hhhhh

മലപ്പുറം ജില്ലയിൽ വോട്ടർമാർ ഇന്ന് വിധിയെഴുതും. പോളിംഗ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 8387 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ജില്ലയിൽ 33,54,646 വോട്ടർമാരാണുള്ളത്. ഇതിൽ 16,29,149 പുരുഷ വോട്ടർമാരും 17,25,449 വനിത വോട്ടർമാരുമാണ്. 48 ട്രാൻസ്‌ജെൻഡറുകളും ജില്ലയിൽ വോട്ടർമാരായുണ്ട്. സംസ്ഥാനത്ത് മൂന്നാംഘട്ടമായി നടത്തുന്ന ജില്ലയിലെ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനായി നഗരസഭകളിലെ 516 ഉം ഗ്രാമപഞ്ചായത്തുകളിലെ 3459 ഉം ഉൾപ്പെടെ ജില്ലയിലാകെ 3975 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ 100 എണ്ണം പ്രശ്നബാധിത ബൂത്തുകളാണ്. 56 പോളിംഗ് സ്റ്റേഷനുകളിൽ വെബ് കാസ്റ്റിംഗും 44 സ്റ്റേഷനുകളിൽ വീഡിയോ കവറേജും

ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പിന് മുന്നോടിയായി പോളിംഗ് സാമഗ്രികൾ വിവിധ കേന്ദ്രങ്ങളിൽ നിന്ന് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി.

കൊവിഡ് സാഹചര്യമായതിനാൽ തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും പ്രത്യേക മുന്നൊരുക്കമാണ് നടത്തിയത്. ഹരിത പ്രോട്ടോകോൾ പാലനത്തിനും കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ സുഗമമാക്കാൻ പോൾ മാനേജർ എന്ന മൊബൈൽ ആപ്പ് ഇത്തവണ ഉപയോഗിക്കുന്നു. പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ, പോളിംഗ് ഓഫീസർമാർ, പോളിംഗ് അസിസ്റ്റന്റ് എന്നിങ്ങനെ ഓരോ പോളിംഗ് സ്റ്റേഷനിലേക്കും അഞ്ച് ജീവനക്കാർ എന്ന ക്രമത്തിൽ 19,875 ജീവനക്കാരെ ജില്ലയിലെ 3,975 പോളിംഗ് സ്റ്റേഷനുകളിലേക്ക് നിയോഗിച്ചു. ഡിസംബർ 13 ന് വൈകിട്ട് മൂന്നിന് ശേഷം കൊവിഡ് പോസിറ്റിവ് ആകുന്നവർക്കും നിരീക്ഷണത്തിൽ പ്രവേശിക്കുന്നവർക്കും തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറിൽ വോട്ട് ചെയ്യാൻ അവസരമുണ്ടാകും. ഇവർ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വൈകിട്ട് ആറിന് മുമ്പ് പോളിംഗ് സ്റ്റേഷനിലെത്തണം. കൊവിഡ് പോസിറ്റിവായ 18,507 പേർ ഇതിനകം സ്‌പെഷ്യൽ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. പോളിംഗ് ബൂത്തുകളിലെ ക്രമസമാധാന പാലനത്തിനായി 6190 പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു. 63 സ്ത്രീകളും 82 പുരുഷന്മാരുമായി 145 പേരാണ് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്. വിവിധ ബ്ലോക്ക് പഞ്ചായത്തുകളിൽ 839 പേരാണ് ജനവിധി തേടുന്നത്. ഇതിൽ 384 പേർ സ്ത്രീകളും 455 പേർ പുരുഷന്മാരുമാണ്. 94 ഗ്രാമപഞ്ചായത്തുകളിലേക്കായി 3033 സ്ത്രീകളും 2846 പുരുഷന്മാരുമായി 5879 പേരാണ് മത്സരരംഗത്തുള്ളത്. ജില്ലയിലെ 12 മുൻസിപ്പാലിറ്റികളിലേക്കായി 1524 പേർ മത്സര രംഗത്തുണ്ട്. ഇതിൽ 708 സ്ത്രീകളും 816 പുരുഷൻമാരുമാണ്.

