 
പെരിന്തൽമണ്ണ: കമ്മ്യൂണിസ്റ്റ് ആചാര്യൻ ഇ.എം.എസിന്റെ ജന്മനാടായ ഏലംകുളം പഞ്ചായത്തിലെ ചെറുകര രണ്ടാംവാർഡിൽ നിന്ന് രണ്ടാംതവണ മത്സരത്തിനിറങ്ങുകയാണ് പെരിന്തൽമണ്ണ എസ്.എൻ.ഡി.പി യൂണിയൻ വനിതാസംഘം ട്രഷറർ കൂടിയായ കെ.വിജയലക്ഷ്മി എന്ന സിന്ധു . സി.പി.എം സ്ഥാനാർത്ഥിയായ വിജയലക്ഷ്മി കഴിഞ്ഞ തവണ മുസ്ലിംലീഗിലെ കോലോത്തൊടി ലുബിനയെ 223 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയിരുന്നു. ഇടതുഭരണ സമിതിയുടെ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമായി പ്രവർത്തിച്ച് കഴിവ് തെളിയിച്ച വിജയലക്ഷ്മിയെ ഇത്തവണ ജനറൽ സീറ്റായിട്ടും മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു പാർട്ടി. ഇത്തവണ ലീഗിന്റെ പഞ്ചായത്ത് ഭാരവാഹി കൂടിയായ മൻസൂർ കോലോത്തൊടിയും എൻ.ഡി.എയുടെ ചെന്ത്രത്തിൽ രമേഷും ആണ് എതിരാളികൾ. കഴിഞ്ഞ തവണ താൻ വാർഡിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ ഇത്തവണ വിജയത്തിലെത്തിക്കുമെന്നാണ് വിജയലക്ഷ്മിയുടെ പ്രതീക്ഷ. റോഡ്, കുടിവെള്ളം, വിദ്യാഭ്യാസം, പ്രളയമുന്നൊരുക്കം, തെരുവുവിളക്ക്, വ്യക്തിഗത ആനുകൂല്യങ്ങൾ എന്നിവയിലെ മികച്ച പ്രവർത്തനം അനുകൂലഘടകമാണെന്ന് വിജയലക്ഷ്മി പറയുന്നു.
അബ്കാരി ബിസിനസുകാരനും ചെറുകര കിഴങ്ങത്തോൾ എസ്.എൻ.ഡി.പി ശാഖാ വൈസ് പ്രസിഡന്റുമായ കാഞ്ഞിരക്കുറ്റിയിൽ വിനയകുമാറാണ് ഭർത്താവ്. ഭർത്താവിന്റെ പൂർണ്ണപിന്തുണയും വിജയലക്ഷ്മിക്കുണ്ട്. സി.എ വിദ്യാർത്ഥിയായ അമൽ, എൻട്രൻസ് കോച്ചിംഗിന് പഠിക്കുന്ന അനുഗ്രഹ എന്നിവരാണ് മക്കൾ. വിജയിച്ചാലും ഇല്ലെങ്കിലും താൻ പൊതുപ്രവർത്തകയായി നാട്ടുകാർക്കിടയിൽ ഉണ്ടാവുമെന്ന് വിജയലക്ഷ്മി പറയുന്നു.