aboosi

ജീവിതത്തിലെ ചെറിയ പ്രശ്നങ്ങളിൽ പോലും തളരുന്നവരും പ്രതീക്ഷകൾ നഷ്ടപ്പെടുന്നവരും മലപ്പുറത്തിന്റെ ഈ മൂന്ന് ഹീറോസിനെ ഒന്നറിയണം. എത്ര വലിയ പ്രതിസന്ധികൾക്കിടയിലും ഉലയാതെ പിടിച്ചുനിൽക്കാനും മുന്നേറാനും ഇവർ പ്രചോദനമാവുമെന്ന് തീർച്ച. കരുവാരകുണ്ട് കക്കറ സ്വദേശിനി പി.അശ്വതിയും പൊന്നാനി ഈശ്വരമംഗലത്തെ അബൂസിയും നൈതല്ലൂരിലെ ശ്രീരാജും ജന്മനാ ഭിന്നശേഷിയോടെ പിറന്നവരാണ്. ജീവിതത്തെ വൈകല്യമായി കാണാതിരുന്നതോടെ എല്ലാശേഷികളും ഉള്ളവരേക്കാൾ ഉയരത്തിലേക്ക് കുതിച്ചിട്ടുണ്ട് ഈ മിടുമിടുക്കർ.

ഡോക്ടറായേ തീരൂ

കരുവാരകുണ്ട് കക്കറയിൽ പള്ളിക്കുത്ത് മുരളീധരന്റെ മകളായ അശ്വതിക്ക് സെറിബ്രൽ പാൾസി മൂലം ജന്മനാ കാലുകൾക്കും വലതുകൈയ്ക്കും ശേഷിക്കുറവുണ്ട്. കരുത്താവേണ്ട അമ്മ നേരത്തെ യാത്രയായി. ശാരീരിക, സാമ്പത്തിക, പ്രയാസങ്ങൾ പലവട്ടം അലട്ടിയെങ്കിലും പഠനം മുടക്കിയില്ല. പഠിച്ചതെല്ലാം പൊതുവിദ്യാലയത്തിൽ. വലതുകൈയിന്റെ ശേഷിക്കുറവിനെ ഇടതുകൈയിലൂടെ മറികടന്നു. പരീക്ഷ എഴുതിയതെല്ലാം ഇടതു കൈ ഉപയോഗിച്ച്. ഡോക്ടറാവണമെന്ന ആഗ്രഹത്തിന് മുന്നിൽ ഒന്നും തടസ്സങ്ങളായില്ല. സ്വപ്നം പിന്തുടർന്നുള്ള ആ യാത്ര ചെന്നുനിന്നത് നീറ്റ് പരീക്ഷയിലെ സംസ്ഥാന റാങ്ക് പട്ടികയിൽ പ്രത്യേക പരിഗണനാ വിഭാഗത്തിൽ പതിനേഴാം റാങ്കിലും. മഞ്ചേരി മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് പ്രവേശനവും നേടി. എന്നാൽ പരിമിതികളെയെല്ലാം അതിജീവിച്ച് നേടിയെടുത്ത സ്വപ്നം കൈയെത്തും ദൂരത്ത് നഷ്ടപ്പെടുമെന്ന അവസ്ഥയിലായിരുന്നു അശ്വതി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡിന് മുന്നിൽ പരിശോധനയ്ക്ക് ഹാജരായപ്പോൾ മെഡിക്കൽ, ഡെന്റൽ കോഴ്സുകൾ പഠിക്കാൻ വൈകല്യംമൂലം അശ്വതിക്ക് യോഗ്യതയില്ലെന്ന് ബോർഡ് വിധിയെഴുതി.
വൈകല്യമുള്ളവർക്കുള്ള മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് അശ്വതി മെഡിക്കൽ പ്രവേശന പരീക്ഷയെഴുതിയത്. നിലമ്പൂർ താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ ബോർഡിന്റെ സാക്ഷ്യപത്രവും അധികൃതർക്കു മുന്നിൽ ഹാജറാക്കിയെങ്കിലും പരിഗണിച്ചില്ല. 63.3 ശതമാനം വൈകല്യം ഉള്ളതിനാൽ പ്രവേശനാനുമതി നിഷേധിച്ചു. ഇളയച്ഛൻ പള്ളിക്കുത്ത് സുരേഷിനൊപ്പം ആരോഗ്യമന്ത്രി കെ.കെ.ഷൈലജയ്ക്ക് പരാതി നൽകിയെങ്കിലും മന്ത്രിയും കൈമർത്തി. തോറ്റുകൊടുക്കാൻ അശ്വതി തയ്യാറല്ലായിരുന്നു. മെഡിക്കൽ ബോർഡിന്റെ നിലപാടിനെതിരെ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. ഈ ഉത്തരവുമായി കഴിഞ്ഞ ദിവസം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളജിലെത്തി പ്രവേശനവും നേടി. ഇനി ഡോക്ടറാവാനുള്ള കാത്തിരിപ്പിലാണ് അശ്വതി

