
ലണ്ടൻ: ബ്രെക്സിറ്റ് വാണിജ്യ കരാറിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഔദ്യോഗികമായി ഒപ്പുവച്ചു. പാർലമെന്റിലെ വോട്ടെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതിന് പിന്നാലെയാണിത്.
പാർലമെന്റിന്റെ അധോസഭയിൽ 521 പേരാണ് കരാറിന് അനുകൂലമായി വോട്ടുചെയ്ത്. 73 പേർ എതിർത്തു. പുതുവത്സരദിനത്തിൽ ബിൽ നിയമമാക്കുന്നതിനായി ക്രിസ്‌മസ് അവധിക്കിടെ പ്രധാനമന്ത്രി പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കുകയായിരുന്നു.
വാണിജ്യം, മത്സ്യബന്ധനം, വാണിജ്യനിയമങ്ങൾ, തർക്കങ്ങളിലുള്ള ഒത്തുതീർപ്പ് എന്നിവ വിശദമായി പ്രതിപാദിക്കുന്നതാണ് 1200 പേജുള്ള പുതിയ ബ്രെക്സിറ്റ് വാണിജ്യ കരാർ.
കഴിഞ്ഞ ജനുവരി 31ന് യു.കെ, യൂറോപ്യൻ യൂണിയൻ വിട്ടതിനുശേഷമുള്ള 11മാസത്തെ ട്രാൻസിഷൻ പിരീഡ് ഡിസംബർ 31ന് അവസാനിക്കാനിരിക്കെ വ്യാപാരക്കരാറിന് ഇരുകക്ഷികളും ധാരണയിലെത്തിയിരുന്നു.
ചർച്ചകളിൽ ആവശ്യമായ വിട്ടുവീഴ്ചകൾ നടത്തിയിട്ടുണ്ടെങ്കിലും രാജ്യ താത്പര്യം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തിൽ നിന്ന് അണുവിട വ്യതിചലിച്ചിട്ടില്ലെന്നും ബോറിസ് ജോൺസൺ അറിയിച്ചു.