
ന്യൂഡൽഹി : ഇന്ത്യ തങ്ങൾക്കെതിരെ മറ്റൊരു സർജിക്കൽ സ്‌ട്രൈക്കിന് ഒരുങ്ങുന്നു എന്ന വിലാപമാണ് കുറച്ചു നാളായി പാക് മാദ്ധ്യമങ്ങൾക്കും, ഇമ്രാൻ ഖാന്റെ സർക്കാരിലെ ചില മന്ത്രിമാർക്കും. ഇന്ത്യൻ സർക്കാരിന് എതിരെയുള്ള ജനരോഷത്തിൽ നിന്നും ശ്രദ്ധതിരിക്കുവാനാണ് സർജിക്കൽ സ്‌ട്രൈക്കിലൂടെ മോദി സർക്കാർ ശ്രമിക്കുന്നതെന്നാണ് പാക് മാദ്ധ്യമങ്ങളുടെ പക്ഷം. എന്നാൽ മോദി സർക്കാരിന്റെ കാലത്ത് ഇന്ത്യ രണ്ട് തവണ പാക് മണ്ണിൽ കയറി സർജിക്കൽ സ്‌ട്രൈക്ക് നടത്തിയതും പാക് ഭീകരൻമാരെ ശിക്ഷിക്കുവാൻ വേണ്ടിയായിരുന്നു. ഇന്ത്യൻ മണ്ണിലെത്തി ഒളിയാക്രമണം നടത്തിയാൽ ഒളിച്ചിരിക്കുന്നിടത്ത് സൈന്യത്തെ ഇറക്കി അടിക്കാൻ കെൽപ്പുണ്ടെന്ന് പാകിസ്ഥാനെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു സർജിക്കൽ സ്‌ട്രൈക്കിലൂടെ ഇന്ത്യ തെളിയിച്ചത്. ലോകത്തിലെ ഒരു ശക്തിയും ഇന്ത്യയുടെ മിന്നലാക്രമണത്തെ വിമർശിച്ചു കൊണ്ട് രംഗത്ത് വരാഞ്ഞതും ശരി ഇന്ത്യയുടെ പക്ഷത്തായതിനാലാണെന്നതും വാസ്തവമാണ്.
ഇനിയൊരു സർജിക്കൽ സ്‌ട്രൈക്ക് ഉണ്ടാവുമോ ?
പാകിസ്ഥാൻ ഭയപ്പെടുന്നത് പോലൊരു സർജിക്കൽ സ്‌ട്രൈക്ക് ഇനിയുണ്ടാവുമോ ? ഈ ചോദ്യത്തിന് ഇല്ല എന്ന ഉത്തരം പെട്ടെന്ന് നൽകുവാൻ കഴിയില്ല. കാരണം കഴിഞ്ഞ ദിവസം ഇന്ത്യൻ പ്രതിരോധ മന്ത്രി നടത്തിയ പ്രസ്താവനയിൽ ചില സൂചനകൾ ഒളിഞ്ഞുകിടപ്പുണ്ട്. ആവശ്യമെങ്കിൽ അതിർത്തിക്കപ്പുറത്ത് തീവ്രവാദ ലക്ഷ്യങ്ങൾ കണ്ടെത്തി തകർക്കാനുള്ള കഴിവ് ഇന്ത്യയ്ക്കുണ്ടെന്നാണ് അദ്ദേഹം പാകിസ്ഥാന്റെ പേരെടുത്ത് പറയാതെ പറഞ്ഞത്. ഈ വർഷം മുൻവർഷങ്ങളെ അപേക്ഷിച്ച് പാകിസ്ഥാൻ നിരവധി തവണയാണ് അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ചത്. നിരവധി സാധാരണക്കാരായ പൗരൻമാരുടേയും സൈനികരുടെയും മൃത്യുവിന് പാക് കാടത്തം കാരണമായി. 2020 ൽ മാത്രം 3000ത്തിലേറെ വെടിനിർത്തൽ നിയമലംഘനങ്ങൾ പാകിസ്ഥാന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടുണ്ട്. പാക് വെടിനിർത്തൽ കരാർ ലംഘിച്ച സമയത്തെല്ലാം ഇരട്ടി തിരികെ നൽകി പ്രതിരോധിച്ചെങ്കിലും ഇത്തരം പ്രശ്നങ്ങൾ എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കുവാൻ ഇന്ത്യൻ ഭാഗത്ത് നിന്നും ശക്തമായ ഒരു മറുപടി പാകിസ്ഥാന് പ്രതീക്ഷിക്കാവുന്നതാണ്. പുൽവാമ ആക്രമണത്തിന് ശേഷവും നിരവധി തവണ ഇന്ത്യൻ മണ്ണിൽ രക്തമൊഴുക്കാൻ പാകിസ്ഥാനിൽ നിന്നും തീവ്രവാദികൾ എത്തിയിരുന്നു. എന്നാൽ ഒരിക്കൽ പോലും ദൗത്യം പൂർത്തീകരിക്കാനാവാതെ ഇന്ത്യൻ സൈന്യത്തിന്റെ തോക്കിനിരയാവുകയായിരുന്നു അവർ.
