
ജിദ്ദ: രാജ്യത്തെ വിദേശി തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ ലെവിയും ഇഖാമയും വർക്ക് പെർമിറ്റിനുമുള്ള ഫീസുകളും തവണകളായി അടക്കാൻ സൗകര്യമൊരുക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം. വർഷത്തിൽ നാലു തവണയായി അടയ്ക്കാൻ കഴിയും വിധം ക്രമീകരിക്കുന്നതിനെ കുറിച്ചുള്ള പഠനമാണ് നടക്കുന്നതെന്ന് അണ്ടർ സെക്രട്ടറി എൻജി. ഹാനീ അൽമുഅ്ജൽ പറഞ്ഞു. ത്വാഇഫ്, മദീന ചേംബർ ഒഫ് കോമേഴ്സുകളുടെ സഹകരണത്തോടെ മക്ക ചേംബർ ഒഫ് കോമേഴ്സ് 'തൊഴിലുടമയും വിദേശ തൊഴിലാളിയും തമ്മിലെ കരാർ ബന്ധം മെച്ചപ്പെടുത്തൽ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ തൊഴിൽ പരിഷ്കാരങ്ങൾ അവലോകനം ചെയ്യുന്നതിനും ഇക്കാര്യത്തിൽ സ്വകാര്യ മേഖലയുടെ കാഴ്ചപാടുകൾ അറിയുന്നതിനും വേണ്ടിയാണ് ഇങ്ങനെയൊരു സെഷൻ നടന്നത്. നിലവിൽ ലെവി അടക്കേണ്ടത് വർഷത്തിലാണ്. അത് ത്രൈമാസിക രീതിയിൽ ആക്കാൻ കഴിയുമോ, അതിന്റെ സാധ്യതകളും വെല്ലുവിളികളും എങ്ങനെയാണ് എന്നീ കാര്യങ്ങളാണ് മന്ത്രാലയം പഠനവിധേയമാക്കുന്നത്. തൊഴിലുടമകൾ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങൾ ഇതിലൂടെ പരിഹരിക്കാനാകുമെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.