
ന്യൂഡൽഹി: പുതുവർഷത്തിൽ വരിക്കാർക്ക് സന്തോഷം നൽകുന്ന പ്രഖ്യാപനവുമായി ജിയോ. ജിയോയിൽ നിന്ന് മറ്റു നെറ്റ്‌വർക്കുകളിലേക്കുള്ള കോൾ സൗജന്യമാക്കിയതായി കമ്പനി അറിയിച്ചു. ജനുവരി ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ വരും. ഇന്ത്യയ്ക്ക് അകത്താണ് ഇത് ബാധകം. നിലവിൽ ജിയോയിൽ നിന്ന് ജിയോയുടെ ഫോണുകളിലേക്കുള്ള കോളുകൾ സൗജന്യമാണ്.മറ്റു നെറ്റ്‌വർക്കുകളിലേക്ക് വിളിക്കുമ്പോൾ നിശ്ചിത മിനിട്ടിന് ശേഷം ചാർജ് ഈടാക്കും. ഇതാണ് ജിയോ സൗജന്യമാക്കിയത്.
ഇന്റർ കണക്ട് യൂസേജ് ചാർജ് റദ്ദാക്കണമെന്ന ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശം അനുസരിച്ചാണ് ജിയോയുടെ നടപടി. മറ്റു നെറ്റ്‌വർക്കുകളിലേക്ക് വിളിക്കുമ്പോൾ ഇന്റർ കണക്ട് യൂസേജ് ചാർജ് എന്ന പേരിൽ സേവനദാതാക്കൾ പണം ഈടാക്കുന്നുണ്ട്. ഇന്ത്യയ്ക്ക് അകത്ത് ഇത്തരത്തിൽ നിരക്ക് ഈടാക്കുന്നത് റദ്ദാക്കണമെന്നാണ് ട്രായ്‌യുടെ നിർദേശം. ഇത് കണക്കിലെടുത്താണ് ജിയോയുടെ തീരുമാനം.
പഴയതുപോലെ രാജ്യത്തിന് അകത്ത് ഏതു നെറ്റ് വർക്കിന് കീഴിലുള്ള ഫോണിലേക്കും സൗജന്യമായി വിളിക്കാനുള്ള സൗകര്യമാണ് ജിയോ ഏർപ്പെടുത്തുന്നത്. 2019 സെപ്തംബറിൽ ഇന്റർ കണക്ട് യൂസേജ് ചാർജ് നിർത്തുന്നത് ട്രായ് നീട്ടിയിരുന്നു. ഇന്റർ കണക്ട് യൂസേജ് ചാർജ് ട്രായ് റദ്ദാക്കുന്നത് വരെ നിരക്ക് ഈടാക്കുമെന്നാണ് ജിയോ അറിയിച്ചിരുന്നത്. നിലവിൽ മറ്റ് നെറ്റ്‌വർക്കുകൾക്ക് നൽകുന്ന തുക ഉപഭോക്കാക്കളിൽ നിന്ന് ഈടാക്കുന്നതാണ് രീതി.