
മലപ്പുറം: ബാലറ്റിലേക്ക് നീങ്ങാൻ ഒരുദിവസം മാത്രം ശേഷിക്കെ ദിവസങ്ങൾ നീണ്ട പരസ്യ പ്രചാരണവും പരീക്ഷണങ്ങളും വിലയിരുത്തുകയാണ് ജില്ലയിലെ മുന്നണി നേതൃത്വങ്ങൾ.
പി.ടി. അജയ് മോഹൻ
(യു.ഡി.എഫ് ജില്ലാ കൺവീനർ)
യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷമാണ് ജില്ലയിൽ എന്നും നിലനിന്നിട്ടുള്ളത്. ഇതുവരെ കണ്ടിട്ടില്ലാത്ത ഐക്യത്തോടെയാണ് യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ചരിത്രത്തിലെ ഏറ്റവും മികച്ച വിജയവും ഇത്തവണയുണ്ടാകും.
ഒരിക്കലും യു.ഡി.എഫിന്റെ പ്രചാരണത്തെ കവച്ചുവയ്ക്കാൻ ഇടതു മുന്നണിക്കോ എൻ.ഡി.എക്കോ സാധിക്കാറില്ല. ഇത്തവണയും അതിന് മാറ്റമൊന്നും ഉണ്ടായിട്ടില്ല.ഐക്യ ജനാധിപത്യ മുന്നണിയുടെ സമുന്നതരായ നേതാക്കന്മാരുടെ നിറഞ്ഞ സാന്നിദ്ധ്യം ജില്ലയെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. എൽ.ഡി.എഫിന്റെ പ്രചാരണവും നേതാക്കളുടെ സാന്നിദ്ധ്യവും ജില്ലയിൽ നാമമാത്രമായിരുന്നു.
കഴിഞ്ഞ രണ്ടു ഘട്ടത്തിലും ഉണ്ടായ പോളിംഗ് ശതമാനം പിണറായി സർക്കാരിനെതിരെ ഉള്ള ജനവികാരമാണ് കാണിക്കുന്നത്. തീർച്ചയായും അത് മുന്നണിക്ക് അനുകൂലമായിരിക്കും.
ഇ.എൻ.മോഹൻദാസ്
(സി.പി.എം ജില്ലാ സെക്രട്ടറി)
വലിയ ആത്മവിശ്വാസത്തിലും തികഞ്ഞ വിജയപ്രതീക്ഷയിലുമാണ് എൽ.ഡി.എഫ് മുന്നണി. 2015 ൽ ജില്ലയിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ സീറ്റുകളും കൂടുതൽ തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണവും ഇത്തവണ ഇടതുമുന്നണിക്ക് ലഭിക്കും. തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചപ്പോൾ ഉള്ളതിനേക്കാൾ വലിയ ആത്മവിശ്വാസം അവസാനഘട്ടത്തിലെത്തുമ്പോഴുണ്ട്.
രണ്ട് മന്ത്രിമാരും പാർട്ടി സെക്രട്ടറിയും ജില്ലയിൽ പ്രചാരണം നടത്തി. കൃത്യമായ സംഘടനാരീതി ഉള്ളതിനാൽ മറ്റു മുന്നണികളുടെ പോലെയല്ല എൽ.ഡി.എഫിന്റെ പ്രചാരണം. കൊവിഡ് പ്രോട്ടോകോളിന്റെ പശ്ചാത്തലത്തിൽ ഇത്തവണ പുതിയ പ്രചാരണ രീതിയാണ് അവലംബിച്ചത്. അത് വലിയ വിജയം കാണുന്നുണ്ട്.
ആദ്യ രണ്ടു ഘട്ടങ്ങളിലുണ്ടായ മികച്ച പോളിംഗ് ഇവിടെയും ആവർത്തിക്കും. സംസ്ഥാന സർക്കാരിന്റെ ജനപിന്തുണയാണ് മികച്ച പോളിംഗിന്റെ കാരണം. മലപ്പുറം മുനിസിപ്പാലിറ്റി അടക്കം ജില്ലയിൽ ഇത്തവണ ഇടതുപക്ഷം ചരിത്രം രചിക്കും.
രവി തേലത്ത്
(ബി.ജെ.പി ജില്ലാ പ്രസിഡന്റ്)
എൻ.ഡി.എയുടെ പ്രചാരണം ഇത്തവണ വളരെ മികച്ച രീതിയിലാണ് മുന്നോട്ടുപോയത്. മുന്നണി കൺവീനർ തുഷാർ വെള്ളാപ്പള്ളിയുടെയും ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം.ടി രമേശിനെയും പോലെയുള്ള നേതാക്കന്മാരുടെ സാന്നിദ്ധ്യം അവസാന ഘട്ടങ്ങളിൽ വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്. ജനങ്ങളിൽ നിന്ന് വലിയ സ്വീകരണം ലഭിക്കുന്നു. വോട്ടർമാരുടെ വലിയ പിന്തുണ നേതാക്കന്മാരെ പോലും ആവേശത്തിലാഴ്ത്തുന്നതാണ്.
മറ്റു ജില്ലകളിൽ കൊവിഡിനെ മറികടന്നുണ്ടായ പോളിംഗ് മുന്നണിക്ക് അനുകൂലമായിത്തീരും. സംസ്ഥാന സർക്കാരിനോടുള്ള പ്രതിഷേധമാണ് പോളിംഗിൽ പ്രതിഫലിക്കുന്നത്. 2015 ലെ തിരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ വലിയ വിജയം ജില്ലയിൽ ഇത്തവണ ഉണ്ടാകും. വലിയ മുന്നേറ്റമാണ് എൻ.ഡി.എ സൃഷ്ടിക്കാൻ പോകുന്നത്.'