
കൊവിഡ് പോസിറ്റീവായെന്ന് അറിയിച്ചതിന് പിന്നാലെ താൻ അടിപൊളി ലുക്കിൽ നിൽക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് നടി അഹാന കൃഷ്ണ. കറുത്ത മൈക്രോ സ്കർട്ട് [പാർട്ടി വെയർ ഡ്രസ് ധരിച്ച് നിയോൺ വെളിച്ചത്തിൽ മുങ്ങിക്കുളിച്ചുള്ള തന്റെചിത്രങ്ങളാണ് അഹാന തന്റെ ആരാധകർക്കായി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.
'ഞാൻ ഐസൊലേഷനിൽ ആയിരിക്കാം, പക്ഷെ എന്റെ തലയ്ക്കുള്ളിൽ എപ്പോൾ വേണമെങ്കിലും എനിക്കൊരു പാർട്ടി നടത്താം.' എന്നാണ് താരം തന്റെ പോസ്റ്റിനു അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. എന്നാൽ ഈ ചിത്രങ്ങൾ എപ്പോഴാണെടുത്തതെന്ന് നടി വ്യക്തമാക്കിയിട്ടില്ല.
ഏതായാലും അഹാനയുടെ രോഗം പെട്ടെന്ന് ഭേദമാകട്ടെ എന്ന് പറഞ്ഞുകൊണ്ടുള്ള കമന്റുകളാണ് നടിയുടെ ആരാധകരിൽ ഇടുന്നത്. ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് തനിക്ക് കൊവിഡ് രോഗമുള്ളതായി നടി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചത്.
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് കൊറോണ പരിശോധന നടത്തിയതെന്നും അന്നു മുതൽ ക്വാറന്റൈനിലാണെന്നും അഹാന പറഞ്ഞു. ശേഷം ഏകാന്തതയിൽ, തന്റെ തന്നെ സാന്നിദ്ധ്യം ആസ്വദിക്കുന്നുവെന്നും കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് ആരോഗ്യ നില മെച്ചപ്പെട്ടിരിക്കുകയാണെന്നും പറഞ്ഞു. വൈകാതെ കൊറോണ നെഗറ്റീവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഹാന ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
