uw-drone

ന്യൂജഴ്‌സി: ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈന വൻതോതിൽ ഡ്രോണുകൾ വിന്യസിച്ചിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതിരോധ വിദഗ്ദൻ എച്ച്.ഐ സട്ടൺ. നാവിക രഹസ്യങ്ങൾ ചോർത്താൻ കഴിയുന്ന സീ വിങ് ഗ്ലൈഡറുകൾ എന്നറിയപ്പെടുന്ന ഡ്രോണുകളാണ് വിന്യസിച്ചിട്ടുള്ളതെന്ന് ഫോബ്‌സ് മാസികയിലെ ലേഖനത്തിൽ പ്രതിപാദിക്കുന്നുണ്ട്.

2019 ഡിസംബർ മധ്യത്തോടെയാണ് ഇവ വിന്യസിച്ചത്. കപ്പലുകളുടെ യാത്ര സുഗമമാക്കുന്നതിനായി യു.എസ് വിന്യസിച്ചിട്ടുള്ള ഡ്രോണുകൾക്ക് സമാനമാണ് ചൈനയുടെ ഡ്രോണുകളുമെന്നാണ് കണ്ടെത്തൽ. അത്തരത്തിലുള്ള ഒരു ഡ്രോൺ 2016 ൽ ബീജിംഗ് പിടിച്ചെടുത്തിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ 14 ഡ്രോണുകളെ ചൈന വിന്യസിച്ചുവെന്നാണ് കരുതുന്നത്. വലിയ ചിറകുകളുള്ള ഇവയ്ക്ക് ദീർഘദൂരം സഞ്ചരിക്കാൻ കഴിയും. സമുദ്ര വിജ്ഞാനം ശേഖരിക്കാനാണ് ഡ്രോണുകളെ വിന്യസിക്കുന്നതെന്നാണ് രാജ്യങ്ങൾ അവകാശപ്പെടാറുള്ളതെങ്കിലും നാവിക സേനകളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ശേഖരിക്കുക എന്നതാണ് ഇവ പ്രധാനമായും ചെയ്യുന്നത്. ചൈനയുടെ ഈ നീക്കം ഇന്ത്യ വളരെ ജാഗ്രതയോടെയാണ് നോക്കിക്കാണുന്നത്.