
ചെന്നൈ: രജനികാന്ത് രാഷ്ട്രീയ പാർട്ടി രൂപീകരണത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ അദ്ദേഹത്തിന്റെ ഉപദേശകൻ തമിഴരുവി മണിയൻ രാഷ്ട്രീയം ഉപേക്ഷിച്ചു. ജീവിതാവസാനംവരെ രാഷ്ട്രീയത്തിലേക്കില്ലെന്ന് മണിയൻ അറിയിച്ചു. രാഷ്ട്രീയം ഇപ്പോൾ ജാതി, മത, സാമുദായിക വേർതിരിവുകളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവർക്കുള്ളതാണെന്നും സത്യസന്ധർക്കുള്ളതല്ലെന്നും പറഞ്ഞ മണിയൻ, രജനിയുടെ മനംമാറ്റമാണോ രാഷ്ട്രീയം പൂർണമായും ഉപേക്ഷിക്കാൻ കാരണമെന്ന് വ്യക്തമാക്കിയില്ല. ഡിസംബർ മൂന്നിനാണ് പുതിയ പാർട്ടിയുടെ ഉപദേശകനായി മണിയനെ രജനികാന്ത് നിയമിച്ചത്.
കാമരാജിന്റെ കാലത്ത് കോൺഗ്രസിലൂടെ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ മണിയൻ, തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇടക്കാലത്ത് ജനതാപാർട്ടി, ജനതാദൾ, ലോക്ശക്തി, തമിഴ്‌മാനില കോൺഗ്രസ് എന്നീ പാർട്ടികളിലും പ്രവർത്തിച്ചു. കുറച്ചുവർഷങ്ങളായി ഗാന്ധിയ മക്കൾ ഇയക്കം എന്ന പേരിൽ സ്വന്തം പാർട്ടി ആരംഭിച്ച് പ്രവർത്തിച്ചുവരികയായിരുന്നു.
രജനി പാർട്ടി കോ-ഓർഡിനേറ്ററായി നിയമിച്ച അർജുനമൂർത്തി, രജനികാന്തിനൊപ്പം തുടരുമെന്ന് വ്യക്തമാക്കി. ബി.ജെ.പി.യിൽ നിന്ന് രാജിവച്ച മൂർത്തിയെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ എൽ. മുരുകൻ വീണ്ടും പാർട്ടിയിലേക്ക് ക്ഷണിച്ചുവെങ്കിലും പ്രതിസന്ധിഘട്ടത്തിൽ രജനിയെ വിട്ടുപോകില്ലെന്ന് മൂർത്തി വ്യക്തമാക്കി.