
2020 കടന്ന് പോകുമ്പോൾ ശ്രദ്ധേയമായ നിരവധി മുഹൂർത്തങ്ങൾ അടയാളപ്പെടുത്തിയ കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമ്മദാസ് പകർത്തിയ വാർത്താചിത്രങ്ങൾ

സുരക്ഷിതം ഈ അങ്കനവാടി... സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് നിയന്ത്രിത സ്‌ഫോടനത്തിലൂടെ മരടിലെ ഗോൾഡൻ കായലോരം ഫ്ളാറ്റ് പൊളിഞ്ഞുതുടങ്ങിയപ്പോൾ അതിനോട് ചേർന്നിരിക്കുന്ന അങ്കണവാടി ഒരുപോറൽ പോലും ഏൽക്കാതെ. ഈ അങ്കനവാടി സുരക്ഷിതമാക്കി ഫ്ളാറ്റ് പൊളിക്കുക എന്നതായിരുന്നു വെല്ലുവിളി

ക്യാമറ കണ്ണിലൂടെ കണ്ണൊന്നു നനഞ്ഞു...കൊറോണയുടെ പശ്ചാത്തലത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗണായതിനാൽ സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വാങ്ങി സന്തോഷത്തോടെ വീട്ടിലേക്ക് നടന്ന് നീങ്ങുന്നതിനിടയിലാണ് കണ്ണ് നനയുന്ന ആ കാഴ്ച. പെട്ടെന്ന് സഞ്ചി പൊട്ടി അരി റോഡിൽ വീണു. ഗാന്ധി നഗറിലെ റേഷൻ കടയിൽ നിന്ന് സാധനം വാങ്ങി മടങ്ങുകയായിരുന്നു സുനിതയും ഷാജിയും. നാല് വർഷങ്ങൾക്ക് മുമ്പ് ജോലിക്ക് പോകുന്നതിനിടയിൽ മെമു ട്രെയിൻ തട്ടി ഇടത് കൈ നഷ്ടപ്പെട്ട് ജോലിക്കൊന്നും പോകാൻ കഴിയാത്ത അവസ്ഥയിലാണ് ഷാജി. സുനിത ക്ലീനിംഗ് ജോലികൾക്ക് പോയാണ് കുടുംബം കഴിയുന്നത്. എറണാകുളം ഗാന്ധി നഗറിൽ നിന്നുള്ള കാഴ്ച

വിശപ്പിന്റെ പാഠങ്ങൾ...കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ സൗജന്യ ഉച്ച ഭക്ഷണത്തിനായി നേരത്തെ എത്തി അകലം പാലിച്ച് ചെരുപ്പുകൾ വച്ച് സ്ഥാനം ഉറപ്പിച്ച കാഴ്ച. ചെരുപ്പ് വച്ച് സ്ഥാനം ഉറപ്പിച്ച ശേഷം ശക്തമായ വെയ്ലിൽ നിന്ന് മാറി തണലത്ത് വിശ്രമിക്കും ആഹാരം എത്തുമ്പോൾ ഓടിയെത്തി ചെരുപ്പിട്ട് നിൽക്കും വിശപ്പിന്റെ വിലയറിയുന്നതാണീ കാഴ്ച.എറണാകുളം കോൺവെന്റ് റോഡിലെ കനിവിന് മുന്നിൽ നിന്നുള്ള കാഴ്ച

കരുതലാണ് ഈ കുരുന്നുകൾക്കും... കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ അന്യസംസ്ഥാനക്കാർ താമസിക്കുന്ന എറണാകുളം തേവരയിൽ പൊലീസ് വാഹനത്തിൽ കൊണ്ടുവന്ന് ഉച്ച ഭക്ഷണം വിതരണം ചെയ്യുന്നത് വാങ്ങാനായി ആധാർ കാർഡുകളുമായെത്തിയ കുട്ടികൾ. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന അന്യസംസ്ഥാനക്കാർക്കും കുടുംബങ്ങൾക്കുമാണ് ഭക്ഷണം നൽകുന്നത്

തലയിൽ പാലം, തറയിൽ പഠനം...
അന്യസംസ്ഥാനത്തു നിന്നെത്തിയവരാണ്. മഹാനഗരത്തിലെ ഗോശ്രീ പാലത്തിനടിയിൽ അന്തിയുറക്കം. കുട്ടവഞ്ചിയിൽ മീൻപിടിച്ച് വില്പന നടത്തി ജീവിതം. തെരുവുവിളക്കാണ് വെളിച്ചം. ഓൺലൈൻ ക്ലാസും ലാപ് ടോപ്പും കേട്ടിട്ടു പോലുമില്ല. ഇന്നലെ അവിടത്തെ കുഞ്ഞുങ്ങളെ തേടി എറണാകുളം സെൻ ജോൺസ് ബോസ്‌കോ യു.പി. സ്‌കൂളിലെ പ്രധാനഅദ്ധ്യാപിക എലിസബത്ത് ഫെർണാണ്ടസ് എത്തി. കൂടെ അദ്ധ്യാപകരായ നീമാ തോമസും ഷാമിയ ബേബിയും. എലിസബത്ത് ടീച്ചറുടെ വീട്ടിലെ ലാപ് ടോപ്പും അനുബന്ധന ഉപകരണങ്ങളുമായി ആ മൺതറയിലേക്ക് എത്തുകയായിരുന്നു. ഈ കുരുന്നുകളും അവരുടെ സ്‌കൂളിലെ കുട്ടികളാണ്. സാനിറ്റൈസറും മാസ്‌ക്കും നൽകിയശേഷം വാത്സല്യത്തോടെ പാഠങ്ങൾ ഓൺലൈനിൽ കാട്ടി പറഞ്ഞു കൊടുത്തു.

