covid-vaccine-

കൊവിഡ് മഹാമാരിയുടെ കെടുതികളിൽ ഇന്ന് പുതുവർഷം പുലരുമ്പോൾ ഇന്ത്യയുടെ പ്രതീക്ഷ വാക്സിനുകളിലാണ്. 2021 ലോക രാജ്യങ്ങൾക്കൊപ്പം ഇന്ത്യയ്‌ക്കും വാക്സിനേഷന്റെ വർഷമായിരിക്കും. ജനസംഖ്യാബാഹുല്യം കാരണം ഇന്ത്യയിൽ ഇത് സങ്കീർണമായ ഒരു യജ്ഞമായിരിക്കും. നൂറ്റിമുപ്പത് കോടി ജനങ്ങൾക്ക് രണ്ട് ഡോസ് വീതം കുത്തിവയ്‌ക്കണം. ലോകത്തെ ഏറ്റവും ബൃഹത്തായ വാക്സിനേഷൻ പ്രോഗ്രാമാവും ഇന്ത്യയിലേത്. കുഞ്ഞുങ്ങൾക്ക് സാർവത്രിക ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം വിജയകരമായി നടപ്പാക്കുന്ന ഇന്ത്യയ്‌ക്ക് അടിസ്ഥാന സൗകര്യങ്ങളുടെ ആ ശൃംഖല കൊവിഡ് വാക്സിനേഷനും ഉപയോഗിക്കാം. എന്നാൽ കൊവിഡ് വാക്സിനേഷനിൽ കുട്ടികളും മുതിർന്നവരും ഗർഭിണികളും മറ്റ് രോഗികളും ഒക്കെ ഉൾപ്പെടുന്നതിനാൽ പ്രക്രിയ വളരെ സങ്കീർണമായിരിക്കും. ഒരു വർഷത്തിലേറെ വേണ്ടിവരും വാക്സിനേഷൻ പൂർത്തിയാക്കാൻ. 2021 ജൂലായ് വരെയുള്ള ആദ്യ ഘട്ടത്തിൽ മുൻഗണനാ വിഭാഗങ്ങളിലുള്ള 30 കോടി പേർക്കാണ് വാക്സിൻ കുത്തിവയ്‌ക്കുന്നത്. പിന്നെയും നൂറ് കോടിയിൽ പരം ആളുകളുണ്ട്. 2022ലേക്കും വാക്സിനേഷൻ പ്രക്രിയ നീളാനാണ് സാദ്ധ്യത. ബ്രിട്ടനിലെ മൊത്തം ജനസംഖ്യ ഏഴ് കോടിയിൽ താഴെയാണെന്ന് ഓർക്കുമ്പോഴാണ് ഇന്ത്യയിലെ വാക്സിനേഷന്റെ സങ്കീർണത ബോദ്ധ്യമാവുന്നത്. ജനുവരിയിൽ തന്നെ വാക്സിനേഷൻ തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. വാക്സിനേഷൻ തുടങ്ങിയാലും രാജ്യത്താകെ അത് പൂർത്തിയാകുന്നതുവരെ മുൻകരുതലുകൾ തുടരേണ്ടിവരും. ബ്രിട്ടനിലെ ഓക്സ്‌ഫോ‌‌ർഡ് യൂണിവേഴ്‌സിറ്റിയും ഫാർമസ്യൂട്ടിക്കൽസ് കമ്പനിയായ അസ്ട്രാ സെനകയും സംയുക്തമായി വികസിപ്പിച്ച കൊവി ഷീൽഡ് വാക്സിൻ ആയിരിക്കും ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കാൻ പോകുന്നത്. ബുധനാഴ്‌ച ബ്രിട്ടൻ ഈ വാക്സിന് അനുമതി നൽകിയ പശ്ചാത്തലത്തിൽ ഇന്ത്യാഗവൺമെന്റിന്റെയും അനുമതി ദിവസങ്ങൾക്കുള്ളിൽ ഉണ്ടാവും. കൊവി ഷീൽഡ് ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന പൂനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് വാക്സിന് അനുമതി തേടിയിരിക്കയാണ്. വിദഗ്ദ്ധ സമിതി ഇന്ന് യോഗം ചേരുകയാണ്. ഈ സമിതിയാണ് വാക്സിന് അനുമതി നൽകാൻ ഡ്രഗ് കൺട്രോളർ ജനറലിന് ശുപാർശ നൽകേണ്ടത്.

അഞ്ച് കോടി ഡോസ് വാക്സിൻ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ച് സംഭരിച്ചുകഴിഞ്ഞു. അനുമതി കിട്ടിയാലുടൻ വാക്സിൻ വിവിധ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാൻ തുടങ്ങും. ജനുവരിയിൽ തന്നെ വാക്സിനേഷൻ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ട് മുതൽ എട്ട് വരെ ഡിഗ്രി സെൽഷ്യസ് താപനിലയിൽ സൂക്ഷിക്കാം എന്നതാണ് കൊവി ഷീൽഡിന്റെ ഏറ്റവും വലിയ സൗകര്യം. ഇത് സംഭരിക്കാനും രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തിക്കാനും എളുപ്പമായിരിക്കും.

ഫൈസർ വാക്സിൽ സൂക്ഷിക്കാൻ മൈനസ് 70 ഡിഗ്രിയും​ മോഡേണ വാക്സിൻ സൂക്ഷിക്കാൻ മൈനസ് 20 ഡിഗ്രിയും തണുപ്പ് വേണം. രണ്ടിനും വിലയും കൂടുതലാണ്. കൊവിഷീൽഡ് ഒരു ഡോസിന് പരമാവധി നാല് ഡോളറായി വില കുറയുമെന്ന് റിപ്പോർട്ടുണ്ട്. ജനങ്ങൾക്ക് സൗജന്യമായി നൽകാനാണെങ്കിൽ പോലും ഗവൺമെന്റിന് ഭാരിച്ച സാമ്പത്തികബാദ്ധ്യത ഉണ്ടാവില്ല. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ,​ സൈഡസ് കാഡിലയുടെ സൈക്കോവ് - ഡി എന്നിവയാണ് ഇന്ത്യയിൽ വികസിപ്പിക്കുന്ന രണ്ട് പ്രധാന വാക്സിനുകൾ.