
തിരൂരങ്ങാടി: യുവാവ് വിവാഹവാഗ്ദാനത്തിൽ നിന്ന് പിന്മാറി മറ്റൊരു വിവാഹം കഴിച്ചതിനെ തുടർന്ന് മൂന്നിയൂർ ആലിൻചുവട് സ്വദേശിനിയായ 21കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. മുന്നിയൂർ ചുഴലി സ്വദേശി കുന്നുമ്മൽ അസ്ക്കർ അലിയെയാണ്(21) തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആത്മഹത്യാ പ്രേരണയാണ് പ്രതിക്കെതിരായ കുറ്റം.
ആറുവർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. വിവാഹവാഗ്ദാനം നൽകിയിരുന്നെങ്കിലും മറ്റൊരു വിവാഹാലോചനയുടെ പേരിൽ യുവാവ് പിന്നീട് പിന്മാറി. കഴിഞ്ഞയാഴ്ച യുവാവ് മറ്റൊരു വിവാഹം കഴിച്ചതിനെ തുടർന്ന് യുവതി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമായിരുന്നു യുവതിയുടെ മരണം. ചികിത്സയിലിരിക്കേ യുവതിയുടെ മൊബൈലിലേക്ക് യുവാവ് തന്റെ വിവാഹഫോട്ടോ അയച്ചെന്നും ആരോപണമുണ്ട്. തുടർന്ന് മാതാവ് നൽകിയ പരാതിയിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
യുവതിയുടെ മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിച്ചു. അറസ്റ്റിലായ യുവാവ് മകളെ ലഹരിക്ക് അടിമയാക്കിയതായും മകൾ ചികിത്സയിലിരിക്കെ വധഭീക്ഷണി മുഴക്കിയതായും മാതാവ് പറഞ്ഞു. മയക്കുമരുന്ന്, കഞ്ചാവ് മുതലായവ ഉപയോഗിക്കുന്ന ആളാണ് അസ്ക്കറെന്നും ഇവർ ആരോപിക്കുന്നു. ഫാത്തിമയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.