അമ്മമനം...കൊവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന പെരുമ്പാവൂർ സ്വദേശിയായ എൽദോസും ഭാര്യ ഷീനയും രോഗം ഭേദമായി തിരിച്ചെത്തി ആറുമാസം പ്രായമായ മകൻ എൽവിനെ മുപ്പത് ദിവസം നോക്കിയ പോറ്റമ്മ ഡോ. മേരി അനിതയിൽ നിന്ന് ഏറ്റുവാങ്ങി ലാളിക്കുന്നു. എൽവിനെ കൈമാറിയപ്പോൾ സങ്കടം താങ്ങാനാതാതെ കരയുന്ന പോറ്റമ്മ മേരി അനിത

കേരളത്തിൻ കരുതലിൽ....സ്വന്തം നാടായ മഹാരാഷ്ട്രയിലേക്ക് തിരിച്ച് പോകാൻ കഴിയാതെ ലോക്ക് ഡൗണിൽ എറണാകുളത്ത് പെട്ടുപോയ മയൂറിന് വിഷമം ഉണ്ടെങ്കിലും മലയാളികളുടെ സ്‌നേഹം പറയുമ്പോൾ കണ്ണൊന്ന് നനയും. കാരണം വേറൊന്നുമല്ല ലോക്ക് ഡൗൺ തുടങ്ങി എല്ലാ ദിവസവും മൂന്ന് നേരം വാഹനത്തിൽ ഭക്ഷണം എത്തിച്ച് തരുന്നതാണ് ഏക ആശ്രയം. ഭക്ഷണം എത്തിക്കുന്നത് ആരാണന്ന് പോലും അറിയില്ല മയൂറിന്. സൗത്ത് റെയിൽവേ സ്റ്റേഷനിലെ സ്റ്റെയറിലാണ് താമസം. അച്ഛനും അമ്മയും മുന്ന് സഹോദരങ്ങളുമുള്ള വീട്ടിലെ പ്രധാന വരുമാനം താനായിരുന്നു റെയിവേ സ്റ്റേഷനിൽ ചായയും സമൂസയും വില്പനയായിരുന്നു ജോലി. നാല് വർഷങ്ങൾക്ക് മുന്നെ ഗോവയിലെ റെയിവേ സ്റ്റേഷനിൽ വച്ച് ജോലിക്കിടയിൽ പാളം മുറിച്ച് കടക്കുമ്പോൾ ട്രെയിൻ തട്ടി ഇടത് കാൽ നഷ്ടപ്പെട്ടു. ചികിത്സയ്ക്ക് ശേഷം പഴയ ജോലി ചെയ്യാൻ കഴിയാതായി ആ വിഷമം ഉണ്ടെങ്കിലും വരുമാനത്തിനായി ഇപ്പോൾ ഭിക്ഷയാചിക്കുന്നു എന്ന് മയൂർ പറയുന്നു. ട്രെയിൻ സർവീസ് പുനരാരംഭിച്ച് കഴിഞ്ഞാൽ നാട്ടിലേക്ക് മടങ്ങാമെന്ന പ്രതീക്ഷയിലാണിപ്പോൾ

കുപ്പിയുണ്ട് ക്യൂ ആണ് പാട്... കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ ഇളവുകളോടെ തുറന്ന കള്ള് ഷാപ്പിൽ കുപ്പികളുമായെത്തി ക്യൂ നിൽക്കുന്നവരുടെ നീണ്ടനിര. പാലക്കാട് നിന്ന് ഒന്നിടവിട്ട ദിവസങ്ങളിലാണ് ഇവിടെ കള്ള് എത്തുന്നത്. അത് മൂലം മണിക്കൂറുകൾക്ക് മുന്നേ എത്തി കാത്തുനിൽക്കുകയാണ് ആവശ്യക്കാർ. എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച

കാരുണ്യത്തിന് പാദവന്ദനം ... ചക്രവണ്ടിയിൽ മാർക്കറ്റിലേക്ക് കസ്റ്റംസ് ഓഫീസിന് മുന്നിലെ റോഡിലൂടെ നിരങ്ങി നീങ്ങി എത്തിയപ്പോൾ റോഡിന് കുറുകേ പൊലീസ് ബാരിക്കേഡ് വച്ച് അടച്ചിരിക്കുന്നു. മറുവശത്തേക്ക് എങ്ങനെ പോകുമെന്ന് വിഷമിച്ച ശാരദയെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ എടുത്ത് ബാരിക്കേഡിന് മറുന്നശത്തെത്തിച്ച് റോഡിൽ ഇരുത്തിയപ്പോൾ കൈകൂപ്പി എസ്.ഐ. എം. പ്രദീപിന്റെ കാൽതൊട്ട് വന്ദിക്കുന്ന ശാരദ. സിവിൽ പൊലീസ് ഓഫീസർ ദീപു സമീപം. മന്ത്രി കെ.ടി. ജലീൽ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരാകാനെത്തുന്നതുമായി ബന്ധപ്പെട്ട് പൊലീസ് റോഡുകൾ ബാരിക്കേഡ് വച്ച് അടച്ചിരുന്നു