 
മലപ്പുറം: വെൽഫെയർ പാർട്ടിയുമായുള്ള ബന്ധത്തെ ചൊല്ലി ഇരുമുന്നണികളും പരസ്പര ആക്ഷേപങ്ങൾ ഉന്നയിക്കുമ്പോൾ പ്രസ് ക്ലബ്ബിലെ മീറ്റ് ദ ലീഡറിൽ വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കുകയാണ് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം.
നീക്കുപോക്ക് മാത്രം
യു.ഡി.എഫുമായി സംസ്ഥാനതലത്തിൽ യാതൊരു സഖ്യവുമില്ല. താഴെത്തട്ടിൽ നീക്കുപോക്കുണ്ട്. ഇതിനെ തള്ളിപ്പറയുന്നത് അവസരവാദപരമാണ്. പരസ്പര ജയസാദ്ധ്യതയും പൊതുസ്ഥാനാർത്ഥികളെ കിട്ടുമ്പോഴുമാണ് നീക്കുപോക്കുണ്ടാവുന്നത്. സംസ്ഥാന നേതാക്കൾ എന്തൊക്കെ പറഞ്ഞാലും സൗഹൃദം നിലനിൽക്കണമെന്ന വികാരമാണ് മുഖ്യധാര പാർട്ടികളുടെ പ്രാദേശിക ഘടകങ്ങൾക്ക്. മതേരത സ്വഭാവമുള്ള ആരുമായും താഴെത്തട്ടിൽ നീക്കുപോക്കിന് അനുവാദം കൊടുത്തിരുന്നു.
സി.പി.എം നീക്കം അപകടകരം
കേരളത്തിൽ നിലനിൽക്കുന്ന മുസ്ലിം ഫോബിയയെ ഉപയോഗപ്പെടുത്തുകയാണ് സി.പി.എം. വിവാദ കാർട്ടൂണും കുഞ്ഞാലിക്കുട്ടിയും എം.എം. ഹസ്സനുമാണ് പ്രശ്നക്കാർ എന്ന് കോടിയേരി പറയുന്നതുമെല്ലാം ഇതു ലക്ഷ്യമിട്ടാണ്. അപകടകരമായ രാഷ്ട്രീയമാണിത്. ബി.ജെ.പിയെ വളർത്താനേ ഇതു സഹായിക്കൂ. മുസ്ലീങ്ങളല്ലാത്ത നേതാക്കളുമായി സംസാരിക്കുമ്പോഴേ വെൽഫെയർ പാർട്ടി സെക്യുലറാവൂ എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. ഞങ്ങൾക്ക് ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല.
തുടക്കം ലോക്സഭ തിരഞ്ഞെടുപ്പിൽ
ലോക്സഭ തിരഞ്ഞെടുപ്പിൽ ദേശീയ രാഷ്ട്രീയം മുൻനിറുത്തി ഫാസിസത്തിനെതിരായ ട്രെന്റുണ്ടാക്കാൻ വെൽഫെയർ പാർട്ടിക്കായി. ഇതു ഗുണംചെയ്തത് യു.ഡി.എഫിനാണ്. ഇതാണ് സി.പി.എമ്മിനെ പ്രകോപിപ്പിച്ചത്.
അധികാരക്കൊതിയല്ല
വെൽഫെയർ പാർട്ടിയുടെ ജനപക്ഷ രാഷ്ട്രീയമെന്ന ആശയം ജനങ്ങൾക്ക് അനുഭവിക്കാൻ കഴിയണമെങ്കിൽ അധികാര രാഷ്ട്രീയത്തിൽ സ്ഥാനമുണ്ടാവണം. ഞങ്ങളുയർത്തുന്ന ആശയത്തെ അധികാരത്തിലൂടെ ജനങ്ങൾക്ക് അനുഭവിക്കാൻ കഴിയുമ്പോൾ പാർട്ടി വളരും.
മൗദൂദിയുടെ നിലപാടല്ല
മൗദൂദിയുടെ നിലപാടിനെ കുറിച്ച് പറയേണ്ട ബാദ്ധ്യത വെൽഫെയർ പാർട്ടിക്കില്ല. മതേതര ജനാധിപത്യ പാർട്ടിയാണിത്.