
കുറ്റിപ്പുറം: തെരുവു നായ്ക്കുഞ്ഞുങ്ങൾ എന്നാൽ ജീവനാണ് പൊന്നാനി ന്യൂ എൽ.പി സ്‌കൂളിലെ അദ്ധ്യാപിക നിഷയ്ക്ക്. തെരുവിൽ ഉപേക്ഷിക്കപ്പെട്ടും അപകടത്തിൽപ്പെട്ട് ആരോരും തിരിഞ്ഞുനോക്കാനില്ലാതെയും നരകിക്കുന്ന തെരുവുനായ്ക്കുഞ്ഞുങ്ങളെ വീട്ടിലെത്തിച്ച് പരിപാലിക്കുകയാണ് നിഷ. രോഗം ഭേദമായി മിടുക്കരായാൽ വളർത്താനായി ആവശ്യക്കാർക്ക് നൽകും. അല്ലാത്തവയെ കൂടെ നിറുത്തും.
കുഞ്ഞുനാൾ മുതലേ വളർത്തുമൃഗങ്ങളോട് മമതയുണ്ടായിരുന്നു. എന്നാൽ ജീവിതത്തിന്റെ തിരക്കിനിടയിൽ ഇവയെ ശ്രദ്ധിക്കാൻ സമയം കിട്ടിയിരുന്നില്ല. ഒരിക്കൽ ഫേസ്ബുക്കിൽ തെരുവ്നായ്ക്കളെ പരിപാലിക്കുന്ന ശ്രീജേഷ് പന്താവൂരിന്റെ പോസ്റ്റ് കണ്ടപ്പോഴാണ് പഴയ മൃഗസ്നേഹി വീണ്ടും ഉണർന്നത്. തുടർന്ന് ഉപേക്ഷിക്കപ്പെടുന്ന നായ്ക്കളെ തന്റെ വീട്ടിലേക്കെത്തിക്കാൻ ശ്രീജേഷിനോട് പറഞ്ഞു.
നിലവിൽ ഒമ്പതോളം നായ്ക്കളെയാണ് നിഷ പരിപാലിക്കുന്നത്. അഞ്ചെണ്ണം നായ്ക്കുട്ടികളാണ്. നാലുവർഷത്തിനിടെ അമ്പതോളം നായ്ക്കുട്ടികളെ വീട്ടിൽ പരിപാലിച്ച ശേഷം മറ്റുള്ളവർക്ക് കൈമാറിയിട്ടുണ്ട്. സ്വന്തം മക്കളെപ്പോലെത്തന്നെയാണ് നായ്ക്കളെ പരിപാലിക്കുന്നത്.
നായ്ക്കളെ പരിപാലിക്കുന്ന കാര്യത്തിൽ പല പ്രശ്നങ്ങളുമുണ്ടായിട്ടുണ്ട്. ഒരു നായ കുരച്ച് പുറത്തേക്കിറങ്ങാറുണ്ടായിരുന്നത് അയൽവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനെ തുടർന്ന് വീടിന് ചുറ്റും മതിൽ കെട്ടി. നായ്ക്കളുടെ പരിപാലനവുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം. ഉറച്ച പിന്തുണ നൽകി ഭർത്താവ് രാജീവും മക്കളും കൂടെയുള്ളത് വലിയ ആത്മവിശ്വാസം നൽകുന്നുണ്ടെന്ന് നിഷ പറഞ്ഞു