vv

മലപ്പുറം: ആകാശവാണി മഞ്ചേരി എഫ്.എം നിലയത്തെ റിലേ കേന്ദ്രം മാത്രമാക്കാൻ നീക്കം. പേരും പരിപാടികളും മാറ്റി കൊച്ചി എഫ്.എം നിലയത്തിന്റെ കീഴിൽ 'റെയിൻബോ' എന്ന മെട്രോപോളിറ്റൻ വിനോദ ചാനലിന്റെ ഭാഗമാക്കാനാണ് പ്രസാർ ഭാരതിയുടെ തീരുമാനം. ഇതോടെ മഞ്ചേരി എഫ്.എം നിലയത്തിന്റെ സ്വതന്ത്ര പദവി പൂർണ്ണമായും നഷ്ടപ്പെടും. ഇതോടെ പ്രാദേശിക പരിപാടികൾ ഒഴിവാക്കി കൊച്ചി നഗരത്തെ ലക്ഷ്യമിട്ടുള്ള പരിപാടികളാവും മഞ്ചേരി നിലയത്തിലൂടെ ലഭിക്കുക. പ്രധാനമായും സംഗീത പരിപാടികളാണ് റെയിൻബോയിലൂടെ പ്രക്ഷേപണം ചെയ്യുന്നത്. മഞ്ചേരി നിലയത്തിലെ നിലവിലുള്ള മുഴുവൻ പരിപാടികളും നിറുത്തേണ്ടിവരും. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പ്രസാർ ഭാരതിയുടെ പുതിയ തീരുമാനമെന്നാണ് വിവരം.

ജനുവരി ഒന്നുമുതൽ റെയിൻബോയുടെ ഭാഗമാകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ അധികൃതർക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. വിനോദത്തിനും വിജ്ഞാനത്തിനും വിദ്യാഭ്യാസത്തിനും ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ടുള്ള മുപ്പതോളം പരിപാടികളാണ് മഞ്ചേരി ആകാശവാണിയിലൂടെ ശ്രോതാക്കൾക്കായി ഒരുക്കിക്കൊണ്ടിരുന്നത്. പ്രാദേശിക കലാകാരന്മാർക്കും അവസരങ്ങളേകിയിരുന്നു. 55 ഓളം താത്കാലിക ജീവനക്കാരും ഇവിടെയുണ്ട്. റിലേ കേന്ദ്രമാക്കുന്നതോടെ ഇവരുടെ സേവനം ആവശ്യം വരില്ല. ആകാശവാണിയുടെ ന്യൂസ് ഓൺ എയർ ആപ്പ് കൂടി വന്നതോടെ നിലയത്തിന്റെ പ്രചാരം വർദ്ധിച്ചിട്ടുണ്ട്. പ്രവാസികൾക്കടക്കം നാടിന്റെ സ്പന്ദനമറിയാൻ ഇതുവഴി കഴിഞ്ഞിരുന്നു.

ഏറെ നാളത്തെ സ്വപ്നം

മഞ്ചേരിയെ മുഴുവൻ സമയ നിലയമാക്കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് നിലയത്തെ തന്നെ ഇല്ലാതാക്കുന്ന നടപടികൾ പുരോഗമിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം 2006ലാണ് മഞ്ചേരി എഫ്.എമ്മിന് തുടക്കമിട്ടത്. ഈ സമയത്ത് വൈകിട്ട് മാത്രമായിരുന്നു പ്രക്ഷേപണം. 2017 ജനുവരി 26ന് പ്രഭാത പ്രക്ഷേപണത്തിലേക്കും കഴിഞ്ഞ വർഷം ജൂൺ രണ്ടിന് രാവിലെ 5.53 മുതൽ രാത്രി 11.06 വരെ നീളുന്ന തുടർച്ചയായ പ്രക്ഷേപണത്തിലേക്കും വളർന്നു. ശ്രോതാക്കളുടെ എണ്ണത്തിലും പരസ്യ വരുമാനത്തിലും കുറച്ചുകാലം കൊണ്ട് നിലയം മുൻനിരയിലെത്തിയിരുന്നു. മഞ്ചേരി നിലയത്തിലെ പരിപാടികൾക്ക് സമീപ ജില്ലകളിലും ശ്രോതാക്കളുണ്ട്.

മഞ്ചേരി നിലയത്തെ ഇല്ലാതാക്കുന്ന പ്രസാർ ഭാരതിയുടെ തീരുമാനം പിൻവലിക്കണം. രാഹുൽഗാന്ധി എം.പിക്ക് നിവേദനം നൽകിയിട്ടുണ്ട്. മറ്റ് എം.പിമാർക്കും ഉടൻ നൽകും. പ്രേക്ഷകർക്ക് അടക്കം അവസരം നൽകി ജനകീയമായായിരുന്നു മഞ്ചേരിയുടെ പ്രവർത്തനം. ഇതൊക്കെ ഇല്ലാതാവും.

അനീഷ് കൊല്ലൻപടി,

​ വൈസ് പ്രസി‌ഡന്റ്,​

അഖില കേരള റേഡിയോ ലിസണേഴ്സ് അസോസിയേഷൻ