camera

കൊറിയ: മനുഷ്യന്റെ ഇഷ്ടങ്ങളും അവർ ആ ഇഷ്ടത്തോട് കാണിക്കുന്ന ഭ്രാന്തും ചിലപ്പോൾ മറ്റുള്ളവരെ അതിശയിപ്പിക്കാറുണ്ട്. അത്തരത്തിലോരു ഭ്രാന്താണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഇവിടെ കൊറിയക്കാരനായ എയർഫോഴ്സ് ഹെലികോപ്റ്റർ മുൻ പൈലറ്റ് പാർക്ക് സാംഗ് ഹ്വാനിന് ഭ്രാന്ത് ക്യാമറകളോടാണ്. അതുകൊണ്ട്തന്നെ ഇദ്ദേഹം നിർമ്മിച്ച കോഫീഹൗസിനും ചില പ്രത്യേകതകൾ ഉണ്ട്. ക്യാമറയുടെ രൂപത്തിലാണ് ഈ കോഫീഹൗസ് സ്ഥാപിച്ചിരിക്കുന്നത്. കഫേ ഡ്രീമി കാമറ എന്നാണ് ഇതിന്റെ പേരുതന്നെ. സോളിനു കിഴക്കായി യാംഗ്പിയോംഗ് കൗണ്ടിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. പാർക്ക് സാംഗ് ഹ്വാന്റെ തന്റെ കാമറ പ്രേമം പ്രകടമാക്കുന്ന തരത്തിൽ ഒരു കാമറ പോലെയാണ് ഈ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.

വളരെക്കാലമായി മനസ്സിൽ കൊണ്ടുനടന്നിരുന്ന കാമറയുടെ രൂപത്തിലുള്ള കോഫീഹൗസ് എന്ന ആശയം സാംഗ് ഹ്വാനും ഭാര്യയും ചേർന്ന് സ്വന്തം വീടിനരികിൽ നിർമ്മിക്കുകയായിരുന്നു. സ്‌കൂൾ പഠനകാലത്ത് തന്നെ പൈല​റ്റ് ആകണമെന്നായിരുന്നു പാർക്കിന്റെ സ്വപ്നം. 2000ൽ സൈന്യത്തിൽ ചേർന്ന പാർക്ക് അധികം വൈകാതെ തന്നെ ഹെലികോപ്റ്റർ പൈല​റ്റായി ചുമതലയേറ്റു. പിന്നീട് ജോലി ഉപേക്ഷിച്ചാണ് ഹോട്ടൽ സംരംഭം തുടങ്ങിയത്. അതിനു കൂട്ടായത് ആർമിയിൽ നിന്ന് സ്വയം വിരമിച്ച പൈല​റ്റ് കൂടിയായ ജീവിതസഖി ക്വാക് മ്യുങ്ഹീയാണ്.