hasan

മലപ്പുറം: യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ശബരിമലയിൽ യുവതീ പ്രവേശനം തടയാൻ ഓർഡിനൻസ് കൊണ്ടുവരുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ പറഞ്ഞു. മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ സി.പി.എമ്മിന് മതമൈത്രിയെ കുറിച്ച് പറയാൻ അവകാശമില്ല. വിശ്വാസികളുടെ വികാരം മാനിക്കണമെന്ന നിലപാടാണ് യു.ഡി.എഫിന്. വിശ്വാസ സംരക്ഷണത്തിനായി നിയമം കൊണ്ടുവരണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടാൻ സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് ധൈര്യമുണ്ടോ?​. എ. വിജയരാഘവനെ വെല്ലുവിളിക്കുകയാണ്.
അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേരിലും ആരോപണം ഉയർന്നതിനാൽ ആഭ്യന്തരവകുപ്പ് ഒഴിഞ്ഞ് സ്വതന്ത്രാന്വേഷണത്തിന് വഴിയൊരുക്കണം. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടിക്കെതിരെ വിജിലൻസ് അന്വേഷണം ഉണ്ടായപ്പോൾ അദ്ദേഹം വകുപ്പ് ഒഴിഞ്ഞാണ് അന്വേഷണം നേരിട്ടത്. ഉന്നതരുടെ പങ്ക് വെളിപ്പെടുത്തിയാൽ തന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് ഭീഷണി മുഴക്കിയെന്ന സ്വപ്നയുടെ പരാതിയിൽ മുഖ്യമന്ത്രി മറുപടി പറയണം. ജയിലിലും ജീവന് ഭീഷണി നേരിടുന്നെന്നത് നിയമവാഴ്ച്ചയ്ക്ക് നേരെയുള്ള വെല്ലുവിളിയാണ്. ഉന്നതൻ സർക്കാരിൽ ഏറ്റവും ഉയർന്ന സ്ഥാനത്തിരിക്കുന്ന ഒരാളാണെന്ന് ജനങ്ങളുടെ മനസിൽ സംശയമുയർന്നിട്ടുണ്ടെന്നും ഹസ്സൻ പറഞ്ഞു.