ഇനിയൊരു സർജിക്കൽ സ്‌ട്രൈക്ക് ഇന്ത്യ നടത്തിയാൽ അതിൽ നിർണായകമായ പങ്ക് വഹിക്കുക ഇന്ത്യൻ ആർമിയോ വ്യോമസേനയോ ആയിരിക്കില്ല, പകരം അടുത്ത ഊഴം നേവിക്കായിരിക്കും ലഭിക്കുക. അതിന് ചില കാരണങ്ങളുണ്ട്. വിജയകരമായ രണ്ട് സർജിക്കൽ സ്‌ട്രൈക്കുകളാണ് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇന്ത്യ പാകിസ്ഥാനിൽ നടത്തിയിട്ടുള്ളത്.
2016 ൽ സെപ്തംബർ 18 ന് കാശ്മീരിലെ ഉറിയിലെ ഇന്ത്യൻ സൈനിക താവളത്തിൽ പാക് ഭീകരർ നുഴഞ്ഞ് കയറി നടത്തിയ ആക്രമണത്തിന് മറുപടിയായിട്ടാണ് ഇന്ത്യൻ ആർമിയിലെ പാരാകമാൻഡോകൾ അതിർത്തി കടന്നത്. മൂന്ന് വർഷങ്ങൾക്കിപ്പുറം പുൽവാമയിൽ ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിന് മറുപടി നൽകാൻ ഇന്ത്യൻ സർക്കാർ വ്യോമസേനയെ ആണ് ചുമതലപ്പെടുത്തിയത്. 2019 ഫെബ്രുവരി 26 അതിരാവിലെയാണ് ഇന്ത്യൻ യുദ്ധവിമാനങ്ങൾ അതിർത്തി കടന്ന് ബലാകോട്ടിലെ പ്രധാന ഭീകര പരിശീലന ക്യാമ്പുകളിൽ ബോംബ് വർഷിച്ചത്.
പുൽവാമ ആക്രമണത്തിന് മറുപടിയായി പാകിസ്ഥാന് കടുത്ത പ്രഹരം നൽകാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കാൻ ഡൽഹിയിൽ നിന്നും സേനയിൽ മൂന്ന് വിഭാഗങ്ങളോടും ആവശ്യപ്പെട്ടിരുന്നു. ഇതിൽ നേവി നൽകിയ പ്ലാൻ പ്രഹരശേഷി കൂടുതൽ ഉള്ളതിനാലാണ് മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച രഹസ്യാത്മകമായ റിപ്പോർട്ട് അക്കാലത്ത് ഒരു ദേശീയ മാദ്ധ്യമത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.
എന്നാൽ അതിർത്തിയിൽ പാക് സൈന്യത്തിന്റെ പ്രകോപനം അതിരു വിട്ടാൽ അതിൽ ഇന്ത്യയ്ക്ക് മാപ്പുനൽകാനാവാത്ത വിധം മുറിവേറ്റാൽ തീർച്ചയായും അടുത്ത സർജിക്കൽ സ്‌ട്രൈക്കിനുള്ള അർഹത നേടുക ഇന്ത്യൻ നേവിയായിരിക്കുന്നു. ഇന്ത്യൻ നേവിയുടെ മിഗ് 29 വിമാനങ്ങൾ ലഡാക്കിലെ സംഘർഷം കണക്കിലെടുത്ത് കൂടുതൽ അടുത്തേയ്ക്ക് മാറ്റിയതും. കടലിൽ നിരീക്ഷണത്തിന് ഉപയോഗിക്കുന്ന പി9 വിമാനങ്ങൾ ലഡാക്കിലുൾപ്പടെ ചൈനയുടെ നീക്കങ്ങളറിയാൻ നിയോഗിച്ചതും മാറിയ യുദ്ധമുഖങ്ങളിൽ ഇന്ത്യൻ നേവിയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നതാണ്.