malappuram
മലപ്പുറത്ത് നടന്ന കലാശക്കൊട്ട്

മലപ്പുറം: വോട്ടുകളൊന്നും ചാഞ്ചാടാതെ പെട്ടിയിലാക്കാൻ ലക്ഷ്യമിട്ടുള്ള നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാവും ഇനി. സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും നെഞ്ചിടിപ്പ് കൂടിയിട്ടുണ്ട്. ചാഞ്ചാടാൻ സാദ്ധ്യതയുള്ള വോട്ടുകൾ അനുകൂലമാക്കാനാനുള്ള തീവ്രശമങ്ങളിലാണ് പാർട്ടികൾ. വാർഡിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു പ്രത്യേകം കാണേണ്ടവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവരെ സ്വാധീനിക്കാൻ സ്ഥാനാർത്ഥി നേരിട്ടും പിന്നാലെ സ്ക്വാഡുകളുമെത്തും. നാളെ രാവിലെ ഏഴ് മണി മുതൽ വോട്ടുപിടിക്കാൻ സ്ഥാനാർത്ഥികൾ ഇറങ്ങും. അവസാന മണിക്കൂറുകളിൽ സോഷ്യൽ മീഡിയ പ്രചാരണത്തിനും ഏറെ പ്രാധാന്യമേകുന്നുണ്ട്. സ്ഥാനാർത്ഥിയെ സംബന്ധിച്ചും വികസനപ്രവർത്തനങ്ങൾ അവതരിപ്പിച്ചുമുള്ള ചെറിയ വീഡിയോകളാണ് തയ്യാറാക്കിയിട്ടുള്ളത്.

സ്ലിപ്പ് കൊടുക്കുന്ന പ്രവർത്തനങ്ങളും വോട്ടിംഗ് മെഷീനിൽ സ്ഥാനാർത്ഥിയുടെ സ്ഥാനവും ചിഹ്നവും പരിചയപ്പെടുത്തുന്നത് ഇന്നലെത്തോടെ പൂർത്തിയായി. പ്രായമായവരെയും വോട്ട് ചെയ്യിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിനായി മേഖല തിരിച്ച് പ്രവത്തകർക്ക് പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. രാവിലെ പത്തിനകം ഇത്തരം വോട്ടുകൾ ഉറപ്പാക്കാനാണ് തീരുമാനം. വോട്ടർമാരെ കൃത്യമായി തിരിച്ചറിയാൻ കഴിയുന്നവരെ ബുത്ത് ഏജന്റുമാരാക്കി ചുമതല കൈമാറിയിട്ടുണ്ട്. ഒരുവാർഡിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തി ഒരുബൂത്തിൽ മൂന്ന് ഏജന്റുമാർക്ക് വരെ ചുമതലയേകിയിട്ടുണ്ട്. നാളെ ജനം ബൂത്തിലേക്ക് നീങ്ങുന്നതിന് മുമ്പ് പിഴവുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കും.
കൊവിഡിന്റെ സാഹചര്യത്തിൽ നഗരങ്ങളും പ്രധാനസ്ഥലങ്ങളും കേന്ദ്രീകരിച്ചുള്ള കലാശക്കൊട്ടിന് വിലക്കുണ്ടായിരുന്നെങ്കിലും ആവേശക്കൊട്ടിന് കുറവുണ്ടായില്ല. യുവാക്കളെ അണിനിരത്തിയുള്ള ബൈക്ക് റാലിയാണ് പ്രധാനമായും നടന്നത്. നഗരപ്രദേശങ്ങളിലേക്കാൾ ഗ്രാമങ്ങളിലാണ് കലാശക്കെട്ടിന് കൂടുതൽ ആവേശമുണ്ടായത്.

ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികൾ ഡിവിഷൻ പരിധിയിലെ വാർഡുകളിലെ പ്രധാന കേന്ദ്രങ്ങളിലെത്തി വോട്ട് അഭ്യാത്ഥിച്ചു. ഗ്രാമപഞ്ചായത്തുകളിലെ സ്ഥാനാർത്ഥികൾ ഉച്ചവരെ ഗൃഹസന്ദർശനം നടത്തിയ ശേഷം റോഡ് ഷോയിൽ പങ്കെടുത്തു. അനൗൺസ്‌മെന്റ് വാഹനങ്ങൾക്ക് പിന്നിൽ വരിവരിയായി ബൈക്കുകളും അണിനിരന്നു. അവസാന നിമിഷം ശക്തി വിളിച്ചോതുകയായിരുന്നു ലക്ഷ്യം.