
കുവൈത്ത് സിറ്റി: ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ബഹ്റൈൻ രാജാവിന് കുവൈത്ത് അമീറിന്റെ കത്ത്.. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതും മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പുതിയ സംഭവ വികാസങ്ങൾ ലക്ഷ്യം വച്ചുമാണ് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫക്ക് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് കത്തയച്ചതെന്ന് കുവൈത്ത് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് മനാമയിലെത്തി കത്ത് കൈമാറി.
ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫക്കും കുവൈത്ത് അമീറിന്റെ കത്ത് കൈമാറി. ഖത്തറും സൗദി സഖ്യരാജ്യങ്ങളും തമ്മിലുള്ള പ്രശ്ന പരിഹാര നീക്കങ്ങൾ കുവൈത്ത് വീണ്ടും ശക്തിപ്പെടുത്തിയിട്ടുണ്ട്. സൗദി സഖ്യരാജ്യങ്ങളിൽപെടുന്നതാണ് ബഹ്റൈൻ.