pv

നിലമ്പൂർ: മതവും വർഗീയതയും പറഞ്ഞ് വോട്ടുപിടിച്ചെന്ന് കാണിച്ച് പി.വി അൻവർ എം.എൽ.എക്കെതിരെ നിലമ്പൂർ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാജഹാൻ പായിമ്പാടം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. പ്രസംഗത്തിന്റെ ഓഡിയോ ക്ലിപ്പ് സഹിതമാണ് പരാതി. കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്.
നിലമ്പൂർ നഗരസഭയിലെ ചന്തക്കുന്ന് ഒമ്പതാം ഡിവിഷനിലെ ഇടത് സ്വതന്ത്ര ആബിദ താത്തൂക്കാരന്റെ പ്രചാരണത്തിന് വൃന്ദാവൻ കുന്നിൽ നടന്ന പ്രസംഗമാണ് വിവാദമായത്. ശ്രീജ വെട്ടത്തേഴത്താണ് കോൺഗ്രസ് സ്ഥാനാർത്ഥി . എം.എൽ.എ പറഞ്ഞതായി പരാതിക്കാരൻ ചൂണ്ടിക്കാണിക്കുന്ന പ്രധാന ഭാഗം ഇങ്ങനെ-"ഇഹലോകവും പരലോകവും ഇല്ലാത്തവർക്ക് വോട്ടു ചെയ്‌തിട്ട് എന്താണ് കാര്യം. ബാക്കിയൊന്നും ഞാൻ പറയേണ്ട കാര്യമില്ലല്ലോ. മനസിലാക്കാനുള്ള ശേഷി നിങ്ങൾക്കുണ്ടാകും.പടച്ചോനെ പേടിയുള്ളവനേ പടപ്പിനെയും പേടിക്കൂ. പടച്ചോനെ പേടിക്കാത്തവർ എന്തിന് പടപ്പിനെ പേടിക്കണം."