election
ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ടി ആർ അഹമ്മദ് കബീറിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന പോൾ മാനേജർ മൊബൈൽ ആപ്പ് ജില്ലാ കോഡിനേറ്റർമാരുടെ യോഗം.

മലപ്പുറം: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നാളെ നടക്കുന്ന തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയതായി മുഖ്യവരണാധികാരി കൂടിയായ ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ കളക്ടറേറ്റിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു.

19,875 ഉദ്യോഗസ്ഥരെ പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. 31,000 ഉദ്യോഗസ്ഥർ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. 33,54,646 വോട്ടർമാരാണ് ജില്ലയിലുള്ളത്. ഇതിൽ 16,29,149 പുരുഷൻമാരും 17,25,449 സ്ത്രീകളും 48 ട്രാൻസ്‌ജെൻഡറുമാണ് ഉള്ളത്. 3,975 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. ഗ്രാമപഞ്ചായത്തിൽ 3,459 ഉം മുനിസിപ്പാലിറ്റികളിൽ 516 ഉം പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്. 100 പ്രശ്നബാധിതബൂത്തുകളിൽ 56 ബൂത്തുകളിൽ വെബ്കാസ്റ്റിംഗും 44 ബൂത്തുകളിൽ വിഡിയോ കവറേജും സജ്ജീകരിക്കും.പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ എട്ട് മുതൽ ആരംഭിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി തിരക്കൊഴിവാക്കുന്നതിന് പ്രത്യേക സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ എല്ലാഘട്ടങ്ങളിലും കൊവിഡ് പെരുമാറ്റച്ചട്ടം ഉറപ്പാക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. കോവിഡ് പോസിറ്റിവ് ആയ 18,507 പേർ ഇതിനകം സ്‌പെഷ്യൽ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ തലേ ദിവസം മൂന്ന് വരെ കൊവിഡ് പോസിറ്റിവ് ആയവർക്കും ക്വാറന്റൈനിൽ ഉള്ളവർക്കുമാണ് പ്രത്യേക തപാൽ വോട്ട് അനുവദിക്കുന്നത്. ഡിസംബർ 13ന് മൂന്നിന് ശേഷം കൊവിഡ് പോസിറ്റിവ് ആകുന്നവർക്കും നിരീക്ഷണത്തിൽ പ്രവേശിക്കുന്നവർക്കും തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറിൽ വോട്ട് ചെയ്യാൻ അവസരം നൽകും. ഇവർ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വൈകിട്ട് ആറിന് മുമ്പ് പോളിംഗ് സ്റ്റേഷനിൽ എത്തണം.