 
തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാനലാപ്പിൽ മനസ് തുറക്കുകയാണ് വിവിധ മേഖലകളിലെ വോട്ടർമാർ.
ബിന്ദു , വീട്ടമ്മ
പാവപ്പെട്ടവരെയും പണക്കാരെയും തുല്യമായി കാണാനാവണം ജനപ്രതിനിധിക്ക്. പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം കാണാൻ കഴിയണം. പാവപ്പെട്ടവർക്കും പിന്നാക്കം നിൽക്കുന്നവർക്കും പ്രത്യേക പരിഗണ നൽകിക്കൊണ്ടുള്ള സാമൂഹിക വികസനമാണ് നമുക്കാവശ്യം. എല്ലായിടത്തും ശുദ്ധജലമെത്തിക്കാൻ മുൻഗണന നൽകണം. വിലക്കയറ്റമടക്കമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവണം.
അബ്ദുൾ അസീസ്, ഓട്ടോഡ്രൈവർ
വികസനം ജനങ്ങൾക്ക് ഉപകാരമുള്ളതാവണം. മാറിമാറി അധികാരത്തിലെത്തുന്ന പാർട്ടികൾ ഒന്നും ചെയ്യുന്നില്ല. ഞങ്ങളെപ്പോലെ ഉള്ളവരുടെ ജീവിതം കൂടുതൽ ദുസ്സഹമാവുകയാണ്. ഡീസൽ വിലവർദ്ധന, സ്‌പെയർ പാർട്സുകളുടെ വിലവർദ്ധന, ഇൻഷ്വറൻസ് തുടങ്ങിയവയെല്ലാം ബുദ്ധിമുട്ട് വർദ്ധിപ്പിക്കുന്നു. 15 വർഷത്തിലേറെ പഴക്കമുള്ള വണ്ടികൾ മാറ്റണമെന്ന് പറയുന്നവർ ബദലായി എന്താണ് നിർദ്ദേശിക്കുന്നത്?. ഉപജീവനം കൂടുതൽ വെല്ലുവിളി നിറഞ്ഞതാവുകയാണ്.
ശിഹാബുദ്ദീൻ, കച്ചവടക്കാരൻ
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ജാതി, മത, രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരോടും ഒരേ രീതിയിൽ പെരുമാറാനാവണം. നമ്മുടെ നാട്ടിൽ നിരവധി വികസനപ്രവർത്തനങ്ങൾ വരുന്നുണ്ട്. അവയെല്ലാം പൂർത്തീകരിക്കപ്പെടേണ്ടതുണ്ട്. കൊവിഡ് പ്രതിസന്ധി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വിവിധ പദ്ധതികൾ നടപ്പക്കണം.
സെയ്ദ് ഹാഷിം, അദ്ധ്യാപകൻ
സമഗ്രമായ വികസനമാണ് വേണ്ടത്. പാലങ്ങൾക്കും റോഡുകൾക്കുമപ്പുറം ഓരോ വാർഡിലെയും ജനങ്ങളുടെ ഉന്നമനത്തിന് പുതിയ കാഴ്ചപ്പാടുകൾ ഉണ്ടാവണം. ആരോഗ്യം പോലെയുള്ള അടിസ്ഥാന മേഖലകൾക്ക് ഊന്നൽ നൽകണം. കുടിൽ വ്യവസായങ്ങളും തൊഴിൽ പരിശീലന കേന്ദ്രങ്ങളും പോലെയുള്ള സ്വയംപര്യാപ്തത ലക്ഷ്യമാക്കിയുള്ള പദ്ധതികൾ കൊണ്ടുവരേണ്ടതുണ്ട്. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ കാലത്ത് ഇന്റർനെറ്റ്, മൊബൈൽ ഫോൺ, ലാപടോപ്പ് പോലെയുള്ള സൗകര്യങ്ങൾ എല്ലായിടത്തും ഒരുക്കാനാവണം.