അബൂസി ചില്ലറക്കാരനല്ല

മിടുക്കനെന്തിനാണ് കൈകാലുകളെന്ന് അബൂബക്കർ സിദ്ധീഖിനോട് തീർച്ചയായും ചോദിക്കാം. കഴിവും ശേഷിയുമുണ്ടെങ്കിൽ നേട്ടങ്ങളൊക്കെയും കൂടെ ചേരുമെന്നതിന് തെളിവാകുകയാണ് അബൂസി എന്ന ഈ മിടുക്കൻ. കൊവിഡ് കാലത്ത് ദേശീയവും അന്തർദേശീയവുമായ 27 വെബിനാറുകളിലാണ് അബൂബക്കർ സിദ്ധീഖ് പങ്കെടുത്തത്. ഒരു നാനോ ഡിപ്ലോമയും കരസ്ഥമാക്കി. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളും ഗവേഷകരും ഒത്തുചേർന്ന വെബിനാറിൽ പങ്കെടുത്ത് യു.കെ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ഭാഗവുമായി.

പൊന്നാനി ഈശ്വരമംഗലത്ത് എം.എ.അക്ബറിന്റെയും നഫീസ അക്ബറിന്റെയും മൂന്ന് മക്കളിൽ ഇളയവനാണ് അബൂസി. കൈകാലുകളെന്നാൽ അബൂസിക്ക് ഇടത് കൈയും അതിലെ ഏതാനും വിരലുകളും മാത്രമാണ്. ഇലക്ട്രോണിക് വീൽ ചെയറിനെ കൈകാലുകളാക്കി പരിമിതികളെ മറികടന്ന് നേട്ടങ്ങളാക്കുകയാണ് അബൂസി. എം.ഇ.എസ് പൊന്നാനി കോളേജിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടി. ഇനി എം.സി.എ കൂടി പൂർത്തിയാക്കണം. കൊവിഡ് കാലത്ത് അബൂസി ഓൺലൈൻ സംവാദങ്ങൾക്കൊപ്പമായിരുന്നു. 27 അക്കാദമിക് വെബിനാറുകളിലാണ് പങ്കെടുത്തത്. കൊവിഡാനന്തര ലോകം, കരിയർ ഗൈഡൻസ്, ഡിജിറ്റൽ ലോകത്തെ മാറ്റങ്ങൾ, സൈബർ സെക്യൂരിറ്റി തുടങ്ങിയവയായിരുന്നു വിഷയങ്ങൾ. രാഷ്ട്രനിർമ്മാണ പദ്ധതിയുടെ ഭാഗമായി ചെന്നൈ ഐ.ഐ.ടി സംഘടിപ്പിച്ച വെബിനാറിൽ പങ്കെടുത്ത് യു.കെ.ബുക്ക് ഓഫ് റെക്കോർഡിന്റെ ഭാഗമായി.
ഓൺലൈൻ സംവാദങ്ങളിൽ മികച്ച സാന്നിദ്ധ്യമാണ് ഈ മിടുക്കൻ. എഴുത്ത്, വര, സംഗീതം, ഷോർട്ട് ഫിലിം ചിത്രീകരണം എന്നിവയിലും അബൂസി കഴിവ് തെളിയിച്ചിട്ടുണ്ട്. രണ്ടാമത്തെ ഷോട്ട് ഫിലിമിനുള്ള ഒരുക്കത്തിനിടെയാണ് കൊവിഡെത്തിയത്. പുത്തൻ മാദ്ധ്യമങ്ങളെ ഉപയോഗപ്പെടുത്തിയുള്ള നിരവധി ആശയങ്ങൾ അബൂസിയുടെ മനസിലുണ്ട്. പരിമിതികളൊന്നും അതിന് തടസമാകില്ലെന്ന ഉറപ്പിനൊപ്പമാണ് അബൂസി. മകന്റെ ആഗ്രഹങ്ങൾക്കും കഴിവുകൾക്കുമൊപ്പം കൈകാലുകളായി മാറുകയാണ് അബൂസിയുടെ മാതാപിതാക്കൾ.

ഉൾക്കരുത്താണ് പ്രധാനം

കാണാനും അറിയാനും പഠിക്കാനും കണ്ണിന് കാഴ്ച്ച വേണമെന്നുണ്ടൊ? വേണ്ടേയെന്ന് പൊന്നാനി നൈതല്ലൂരിലെ ശ്രീരാജ് പറയും. കണ്ണിന്റെ കാഴ്ചയേക്കാൾ അകക്കാഴ്ച്ചയുണ്ടെന്ന് അനുഭവം കൊണ്ട് തെളിയിക്കുകയാണ് ഈ 26കാരൻ. ജെ ആർ എഫ് യോഗ്യതയോടെ നെറ്റ് പാസാക്കാൻ ശ്രീരാജിന് കണ്ണിന്റെ കാഴ്ച്ച വേണ്ടി വന്നില്ല. 5,26,000 പേർ പരീക്ഷ എഴുതിയതിൽ എസ്.സി വിഭാഗത്തിലും ഭിന്നശേഷി വിഭാഗത്തിലുമായി ജെ.ആർ.എഫ് യോഗ്യതയോടെ നെറ്റ് പാസാകുന്ന ഏക മലയാളിയാകാൻ ശ്രീരാജിന് അകക്കാഴ്ച്ച മാത്രമാണ് വേണ്ടിവന്നത്.

