kazhakkootam
kazhakkuttom

തിരുവനന്തപുരം: കഴക്കൂട്ടത്ത് അയൽവാസികൾ വീട് പൊളിച്ചുമാ‌റ്റി വീട്ടമ്മയെയും മക്കളെയും ഇറക്കിവിട്ട സംഭവത്തിൽ സഹായവുമായി പ്രവാസി വ്യവസായി. പുറംപോക്ക് സ്ഥലത്ത് നിർമ്മിച്ച വീട് തകർത്ത വാർത്തയറിഞ്ഞ പ്രവാസി വ്യവസായി ആമ്പല്ലൂർ എം.ഐ ഷാനവാസാണ് ഇവർക്ക് വീട് വച്ച് നൽകാൻ തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത്. വീട് തയ്യാറാകുന്നതുവരെ ഇവരുടെ വാടകചിലവ് നൽകും.

ഡിസംബർ 17ന് നടന്ന സംഭവം ഇന്നാണ് പുറംലോകമറിയുന്നത്. കഴക്കൂട്ടം സൈനിക് നഗറിലാണ് വീട്ടമ്മയായ സുറുമിയും അവരുടെ പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളും പുറമ്പോക്കിൽ ഷെഡ് കെട്ടി താമസിച്ചിരുന്നത്. ഇവിടെ ആയുധങ്ങളുമായെത്തിയ അയൽക്കാർ ഇവരെ വീട്ടിൽ നിന്നും പുറത്താക്കി വീട് പൊളിച്ചുകളയുകയായിരുന്നു.

പൊലീസിൽ പരാതി നൽകിയെങ്കിലും അവർ പരാതി കാര്യമായെടുത്തില്ലെന്ന് സുറുമി പറയുന്നു.തന്റെ കുട്ടികളുടെ ദേഹത്ത് കയറി പിടിച്ചെന്നും തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും മനസാക്ഷിയില്ലാതെ ഇങ്ങനെ പ്രവർത്തിച്ചവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് സുറുമി വീണ്ടും പൊലീസിനെ സമീപിക്കാനൊരുങ്ങുകയാണ്. സംഭവത്തെ കുറിച്ച് ഇതിനകം മനുഷ്യാവകാശ കമ്മീഷനിലും ബാലാവകാശ കമ്മീഷനിലും പരാതി നൽകിയെന്ന് സുറുമി പറഞ്ഞു. വീട്ടമ്മയിൽ നിന്ന് യാതൊരു പ്രകോപനവുമില്ലാതെയിരിക്കെയാണ് അയൽക്കാർ ആയുധങ്ങളുമായെത്തി വീട് പൊളിച്ചുനീക്കിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്.