2021

അപ്രതീക്ഷിത മഹാമാരിയുടെ ആഘാതത്തിൽനിന്ന് ഇതുവരെ പൂർണമായി കരകയറിയില്ലെങ്കിലും പുതുവർഷത്തെ പ്രതീക്ഷകളുമായി വരവേൽക്കുകയാണ് കായിക ലോകം. കൊവിഡിനെത്തുടർന്ന് കഴിഞ്ഞ വർഷം മാറ്റിവച്ച ഒളിമ്പിക്സ് ഉൾപ്പെടെയുള്ള മിക്കകായിക മേളകളും ഈ വർഷം നടക്കാനിരിക്കുകയാണ്. ക്വാറന്റൈനും ബയോസെക്യുവർ ബബിളുമൊക്കെയായി പ്രോട്ടോക്കോൾ പാലിച്ചും കാണികളെ പടിക്കുപുറത്തുനിറുത്തിയിട്ടാണെങ്കിലും കളി നടത്താൻ കാര്യമായ പരിശ്രമം നടക്കുകയാണ്.

ടോക്കിയോ ഒളിമ്പിക്സാണ് ഈ വർഷത്തെ പ്രധാന കായിക മാമാങ്കം. കഴിഞ്ഞ ജൂലായ്-ആഗസ്റ്റ് മാസങ്ങളിലായി നടത്താനിരുന്ന ഒളിമ്പിക്സ് മാർച്ചിലാണ് മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. ഈ വർഷവും ഒളിമ്പിക്സ് നടത്തുന്നതിൽ വലിയൊരു ശതമാനം ജപ്പാൻകാർക്കും എതിർപ്പാണുള്ളത്. എന്നാൽ ഇനിയൊരു മാറ്റിവയ്ക്കൽ ഉണ്ടാവില്ല,ഉപേക്ഷിക്കലേ വഴിയുള്ളൂ എന്ന് ഇന്റർ നാഷണൽ ഒളിമ്പിക് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. സാഹചര്യങ്ങൾ അനുകൂലമായില്ലെങ്കിൽ കാണികളെ ഒഴിവാക്കി ഒളിമ്പിക്സ് നടത്താനാണ് തീരുമാനം. ഐ.ഒ.സിയുടെ വരുമാനത്തിന്റെ മുഖ്യപങ്ക് ടെലിവിഷൻ സംപ്രേഷണത്തിൽ നിന്നായതിനാൽ അവർക്ക് വലിയ വരുമാന നഷ്ടമുണ്ടാകില്ല. പ്രാദേശിക സംഘാടകർക്ക് ടിക്കറ്റ് വിൽപ്പനയിൽ നിന്നും ആതിഥേയരാജ്യത്തിന് ടൂറിസം ഉൾപ്പടെയുള്ള ഘടകങ്ങളിൽ നിന്നുമാണ് വരുമാനം. ഇത് നഷ്ടപ്പെട്ടേക്കും. എങ്കിലും ഗെയിംസ് നടത്താനുള്ള ഒരുക്കത്തിലാണ് ജാപ്പനീസ് സർക്കാർ.

കഴിഞ്ഞ വർഷം മാറ്റിവച്ച യൂറോ കപ്പ്, കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റുകൾ ഈ വർഷം ജൂൺ-ജൂലായ് മാസങ്ങളിലായി നടക്കും.ടൂർണമെന്റിന്റെ 60-ാം വാർഷികം പ്രമാണിച്ച് 12 നഗരങ്ങളിലായാണ് യൂറോകപ്പ് നടത്താനിരുന്നത്. അതേമാതൃകയിൽത്തന്നെ നടത്താൻ കഴിയുമോ എന്ന് ഉറപ്പിച്ചിട്ടില്ല. ബ്രിട്ടനിലെ അതിതീവ്ര വൈറസ് വ്യാപനം ഇപ്പോൾ പ്രിമിയർ ലീഗിനെ ബാധിച്ചിരിക്കുകയാണ്. ഒരു വേദിയിലായിമത്സരങ്ങൾ നടത്താനും ആലോചനയുണ്ട്. യൂറോകപ്പ് 2020 എന്ന പേരിൽത്തന്നെയാകും ടൂർണമെന്റ് നടക്കുക. കോപ്പ അമേരിക്കയും ജൂൺ- ജൂലായ് മാസങ്ങളിലായിത്തന്നെയാണ് നടക്കുക. അർജന്റീന,കൊളംബിയ എന്നീ രണ്ട് രാജ്യങ്ങളിലായി കോപ്പ 2020 നടത്താനാണ് തീരുമാനിച്ചിരുന്നത്.ഇതിൽ മാറ്റമുണ്ടാകാൻ സാദ്ധ്യതയുണ്ട്.

