ggg
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മൈക്ക് അനൗൺസ്‌മെന്റ് പെർമിറ്റിനായി മലപ്പുറം ഡിവൈ.എസ്.പി ഓഫീസിന് മുന്നിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടം കൂടി നിൽക്കുന്നവർ

മഞ്ചേരി: തിരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിൽ എത്തിയതോടെ കൊവിഡ് പെരുമാറ്റ ചട്ടങ്ങൾ കാറ്റിൽപറന്ന മട്ടാണ്. പ്രചാരണങ്ങളിലും യോഗങ്ങളിലും പങ്കെടുക്കുന്ന ആൾക്കൂട്ടങ്ങൾക്ക് തിരഞ്ഞെടുപ്പിന് ശേഷം കനത്ത വില നൽകേണ്ടി വരുമോയെന്ന ആശങ്ക ശക്തമാണ്.

ഡിജിറ്റൽ പ്രചാരണങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന നിർദ്ദേശങ്ങളൊക്കെ പ്രചാരണത്തിന്റെ ആദ്യഘട്ടത്തിലേ നടപ്പായുള്ളൂ. ഒന്നാംഘട്ടം പിന്നിട്ടതോടെ പഴയ ശൈലിയിലേക്ക് തന്നെ കാര്യങ്ങൾ നീങ്ങി.

വീടുകൾ കയറിയുള്ള പ്രചാരണങ്ങളിലും കുടുംബയോഗങ്ങളിലും നിരവധി പേരാണ് പങ്കെടുക്കുന്നത്. പ്രായമായവരും കുട്ടികളും വരെ രാപകൽ വ്യത്യാസമില്ലാതെ പ്രചാരണത്തിന്റെ തിരക്കിലാണ്.

സ്ഥാനാർത്ഥികളുടെയും സംഘങ്ങളുടെയും വീടുകൾ കയറിയുള്ള പ്രചാരണത്തിന് യാതൊരു നിയന്ത്രണങ്ങളുമില്ല. പ്രായമായവരും രോഗികളുമായ വോട്ടർമാരോട് പോലും ശാരീരിക അകലം പാലിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. അടുക്കളയിലും വീടുകൾക്കുള്ളിലും കയറിയുള്ള വോട്ടുപിടിത്തം തിരഞ്ഞെടുപ്പിന് ശേഷം കനത്ത ആഘാതമുണ്ടാക്കുമോയെന്ന ആശങ്ക പ്രകടമാണ്.
ആരോഗ്യ പ്രവർത്തകർക്കും പൊലീസിനും നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുന്നതിൽ പരിമിതികളുണ്ട്. ജാഗ്രത പാലിച്ചില്ലെങ്കിൽ നിലവിലെ സാഹചര്യം കൈവിട്ടുപോകുമെന്നിടത്തേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.