശദീകരിച്ചുകൊണ്ട് നഗരസഭ അധികൃതർ രംഗത്തെത്തി.

അഹമ്മദാബാദ് നഗരത്തിന്റെ ഒറ്റമദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന തൽതേജിലെ സിംഫണി ഫോറസ്റ്റ് പാർക്കിലാണ് ഏകശിലാരൂപം ദർശിക്കാനായത്. മൂന്ന് വശങ്ങളിൽ തീർത്ത ഈ സ്തൂപത്തിൽ ഒരു വശത്തായി അക്കങ്ങളിൽ ചില കുറിപ്പുകളും ഒറ്റനോട്ടത്തിൽ കാണാനാവും, തിളക്കമുള്ള ഷീറ്റുകളാൽ നിർമ്മിച്ച സ്തൂപത്തിൽ പ്രകൃതി സംരക്ഷണത്തെക്കുറിച്ചും, വന്യജീവികളുടെ വിവരങ്ങളെ കുറിച്ചുമാണ് എഴുതിയിരിക്കുന്നത്.

എന്നാൽ ലോകമെമ്പാടും ദുരൂഹത സൃഷ്ടിച്ച് പ്രത്യക്ഷപ്പെട്ട സ്തൂപങ്ങളിൽ നിന്നും വ്യത്യസ്തമായി പാർക്കിന്റെ നവീകരണ സംരക്ഷണ ചുമതലയുള്ള സ്വകാര്യ കമ്പനിയാണ് ഇതിവിടെ സ്ഥാപിച്ചത്. ഈ മാസം ആദ്യമാണ് പാർക്ക് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തത്. മുഖ്യമന്ത്രി വിജയ് രൂപാനിയാണ് നവീകരിച്ച പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചത്. അഞ്ച് വർഷത്തേയ്ക്കാണ് പാർക്കിന്റെ മേൽനോട്ട ചുമതല സ്വകാര്യ കമ്പനിക്ക് നൽകിയിട്ടുള്ളത്. അതേസമയം ഇവിടെ സ്ഥാപിച്ചിട്ടുള്ള സ്തൂപം നിർമ്മിച്ച വ്യക്തി ഇപ്പോഴും അജ്ഞാതയായി തുടരുവാനാണ് ആഗ്രഹിക്കുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുൻപാണ് ഏകശിലാ രൂപങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രത്യക്ഷപ്പെടാൻ ആരംഭിച്ചത്. അമേരിക്കിയിലെ യൂട്ടയിലെ വിദൂര മലയിടുക്കിലാണ് കണ്ടെത്തിയത്. പിന്നാലെ റൊമാനിയ, ഫ്രാൻസ്, പോളണ്ട്, ബ്രിട്ടൻ, കൊളംബിയ എന്നിവയുൾപ്പെടെ മുപ്പതോളം രാജ്യങ്ങളിൽ സമാനമായ ശില്പങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ സ്തൂപത്തെക്കുറിച്ച് നിരവധി കഥകളും പ്രത്യക്ഷപ്പെടാൻ തുടങ്ങി.