
വാഷിംഗ്ഡൺ: സാമുവൽ ലിറ്റിൽ, ഏറ്റവും ക്രൂരനായ പരമ്പര കൊലയാളി.. നാല് പതിറ്റാണ്ടിനിടയിൽ നടത്തിയ സ്വയം ഏറ്റുപറഞ്ഞ കുറ്റങ്ങൾ 93കൊലപാതകങ്ങൾ.. ഇതിൽ പൊലീസിന് തെളിയിക്കാൻ കഴിഞ്ഞത് 60 എണ്ണം മാത്രം.. രാജ്യത്തെ വിറപ്പിച്ച ഈ സീരിയൽ കില്ലർ കാലിഫോർണിയയിലെ ജയിലിൽ മരിച്ചു. മരണകാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും അസ്വഭാവികതയില്ലെന്ന് കാലിഫോർണിയ ഡിപ്പാർട്ട്‌മെന്റ് ഒഫ് കറക്ഷൻസ് ആൻഡ് റിഹാബിലിറ്റേഷൻ അറിയിച്ചു. കാലിഫോർണിയ ജയിലിൽ ജീവപര്യന്തത്തടവിലായിരുന്നു ഇയാൾ..
സാരിയൽ കില്ലറെന്നും സീരിയൽ റേപ്പിസ്റ്റെന്നും വിളിക്കപ്പെട്ട സാമുവൽ ലിറ്റിലിൻ(80) സ്വയം വെളിപ്പെടുത്തിയതാണ് ഇനിയും തെളിയിക്കാൻ പറ്റാത്ത ഇത്രയും കുറ്റകൃത്യങ്ങൾ. ഇതിൽ ഇപ്പോഴും അന്വേഷണവും ചോദ്യം ചെയ്യലും തുടരുകയാണ്. സാമുവൽ ഏറ്റുപറഞ്ഞ കൊലപാതകങ്ങളിൽ ഇരയാക്കപ്പെട്ടവർക്കായി പൊലീസ് ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ഇതിനിടെയാണ് മരണം.
ലൈംഗീക തൊഴിലാളികൾ, മയക്കുമരുന്നിന് അടിമകൾ, സമൂഹത്തിൽ താഴെത്തട്ടിൽ ഉള്ളവർ തുടങ്ങിയ സ്ത്രീകളായിരുന്നു സാമുവലിന്റെ ഇരകൾ. ഇതുവരെ കണ്ടെത്തിയവരെല്ലാം തന്നെ കറുത്തവർഗ്ഗക്കാരും.
2012 ലാണ് സാമുവൽ ആദ്യമായി പൊലീസ് പിടിയിലാകുന്നത്. ഡി.എൻ.എ. തെളിവുകളുടെ അടിസ്ഥാനത്തിൽ മൂന്ന് കൊലപാതകങ്ങൾ ചെയ്തെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ്. പിന്നീട് 2018 ൽ തന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞു. തൊളിവുകളില്ലാതെ വെറും അപകടമരണങ്ങളായി കണക്കാക്കിയ പല കേസിനും സാമുവലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് തെളിവുകൾ കണ്ടെത്തി. രാജ്യത്തെ 19 സംസ്ഥാനങ്ങളിലായി സാമുവൽ തന്റെ ഇരകളെത്തേടിയെത്തിയിരുന്നു. ഒരുപക്ഷേ സാമുവൽ കുറ്റസമ്മതം നടത്തിയിരുന്നില്ലെങ്കിൽ ഇപ്പോഴും പല കേസുകൾക്കും തെളിവില്ലാതെ അവശേഷിക്കുമായിരുന്നു. അതി ബുദ്ധിമാനായ സോഷ്യോപാത്തായാണ് പൊലീസുകാരനായ ഹോളണ്ട് ഇയാളെ വിശേഷിപ്പിച്ചത്. എന്നാൽ ചില കേസുകളിൽ സാമുവൽ കുറ്റ സമ്മതം നടത്തിയിട്ടും പൊലീസിന് അത് തെളിയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇയാൾ തന്റെ കുറ്റസമ്മതം നടത്തിയത് ഹോളണ്ടിനോട് തന്നെയാണ്. എന്നാൽ കൊലപാതകങ്ങൾ നടത്തിയതിന്റെ വിശദീകരണം സാമുവൽ ഒരിക്കൽ പോലും നൽകിയിട്ടില്ല.
ഒരു മുന്തിരിവള്ളിയിൽ നിന്ന് ഒരു മന്ത്രിരി മാത്രമല്ല കിട്ടുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും ഞാൻ ഒരേ നഗരത്തിൽ വീണ്ടും ഇരകളെത്തേടി പോകുമായിരുന്നു. സീരിയൽകില്ലർ സാമുവലിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.