കഴിഞ്ഞ ജൂണിൽത്തന്നെ അന്താരാഷ്ട്ര തലത്തിൽ ക്രിക്കറ്റ് പുനരാരംഭിച്ചിരുന്നെങ്കിലും ഇന്ത്യയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടക്കുന്നത് 2021 ഫെബ്രുവരിയിൽ ഇംഗ്ളണ്ടിന്റെ പര്യടനത്തോടെയാകും. കഴിഞ്ഞ വർഷം ദുബായ്‌യിലേക്ക് മാറ്റിയ ഐ.പി.എൽ ക്രിക്കറ്റ് ടൂർണമെന്റ് നക്കുറി ഇന്ത്യയിൽത്തന്നെ നടത്താനാണ് തീരുമാനം. ടീമുകളുടെ എണ്ണം കൂട്ടാൻ ആലോചനയുണ്ടായിരുന്നെങ്കിലും പിന്നീട് അത് മാറ്റി.ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റ് സീസൺ അടുത്തമാസം സെയ്ദ് മുഷ്താഖ് അലി ട്വന്റി-20 ടൂർണമെന്റോടെ തുടങ്ങാനിരിക്കുകയാണ്. ആറ് നഗരങ്ങളിലായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. അതേസമയം രഞ്ജി ട്രോഫി ഉൾപ്പടെയുള്ള മറ്റ് ആഭ്യന്തര മത്സരങ്ങൾ നടത്തുന്നതിനെക്കുറിച്ച് ഇതുവരെയും ബി.സി.സി.ഐ തീരുമാനിച്ചിട്ടില്ല.

ട്വന്റി-20 ലോകകപ്പാണ് ഈ വർഷം ഇന്ത്യ ആതിഥ്യം വഹിക്കാനിരിക്കുന്ന പ്രധാന അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റ്.ഒക്ടോബർ നവംബർ മാസങ്ങളിലായാണ് ഇത് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ആസ്ട്രേലിയയിൽ നിശ്ചയിച്ചിരുന്ന ട്വന്റി-20 ലോകകപ്പ് റദ്ദാക്കിയിരുന്നു. ആ സമയത്താണ് യു.എ.ഇയിൽ ഐ.പി.എൽ നടത്തിയത്. അടുത്തവർഷം ആസ്ട്രേലിയയിൽ ലോകകപ്പ് നടക്കും.

ടെന്നിസിൽ സാധാരണ ഗതിയിൽ ജനുവരിയിൽ തുടങ്ങേണ്ട ആസ്ട്രേലിയൻ ഓപ്പൺ ഇക്കുറി ഫെബ്രുവരി എട്ടിനാണ് തുടങ്ങുക. ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ഈ വർഷം നടക്കേണ്ടതായിരുന്നു. എന്നാൽ ഒളിമ്പിക്സ് ഈ വർഷത്തേക്ക് മാറ്റിയതിനാൽ അത് അടുത്ത കൊല്ലത്തേക്ക് നിശ്ചയിച്ചിരിക്കുകയാണ്.

ഈ വർഷത്തെ പ്രധാന കായിക മേളകൾ

ടോക്കിയോ ഒളിമ്പിക്സ് ജൂലായ് 23 മുതൽ ആഗസ്റ്റ് എട്ടുവരെ നടക്കും.

യൂറോകപ്പ് ഫുട്ബാൾ ജൂൺ 11 മുതൽ ജൂലായ് 11 വരെ

കോപ്പ അമേരിക്ക ഫുട്ബാൾ ജൂൺ 11 മുതൽ ജൂലായ് 11 വരെ

ഏപ്രിൽ മാസത്തിൽ 14-ാം സീസൺ ഐ.പി.എൽ ഇന്ത്യയിൽ

ട്വന്റി-20 ലോകകപ്പ് ഒക്ടോബർ - നവംബർ മാസങ്ങളിൽ ഇന്ത്യയിൽ

ഐ.പി.എല്ലിന് പകുതി കാണികൾ

ഈ വർഷം നടക്കുന്ന ഇന്ത്യ-ഇംഗ്ളണ്ട് ക്രിക്കറ്റ് പരമ്പരയ്ക്കും ഐ.പി.എൽ ടൂർണമെന്റിനും സ്റ്റേഡിയങ്ങളുടെ കപ്പാസിറ്റിയുടെ പകുതി കാണികളെ അനുവദിക്കും. ഇതുസംബന്ധിച്ച് കേന്ദ്ര കായികമന്ത്രാലയത്തിൽ നിന്ന് ബി.സി.സി.ഐയ്ക്ക് ഉറപ്പ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഐ.പി.എൽ ഇന്ത്യയ്ക്ക് പുറത്തേക്ക് മാറ്റിയിരുന്നു. 2020 മാർച്ചിന് ശേഷം ഇന്ത്യയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടന്നിട്ടില്ല.