
ശ്രീനഗർ: ശ്രീനഗറിൽ മൂന്ന് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചെന്ന് സുരക്ഷാസേന അറിയിച്ചതിന് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി കൊല്ലപ്പെട്ടവരുടെ കുടുംബം.
നിരപരാധികളായ ചെറുപ്പക്കാരാണ് മരിച്ചതെന്നും, അവരിലൊരാൾ പൊലീസുകാരന്റെ മകനും മറ്റൊരാൾ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നുവെന്നും കുടുംബങ്ങൾ പറയുന്നു.
ബുധനാഴ്ച രാത്രി ശ്രീനഗറിന് സമീപം നടന്ന ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ പൊലീസും സൈന്യവും ചേർന്ന് വധിച്ചെന്ന് പൊലീസ് അറിയിച്ചിരുന്നു. ഭീകരർ സുരക്ഷാസേനയ്ക്ക് നേരെ ഗ്രനേഡ് എറിഞ്ഞുവെന്നും പൊലീസ് പറഞ്ഞു. പുൽവാമ സ്വദേശികളായ അജാസ് മഖബൂൽ ഗാനി, ആതർ മുഷ്താഖ്, ഷോപിയാൻ സ്വദേശിയായ സുബൈർ ലോൺ എന്നിവരാണ് കൊല്ലപ്പെട്ടത്.
എന്നാൽ കൊല്ലപ്പെട്ട അജാസ് ഗൺദേർബാലിലെ ഒരു പൊലീസ് ഹെഡ്കോൺസ്റ്റബിളിന്റെ മകനാണെന്ന് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ബാക്കി രണ്ടുപേർ ശ്രീനഗറിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേരുന്നതിനെത്തിയതാണെന്നാണ് വിവരം.
അതേസമയം കുടുംബങ്ങളുടെ ആരോപണങ്ങൾ പൊലീസ് നിഷേധിച്ചു. കൊല്ലപ്പെട്ടവരിലൊരാൾ പരേതനായ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ റയീസ് കർച്ചുവിന്റെ അടുത്ത ബന്ധുവാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം വേണമെന്ന് നാഷണൽ കോൺഫറൻസും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും ആവശ്യപ്പെട്ടു.