dry-run

ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ വിതരണത്തിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈ റൺ നടത്താൻ കേന്ദ്രസർക്കാർ തീരുമാനം. ജനുവരി രണ്ട് മുതൽ തുടങ്ങാനാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം. സംസ്ഥാനങ്ങളുമായി ഉന്നതലയോഗം ചേർന്ന ശേഷമാണ് കേന്ദ്ര തീരുമാനം.

83 കോടി സിറിഞ്ചുകൾ വാങ്ങാൻ കേന്ദ്രം ഓർഡർ നൽകി. എല്ലാ സംസ്ഥാനങ്ങളും വാക്‌സിൻ വിതരണത്തിന് തയ്യാറെടുക്കണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. കൊവിഡ് വാക്‌സിൻ പൊതുജനങ്ങൾക്ക് നൽകുന്നതിനുളള പ്രവർത്തനങ്ങൾ എല്ലാം തന്നെ വാക്‌സിനില്ലാതെ നടത്തുന്ന മോക്‌ ഡ്രിൽ ആണ് ഡ്രൈ റൺ. വാക്‌സിൻ വിതരണത്തിനുളള മാർഗരേഖകൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഡ്രൈറൺ നടത്തുന്നത്.

വാക്‌സിൻ ശേഖരണം, ശീതീകരണ സംവിധാനം, വിതരണത്തിനുളള ക്രമീകരണങ്ങൾ, ആൾക്കൂട്ടം നിയന്ത്രിക്കാനുളള സംവിധാനങ്ങൾ എന്നിവയുടെ കൃത്യത ഡ്രൈറണിൽ പരിശോധിക്കും. യഥാർത്ഥ വാക്‌സീൻ കുത്തിവയ്‌പ് ഒഴികെയുള്ള എല്ലാ നടപടിക്രമങ്ങളും ഡ്രൈറണിൽ ഉണ്ടാകും. ബ്ലോക്ക്, ജില്ലാ തലത്തിലുളള ഒരുക്കങ്ങൾ മോക് ഡ്രില്ലിൽ വിലയിരുത്തപ്പെടും.