വിദൂര വിദ്യഭ്യാസ വിഭാഗത്തിൽ എം.എ മലയാളം ലിറ്ററേച്ചർ പഠിച്ചുകൊണ്ടിരിക്കെയാണ് ശ്രീരാജിനെ ജെ.ആർ.എഫ് തേടിയെത്തിത്. എം.എ മലയാളം വിദൂര വിദ്യാഭ്യാസം വഴി ചെയ്യാൻ ശ്രീരാജിനെ പ്രേരിപ്പിച്ചത് ചില അവഗണനകളാണ്. യാത്രക്കിടെ ബസുകാരിൽ നിന്നുണ്ടായ ദുരനുഭവങ്ങളാണ് റെഗുലർ കോളേജ് പഠനം വേണ്ടെന്നുവെക്കാൻ കാരണമായത്. കുന്നംകുളം വിവേകാനന്ദ കോളേജിലെ ഡിഗ്രി പഠനത്തിന് അമ്മ പത്മിനിയാണ് യാത്രയിൽ കൂട്ടായുണ്ടായിരുന്നത്. ഡിഗ്രി പഠനകാലം മുഴുവനായും ശ്രീരാജ് കോളേജിൽ പോയതും തിരിച്ചുവന്നതും അമ്മയോടൊപ്പമായിരുന്നു. ഇനിയും തന്റെ പഠനത്തിനായി അമ്മയെ ബുദ്ധിമുട്ടിപ്പിക്കാനാകില്ലെന്നതിൽ നിന്നാണ് പി.ജി പഠനം വിദൂര വിദ്യാഭ്യാസം വഴിയാക്കാൻ ശ്രീരാജ് തീരുമാനിച്ചത്.

ബസ്സുകാരുടെ നിസഹകരണം മൂലം ഇടക്കാലത്ത് പഠനം നിറുത്തേണ്ട സാഹചര്യമുണ്ടായി. പഠന കാര്യത്തിലുള്ള മകന്റെ ആഗ്രഹത്തിനൊപ്പം അമ്മ നിഴലായി മാറിയതോടെയാണ് ഡിഗ്രി പൂർത്തിയാക്കാനായത്. ബസുകാരുടെ നിഷേധ നിലപാട് കാരണം ഒരു യാത്രയ്‌ക്കിടെ ശ്രീരാജിന് നിലത്തുവീണ് പരിക്കേറ്റു. നിയമ നടപടിയുമായി പോകാൻ ഈ ചെറുപ്പക്കാരൻ തീരുമാനിച്ചു. കേസ് കോടതിയിലെത്തി. പക്ഷെ കാഴ്ച്ചയില്ലാത്തവർക്ക് സാക്ഷി വിസ്താരം പറ്റില്ലെന്ന് കോടതി നിലപാട് സ്വീകരിച്ചത് വീണു പരുക്കേറ്റുണ്ടായ മുറിവിനെ കൂടുതൽ നീറ്റലുള്ളതാക്കിയെന്ന് ശ്രീരാജ് പറഞ്ഞു. നിയമത്തിനു മുന്നിൽ തങ്ങളെ പോലുളളവരുടെ ഭാവിയെന്തെന്ന ആശങ്കയാണ് ഈ ചെറുപ്പക്കാരൻ ഉയർത്തുന്നത്.

തങ്ങളുടെ പരിമിതികളെ നിശ്ചയദാർഢ്യം കൊണ്ട് മറികടക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിനൊപ്പമാണ് ശ്രീരാജുള്ളത്. നേരത്തെ ഒരു സ്വകാര്യ കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്തിട്ടുണ്ട്. കാഴ്ച്ച പരിമിതിയെ അവർ കുറവായി കണ്ടതോടെ ജോലി വിടേണ്ടി വന്നു. നന്നായി പുല്ലാങ്കുഴൽ വായിക്കുകയും പാട്ടു പാടുകയും ചെയ്യുന്ന ശ്രീരാജ് മിമിക്രി കലാകാരൻ കൂടിയാണ്. ഹയർ സെക്കണ്ടറി പഠന കാലത്ത് സംസ്ഥാന ഭിന്നശേഷി കലോത്സവത്തിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. അസിസ്റ്റന്റ് പ്രൊഫസറായി യോഗ്യത നേടിയ ശ്രീരാജിന് എത്രയും വേഗം ജോലിയിൽ പ്രവേശിക്കണമെന്നതാണ് ആഗ്രഹം. തന്റെ പരിമിതികളിൽ കൂട്ടായി മാറിയ അമ്മക്ക് താങ്ങും തണലുമായി മാറണം. അച്ഛൻ ചന്ദ്രന് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളതിനാൽ കാര്യമായി ജോലിക്കൊന്നും പോകാനാകുന്നില്ല. ശ്രീരാജ് സ്വന്തമാക്കുന്ന നോട്ടങ്ങളൊക്കെയും ലോകത്തിന് നൽകുന്ന പ്രചോദനം ചെറുതല്ല.