സുഹ്റ, ശുചീകരണ തൊഴിലാളി
ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നീതിപൂർവ്വം പ്രവർത്തിക്കണം. കുടിവെള്ളം, റോഡുകൾ, വീട് നിർമ്മാണത്തിനുള്ള സഹായം പോലെയുള്ള കാര്യങ്ങൾ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്.
നവാസ് ലൂക്ക, ഫുട്‌ബാൾ പരിശീലകൻ
വികസനം ജനങ്ങൾക്ക് ഏറ്റവും ആവശ്യമുള്ളതിൽ നിന്നാണ് തുടങ്ങേണ്ടത്. നമ്മുടെ നാട്ടിലെ പ്രതിഭകൾക്ക് ആവശ്യമായ തരത്തിലുള്ള കളിക്കളങ്ങളോ സൗകര്യങ്ങളോ ഇവിടെയില്ല. മിക്ക അവസരങ്ങളിലും മറ്റുപല സ്ഥലങ്ങളെയും ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. അതിനൊരു മാറ്റം വരേണ്ടതുണ്ട്. എല്ലായിടത്തും കളിക്കളങ്ങൾ ഉണ്ടാകട്ടെ.
മുഹമ്മദ് ഹബീബ്, വിദ്യാർത്ഥി
എല്ലാവരെയും ഉൾകൊള്ളാൻ ജനപ്രതിനിധിക്കാവണം. നാട്ടിൽ നന്മയും വികസനവും കൊണ്ടുവരേണ്ടതുണ്ട്. വിദ്യാഭ്യാസം വീടുകളിലേക്ക് ചുരുങ്ങിയ ഈ കാലത്ത് ഇന്റർനെറ്റ്, ലൈബ്രറികൾ, ഗ്രൗണ്ടുകൾ തുടങ്ങിയവയിലെല്ലാം ശ്രദ്ധ പതിപ്പിക്കണം. നിരവധി യുവാക്കൾ ഇത്തവണ മത്സരരംഗത്തുള്ളത് ആശാവഹമാണ്.
നസീം, ഫാർമസിസ്റ്റ്
ജനറിക് മരുന്നുകളിലൂടെ മരുന്നുകമ്പനികൾക്ക് കൊള്ളലാഭം കൊയ്യാനുള്ള അവസരമാണ് കേന്ദ്രസർക്കാർ ഒരുക്കിക്കൊടുക്കുന്നത്. പൊതുജനങ്ങൾക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭ്യമാവേണ്ടതുണ്ട്.
മുഹമ്മദ് നസീർ, പ്രവാസി
വിവേചനമില്ലാതെ പ്രവർത്തിക്കുകയും പിന്നാക്കക്കാർക്ക് പ്രത്യേക പരിഗണന നൽകുകയും വേണം. സാമൂഹിക വികസനവും നിർമ്മാണപ്രവർത്തനങ്ങളും ഒരുമിച്ച് കൊണ്ടുപോകേണ്ടതുണ്ട്.
പ്രവാസികളുടെ വോട്ടവകാശം എത്രയും പെട്ടെന്ന് നടപ്പിലാക്കണം. വൈകിയെങ്കിലും പുതിയ തുടക്കങ്ങൾ സന്തോഷം നൽകുന്നു.
മാത്യു, കലാകാരൻ
നാടിന്റെ വികസനത്തിനായി രാഷ്ട്രീയം നോക്കാതെ പ്രവർത്തിക്കാൻ ജനപ്രതിനിധിക്കാവണം. ഗതാഗത സൗകര്യങ്ങൾക്കും മറ്റും പ്രത്യേക പരിഗണന ആവശ്യമുണ്ട്. കലാകാരന്മാരുടെ ജീവിതം വളരെ കഷ്ടത്തിലാണ്. അതിനോട് ബന്ധപ്പെട്ട സൗണ്ട്, സ്റ്റേജ് മേഖലകളും വലിയ പ്രതിസന്ധിയിലാണ്. ഉപജീവനത്തിനായി മറ്റു മേഖലകൾ കണ്ടെത്തേണ്ട അവസ്ഥയിലാണ് പലരും. ഇതിനെല്ലാം പരിഹാരം കണ്ടെത്തേണ്ടതുണ്ട്.'