
മലപ്പുറം: മുന്നണികൾക്കെതിരെ ഒറ്റയ്ക്ക് മത്സരിച്ച് ശക്തി തെളിയിക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൾ മജീദ് ഫൈസി പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ ലീഡർ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 2000ത്തിലേറെ സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുന്നുണ്ട്. കഴിഞ്ഞ തവണ 48 സീറ്റുകളിലാണ് വിജയിച്ചത്. ഇത്തവണ സീറ്റുകളുടെ എണ്ണം പത്തിരട്ടിയാവും. പാർട്ടിക്ക് സാന്നിദ്ധ്യമുള്ള എല്ലായിടങ്ങളിലും മത്സരിക്കുന്നുണ്ട്. സ്വന്തമായി സ്ഥാനാർത്ഥികൾ ഇല്ലാത്ത സ്ഥലങ്ങളിൽ പ്രവർത്തകർക്ക് മനസ്സാക്ഷി വോട്ടുകൾ ചെയ്യാം. എൽ.ഡി.എഫ്, യു.ഡി.എഫ് എന്നിവയിൽ ഏതു മെച്ചം എന്നതിന് പ്രസക്തിയില്ല. ബി.ജെ.പിക്ക് ഗുണം ചെയ്യുന്ന ഒരുനിലപാടും എസ്.ഡി.പി.ഐ സ്വീകരിച്ചിട്ടില്ല. കാസർകോട്ട് യു.ഡി.എഫ് പ്രത്യക്ഷത്തിൽ തബി.ജെ.പിയുമായി സഹകരിക്കുകയാണ്. ബി.ജെ.പിയെ തടയുന്നതിൽ ഇരുമുന്നണികൾക്കും ആത്മാർത്ഥതയില്ലെന്ന് ആവർത്തിച്ച് തെളിയിക്കുന്നു. മുന്നാക്ക സംവരണ വിഷയത്തിൽ സി.പി.എമ്മിനും കോൺഗ്രസിനും ഒരേ നിലപാടാണ്. ന്യൂനപക്ഷങ്ങൾ നേരിടാൻ പോകുന്ന കടുത്ത വെല്ലുവിളിയാണ് സംവരണ അട്ടിമറി. ഇതിനെതിരെ പാർട്ടി അടുത്ത മാസം മുതൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.