
മലപ്പുറം: ബാലറ്റിലേക്ക് ആറുദിനങ്ങൾ മാത്രം ശേഷിക്കെ പ്രചാരണത്തിന് ഇനി വീറും ശബ്ദവും കൂടും. നിശബ്ദ പ്രചാരണങ്ങളിൽ നിന്ന് ഉച്ചഭാഷിണികളിലേക്ക് കൂടി കടക്കുകയാണ് സ്ഥാനാർത്ഥികൾ. ആദ്യദിനങ്ങളിൽ സ്ഥാനാർത്ഥി മാത്രവും പിന്നീട് സ്ഥാനാർത്ഥിയും ഒന്നോ രണ്ടോ പ്രവർത്തകരും ഉൾപ്പെട്ടാണ് വീടുകളിൽ വോട്ട് തേടിയത്. ഇനി സ്ക്വാഡ് പ്രവർത്തനവും സജീവമാവും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ചെറുസ്ക്വാഡുകളാണ് വീടുകളിലെത്തി വോട്ടഭ്യർത്ഥനയും നോട്ടീസ് വിതരണവും നടത്തുന്നത്. പരമാവധി അഞ്ചിൽ താഴെപേർ വരുന്ന ചെറു സ്ക്വാഡുകളുണ്ടാക്കി അവരവരുടെ വീടുകളുടെ തൊട്ടിടങ്ങളിൽ സ്ക്വാഡ് പ്രവർത്തനങ്ങൾ ഏൽപ്പിക്കുന്ന രീതിയാണിപ്പോൾ. ഇലക്ട്രോണിക് ബാലറ്റ് മാതൃകകളുമായി പേരും ചിഹ്നവും ഓർമ്മപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നിശബ്ദ പ്രചാരണത്തിന്റെ രണ്ടുദിവസം മുമ്പെങ്കിലും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അവസാനഘട്ടത്തിൽ സ്ഥാനാർത്ഥിയുടെ റോഡ് ഷോയും പദ്ധതിയിടുന്നുണ്ട്. അതത് പ്രദേശങ്ങളിലെ കൊവിഡ് കേസുകളുടെ എണ്ണവും വ്യാപന തോതും പരിഗണിച്ചാവണം ഇതെന്ന് ജില്ലാ നേതൃത്വങ്ങൾ നിർദ്ദേശമേകിയിട്ടുണ്ട്.
ചില ജില്ലകളിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നേതാക്കളുടെ പട വീണ്ടുമെത്തുന്നുണ്ട്. ഇന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസനും ബെന്നി ബെഹന്നാൽ എം.പിയും എത്തും. നാളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും 11ന് തിരുവഞ്ചൂർ രാധാകൃഷ്ണനും പര്യടനത്തിനെത്തും. എൽ.ഡി.എഫിൽ മന്ത്രി കെ.ടി. ജലീൽ വിവിധയിടങ്ങളിൽ പ്രചാരണത്തിനെത്തുന്നുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയഘവൻ 10നും 11നും ജില്ലയിലുണ്ടാവും. അവസാന ദിവസങ്ങളിൽ കൂടുതൽ നേതാക്കളെത്തും. എൻ.ഡി.എയ്ക്ക് വേണ്ടി ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപള്ളി, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് എന്നിവർ പര്യടനത്തിനെത്തും. എം.ടി രമേശ് ഇന്ന് ജില്ലയിൽ വിവിധയിടങ്ങളിലെ പരിപാടികളിൽ പങ്കെടുക്കും. 11നാണ് തുഷാർ വെള്ളാപള്ളി ജില്ലയിലെത്തുന്നത്. രാവിലെ 10ന് മംഗലം ഡിവിഷനിലെ പുറത്തൂരിലും തുടർന്ന് മലപ്പുറം മുനിസിപ്പാലിറ്റിയിലും പ്രചാരണത്തിനെത്തും.