rohit

മെൽബൺ : ആസ്ട്രേലിയയിലെ ക്വാറന്റൈൻ പൂർത്തിയാക്കി ഇന്ത്യൻ ടീമിനൊപ്പം ചേർന്ന ബാറ്റ്സ്മാൻ രോഹിത് ശർമ്മ ഇന്നലെ പരിശീലനത്തിനിറങ്ങി. ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡിന് കീഴിൽ ഇന്നലെ നെറ്റ്സിൽ പരിശീലനത്തിനിറങ്ങിയ രോഹിത് ഫീൽഡിംഗിലും ഒരു കൈ നോക്കി.

ഐ.പി.എല്ലിനിടെ പരിക്കേറ്റതിനാലാണ് രോഹിതിനെ ആസ്ട്രേലിയൻ പര്യടനത്തിലെ ഏകദിന ,ട്വന്റി-20 പരമ്പരകളിൽ നിന്ന് ഒഴിവാക്കിയത്. ഐ.പി.എൽ പ്രാഥമിക റൗണ്ടിനിടെ പരിക്കേറ്റ രോഹിത് പ്ളേ ഓഫിന് മുന്നേ ടീമിൽ തിരിച്ചെത്തുകയും മുംബയ് ഇന്ത്യൻസിനെ കിരീടത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഐ.പി.എൽ കഴിഞ്ഞ് ബെംഗളുരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നസ് വീണ്ടെടുക്കാനായി അയയ്ക്കുകയായിരുന്നു ബി.സി.സി.ഐ. ഫിറ്റ്നെസ് ടെസ്റ്റ് പാസായ ശേഷമാണ് ആസ്ട്രേലിയയ്ക്ക് അയച്ചത്.

സിഡ്നിയിൽ കളിച്ചേക്കും

സിഡ്നിയിൽ ഈ മാസം ഏഴിന് തുടങ്ങുന്ന മൂന്നാം ടെസ്റ്റിൽ രോഹിത് ശർമയ്ക്കു കളിക്കാൻ സാധിക്കും.എന്നാൽ ഏത് പൊസിഷനിൽ,ആർക്ക് പകരം രോഹിതിനെ കളിപ്പിക്കണമെന്നതിൽ ടീം മാനേജ്മന്റ് ആലോചിക്കുകയാണ്.

രണ്ട് സാദ്ധ്യതകളാണ് രോഹിതിന് മുന്നിലുള്ളത്.ഒന്ന് : മായാങ്ക് അഗർവാളിന് പകരം ഓപ്പണറായി കളിക്കുക. രണ്ട് :ഹനുമ വിഹാരിക്ക് പകരം മദ്ധ്യനിരയിൽ കളിക്കുക.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ കഴിഞ്ഞ വർഷത്തെ ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യ രോഹിതിനെ ഓപ്പണറായി പരീക്ഷിച്ചത്, അതു വിജയമാകുകയും ചെയ്തു. എന്നാൽ ആസ്ട്രേലിയയിലെ സാഹചര്യങ്ങളിൽ രോഹിത് ഓപ്പണറാകുമോയെന്ന് ഉറപ്പില്ല. രോഹിതിന് ഓസീസ് മണ്ണിൽ പരിചയക്കുറവുള്ളതാണ് ഇതിന് തടസം. രോഹിതുമായി കളിക്കുന്ന കാര്യം സംസാരിച്ചതായാണ് പരിശീലകൻ രവി ശാസ്ത്രി പറയുന്നത്. തീരുമാനമെടുക്കുന്നതിനു മുൻപു താരത്തിന്റെ നിലപാടു കൂടി പരിഗണിക്കുമെന്നും ശാസ്ത്രി മെൽബണിലെ ടെസ്റ്റ് വിജയത്തിന് ശേഷം പറഞ്ഞു.

മെൽബൺ ടെസ്റ്റിൽ ഓപ്പണറായി അരങ്ങേറ്റം കുറിച്ച യുവതാരം ശുഭ്മാൻ ഗിൽ ക്ഷമയും പക്വതയും തെളിയിച്ചുകഴിഞ്ഞു. പരമ്പരയിൽ മായാങ്ക് അഗർവാളിന്റെ ഇതുവരെയുള്ള പ്രകടനം നിരാശാജനകമാണ്. ഒരു തവണ മാത്രമാണ് രണ്ടക്കം കടന്നത്.

രാഹുലിന് ചാൻസ്

പരിശീലന മത്സരങ്ങൾ ലഭിക്കാത്തതിനാൽ രോഹിതിന് ഓപ്പണറാകാൻ വലിയ താൽപര്യമില്ലെന്നാണ് ഇന്ത്യൻ ടീം ക്യാമ്പിൽനിന്നു ലഭിക്കുന്ന സൂചന. രോഹിത് വരുമ്പോൾ മായങ്കിനെയും വിഹാരിയെയും പുറത്തിരുത്തി കെ.എൽ രാഹുലിന് കൂടി അവസരംന നൽകാനും സാദ്ധ്യതയുണ്ട്. അങ്ങനെയെങ്കിൽ രോഹിത് മധ്യനിരയിലും രാഹുൽ ഗില്ലിനൊപ്പം ഓപ്പണിംഗിലും ഇറങ്ങും.

അഡ്‍ലെയ്ഡിൽ ആസ്ട്രേലിയയും മെൽബണിൽ ഇന്ത്യയും ജയിച്ചതിനാൽ അടുത്ത രണ്ടു ടെസ്റ്റുകളായിരിക്കും പരമ്പര വിജയികളെ തീരുമാനിക്കുക. രോഹിതിന്റെ തിരിച്ചുവരവ് ഇന്ത്യയ്ക്ക് ശക്തി പകരും. എന്നാൽ ഓപ്പണിംഗിന് ഇറങ്ങിയാൽ രോഹിത് എങ്ങനെ കളിക്കുമെന്നതിാണ് സംശയം. ജനുവരി ഏഴ് മുതൽ 11 വരെ സിഡ്നിയിലാണ് മൂന്നാം ടെസ്റ്റ് നടക്കുക. നാലാം മത്സരം ജനുവരി 15 മുതൽ 19 വരെ ബ്രിസ്ബെയ്നിലും നടക്കും.