krish
ഇ.ടി.സുബ്രഹ്മണ്യൻ .കൃഷിയിടത്തിൽ

വള്ളിക്കുന്ന് : ആദ്യം പാടത്തേക്ക്. പണി തീർന്നാൽ പ്രചാരണത്തിന്. പ്രചാരണവും പാടത്തെ കൃഷിയിറക്കലുമായി തിരക്കിലാണ് പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ ഏഴാം ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി.സുബ്രഹ്മണ്യൻ. പുഞ്ചക്കൃഷിയുടെ ഭാഗമായി നിലമുഴുത് വിത്തുവിതയ്ക്കുന്ന സമയമാണിപ്പോൾ. അതിനിടെയാണ് തിരഞ്ഞെടുപ്പെത്തുന്നത്.

പത്തേക്കറിലാണ് സുബ്രഹ്മണ്യൻ കൃഷിയിറക്കിയിരിക്കുന്നത്. നേന്ത്രവാഴക്കൃഷിയും പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്. പുലർച്ചെ പാടത്തെത്തി സുബ്രഹ്മണ്യൻ ജോലി ആരംഭിക്കും. എട്ടുമണിയാവുന്നതോടെ പണി നിറുത്തും. പിന്നെ പ്രചാരണത്തിന്റെ തിരക്കിലേക്ക്. ഉച്ചയ്ക്കു ശേഷം ഏതാനും സമയം വീണ്ടും കൃഷിപ്പണിയിലേക്ക്. വൈകിട്ട് വീണ്ടും വോട്ടു ചോദിക്കാനിറങ്ങും.
പാടത്തെ തിരക്ക് പ്രചാരണത്തെ ബാധിച്ചിട്ടില്ലെന്ന് സുബ്രഹ്മണ്യൻ പറയുന്നു. രണ്ടുതവണ അഞ്ചാംഡിവിഷനിൽ നിന്ന് വിജയിച്ചിട്ടുള്ള സുബ്രഹ്മണ്യൻ ഇത്തവണ സ്വന്തം വാർഡിൽ തന്നെയാണ് മത്സരിക്കുന്നത്. അതിന്റെ ആത്മവിശ്വാസവും അദ്ദേഹത്തിനുണ്ട്. വോട്ടർമാരെല്ലാം പരിചിതരാണ്. അതുകൊണ്ടുതന്നെ പാടത്തെ തിരക്ക് പ്രചാരണത്തിന് തടസമല്ലെന്ന് അദ്ദേഹം പറയുന്നു.

ശുദ്ധജലവും വൈദ്യുതിയുമാണ് വാ‌‌ർഡിലെ ജനങ്ങളുടെ പ്രധാന ആവശ്യങ്ങൾ. ഈ മേഖലകൾക്കാണ് തിരഞ്ഞെടുക്കപ്പെട്ടാൽ പ്രാധാന്യം നൽകുക. പരപ്പനങ്ങാടിയിലെ ഏക ജനസേവന കേന്ദ്രം ആനപ്പടിയിൽ തുറന്നു പ്രവർത്തിച്ചതിന്റെ പിന്നിൽ ഇദ്ദേഹത്തിന്റെ പ്രവർത്തനമാണ്.