sports-kerala

കർമ്മപദ്ധതികൾ തയ്യാറാക്കാതെ സ്പോർട്സ് കൗൺസിൽ

തിരുവനന്തപുരം : രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും കായിക മത്സരങ്ങളും പരിശീലനവും പുനരാരംഭിച്ചെങ്കിലും കൊവിഡ് ലോക്ക്ഡൗണിന് ശേഷം കായികചലനങ്ങൾ ഇല്ലാതെ കേരളം. സംസ്ഥാനത്ത് സ്റ്റേഡിയങ്ങളും സ്പോർട്സ് ഹോസ്റ്റലുകളും തുറക്കാനും മത്സരങ്ങൾ നടത്താനുമുള്ള മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കി നൽകേണ്ട സ്പോർട്സ് കൗൺസിലിന്റെ ഭാഗത്തുനിന്ന് അത്തരത്തിലൊരു നടപടിയുമുണ്ടാകാത്തതാണ് കാരണം.

കളിക്കളങ്ങൾ തുറക്കാൻ മാസങ്ങൾക്ക് മുന്നേ കേന്ദ്ര കായിക മന്ത്രാലയം അനുമതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം പകുതി കാണികളെ പങ്കെടുപ്പിച്ച് കായിക മത്സരങ്ങൾ നടത്താനും അനുമതി നൽകി. അതത് സംസ്ഥാനങ്ങളിലെ സർക്കാരുകളാണ് സ്ഥിതി ഗതികൾ പരിശോധിച്ച് അന്തിമ തീരുമാനമെ‌ടുക്കേണ്ടത്. അസാം,ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ജില്ലാ, സ്റ്റേറ്റ് അത്‌ലറ്റിക്സ് മീറ്റുകൾ ഉൾപ്പടെ നടന്നു കഴിഞ്ഞു. റാഞ്ചിയിൽ ഫെബ്രുവരിയിൽ ദേശീയ ജൂനിയർ അത്‌ലറ്റിക്സ് മീറ്റ് നടത്താൻ നിശ്ചയിച്ചിരിക്കുകയാണ്.

മത്സരങ്ങൾ പുനരാരംഭിക്കണ്ടേയെന്ന് വാക്കാൽചോദിക്കുന്നതല്ലാതെ ശാസ്ത്രീയമായി അത് എങ്ങനെ നടപ്പാക്കാം എന്നതിനെക്കുറിച്ച് രേഖാമൂലം സ്പോർട്സ് കൗൺസിലിൽ നിന്ന് ഇതുവരെ ശുപാർശകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന കായിക മന്ത്രിയുടെ ഓഫീസ് പറയുന്നു. കൃത്യമായ കർമ്മ പദ്ധതി കായിക വകുപ്പിൽ നിന്ന് കിട്ടാത്തതിനാൽ ആരോഗ്യവകുപ്പും കായികരംഗത്തെ കാര്യമായി പരിഗണിച്ചിട്ടില്ല. കഴിഞ്ഞ മാസം ബയോളജിക്കൽ ബബിളിനുള്ളിൽ ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റ് നടത്താൻ ക്രിക്കറ്റ് അസോസിയേഷൻ അനുവാദം ചോദിച്ചിരുന്നെങ്കിലും കായികരംഗത്ത് റീ ഓപ്പണിംഗിന് പൊതു മാനദണ്ഡം തയ്യാറായിട്ടില്ലാത്തതിനാൽ അനുമതി നൽകയില്ല.

ലോക്ക്ഡൗൺ കാലത്തും സ്പോർട്സ് കൗൺസിലിന്റെ സ്റ്റാൻഡിംഗ് കമ്മറ്റി പലകുറി ചേർന്നിരുന്നെങ്കിലും കായികമത്സരങ്ങളും പരിശീലനവും എങ്ങനെ പുനരാരംഭിക്കാം എന്നതിനെക്കുറിച്ച് ആരോഗ്യപരമായ ചർച്ചകളൊന്നും നടന്നിരുന്നില്ല. രാഷ്ട്രീയ വിവാദങ്ങളും ജീവനക്കാർക്ക് എതിരായ പ്രതികാരനടപടികളിലുള്ള തർക്കങ്ങളും മാത്രമാണ് കൗൺസിലിൽ നടക്കുന്നതെന്ന് മുൻ കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പടെയുള്ളവർ ആരോപിക്കുകയും ചെയ്തിരുന്നു.

കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള സ്പോർട്സ് ഹോസ്റ്റലുകളും ഒമ്പതുമാസമായി അടഞ്ഞുകിടക്കുകയാണ്. പേരിന് ഓൺലൈൻ ക്ളാസുകൾ നടക്കുന്നുണ്ടെങ്കിലും ഇവിടുത്തെ കുട്ടികൾക്ക് പരിശീലനത്തിന് അവസരമില്ല. ഹോസ്റ്റൽ തുറന്നിരുന്ന സമയത്ത് കുട്ടികൾക്ക് ഭക്ഷണമെങ്കിലും ലഭിച്ചിരുന്നു. എന്നാൽ ലോക്ക്ഡൗണിൽ വീട്ടിലായിപ്പോയ കുട്ടികളിൽ ചിലർക്കെങ്കിലും കുടുംബത്തിന്റെ ദാരിദ്ര്യം മാറ്റാൻ തൊഴിലുറപ്പിനും മറ്റ് കൂലിത്തൊഴിലുകൾക്കും ഇറങ്ങേണ്ടിവന്നു. ഈ കായിക പ്രതിഭകളുടെ ആരോഗ്യം സംരക്ഷിക്കാൻ ഭക്ഷണത്തിനുള്ള കാശ് അവരവരുടെ അക്കൗണ്ടിലേക്ക് നൽകമെന്ന് ആവശ്യമുയർന്നെങ്കിലും പരിഗണിച്ചതേയില്ല. അതേസമയം കൗൺസിലിന്റെ തലപ്പത്തിരിക്കുന്നവർക്ക് വേണ്ടപ്പെട്ട സ്വകാര്യ അക്കാഡമികളിൽ ഒരു തടസവും കൂടാതെ പരിശീലനം നടക്കുന്നതായും ആരോപണമുണ്ട്.

സംസ്ഥാനത്ത് കായിക മത്സരങ്ങൾ പുനരാരംഭിക്കുന്ന കാര്യത്തിൽ സ്പോർട്സ് കൗൺസിലിന് ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാനാകുമെന്ന് തോന്നുന്നില്ല. അതിൽ അവർക്ക് ഒരു താത്പര്യവുമില്ല. ഇക്കാര്യത്തിൽ വൈദഗ്ധ്യമുള്ളവരു‌ടെ സേവനം തേടാൻ കായിക വകുപ്പ് മുൻകൈ എടുക്കുകയാണ് വേണ്ടത്.

- ഗോപാലകൃഷ്ണ പിള്ള,

കേരള അത്‌ലറ്റിക്സ് മുൻ ചീഫ് കോച്ച്