
ദോഹ: ഖത്തറിന്റെയും ഇന്ത്യയുടെയും പ്രത്യേക വിമാനസർവീസുകൾ നടത്താനുള്ള എയർ ബബ്ൾ കാലാവധി ഈ മാസം 31 വരെ നീട്ടി. നേരത്തെ ഡിസംബർ 31 വരെയായിരുന്നു കാലാവധി. ഇതിനിടയിൽ സാധാരണ സർവീസ് ആരംഭിച്ചാൽ അതുവരെയായിരിക്കും കാലാവധി. ഖത്തർ സിവിൽ ഏവിയേഷൻ അതോറിട്ടിയും ഇന്ത്യൻ വ്യോമയാന മന്ത്രാലയവുമാണ് കരാറിൽ ഒപ്പുവെച്ചത്. ഖത്തറിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് കാലത്ത് ഖത്തറിലേക്ക് ഇന്ത്യക്കാർക്ക് യത്രചെയ്യാൻ വഴിയൊരുക്കിയ എയർബബ്ൾ കരാർ ആഗസ്റ്റ് 18നാണ് പ്രാബല്യത്തിൽ വന്നത്. ഇത് പ്രകാരം ഇരുരാജ്യങ്ങളിലേക്കും വിമാന സർവീസ് നടത്തുന്നുണ്ട്.
കരാർ പ്രകാരം ഖത്തർ വിസയുള്ള ഏത് ഇന്ത്യക്കാരനും ഖത്തറിലേക്ക് മടങ്ങിയെത്താം. രാജ്യത്തെ പൗരന്മാർക്കും യാത്രചെയ്യാം. ആഗസ്റ്റ് ഒന്നുമുതൽ ഐഡി കാലാവധി കഴിഞ്ഞ ഇന്ത്യക്കാർ റീ എൻട്രി പെർമിറ്റ് എടുത്ത് രാജ്യത്തിലേക്ക് മടങ്ങിയെത്തുന്നുണ്ട്. വിസാകാലാവധി കഴിഞ്ഞവർക്കുള്ള ഫീസ് ഖത്തർ ഒഴിവാക്കിയിട്ടുമുണ്ട്..https://portal.www.gov.qa/wps/portal/qsports/home എന്ന ഖത്തർ പോർട്ടൽ വഴിയാണ് പെർമിറ്റിന് അപേക്ഷ നൽകേണ്ടത്.