കള്ളവോട്ട്: ഒരു വർഷം വരെ തടവ് ലഭിക്കും

മറ്റൊരാളുടെ വോട്ട് ചെയ്യാൻ ശ്രമിക്കുകയോ തന്റെ തന്നെ വോട്ട് മുമ്പ് ചെയ്ത വിവരം മറച്ചുവച്ച് വീണ്ടും വോട്ട് ചെയ്യാൻ ശ്രമിക്കയോ ചെയ്യുന്നത് ഐ.പി.സി. 171 എഫ് അനുസരിച്ച് ഒരു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ആരുടെയെങ്കിലും പ്രേരണയ്ക്ക് വഴങ്ങിയാണ് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചതെങ്കിലും ശിക്ഷയിൽ നിന്ന് ഒഴിവാവാനാവില്ല. മറ്റൊരാളുടെ തിരിച്ചറിയൽ രേഖ വ്യാജമായി ഉണ്ടാക്കിയാണ് വോട്ട് ചെയ്യാൻ ശ്രമിച്ചതെങ്കിൽ വ്യാജരേഖ ചമച്ചതിനും ആൾമാറാട്ടം നടത്തിയതിനും കൂടി കേസ് രജിസ്റ്റർ ചെയ്യും.

സമാധാന പൂർണ്ണമായ തിരഞ്ഞെടുപ്പിനും സമ്മതിദായകർക്ക് നിർഭയമായി വോട്ട് ചെയ്യാൻ പൂർണ്ണ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും കൊവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കുന്നതിനും രാഷ്ട്രീയ കക്ഷികളും സ്ഥാനാർത്ഥികളും പൊതുജനങ്ങളും സഹകരിക്കണം

കെ. ഗോപാലകൃഷ്ണൻ

ജില്ലാകളക്ടർ


സമ്മതിദായകർക്ക് ഹാജരാക്കാവുന്ന തിരിച്ചറിയൽ രേഖകൾ

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ച എസ്.എസ്.എൽ.സി ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസം മുൻപുവരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ് ബുക്ക്, വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർത്തിട്ടുള്ള വോട്ടർമാർക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് എന്നിവ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം.


കൊവിഡ് പശ്ചാത്തലത്തിൽ വോട്ടർമാർക്കുള്ള നിർദ്ദേശങ്ങൾ

• ശരിയായ രീതിയിൽ മാസ്‌ക് ധരിച്ച് മാത്രം പോളിംഗ് ബൂത്തിൽ പ്രവേശിക്കണം.
• വോട്ട് ചെയ്യാൻ കുട്ടികളെ കൊണ്ടുപോകരുത്.
• പോളിംഗ് സ്റ്റേഷന്റെ പരിസരത്തും ക്യൂവിലും കൃത്യമായ അകലം പാലിക്കണം.
• പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിന് മുമ്പും വോട്ട് ചെയ്ത് കഴിഞ്ഞും
കൈകൾ സാനിറ്റൈസ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം.
• രജിസ്റ്ററിൽ ഒപ്പുവയ്ക്കാൻ സ്വന്തമായി പേന കരുതുക.
• ഹസ്തദാനം ഒഴിവാക്കുക.
• മാസ്‌കുകളും തൂവാലകളും അലക്ഷ്യമായി വലിച്ചെറിയരുത്.
• പ്ലാസ്റ്റിക് ബാഗുകളും കുപ്പികളും കൊണ്ടുവരാതെ ശ്രദ്ധിക്കണം. കുടിവെള്ളം
സ്റ്റീൽ കുപ്പികളിൽ കൊണ്ടുവരാം.


56 പ്രശ്ന ബാധിത ബൂത്തുകളിൽ കാമറകണ്ണുകൾ

വോട്ടെടുപ്പ് ദിനത്തിൽ ജില്ലയിലെ 56 പ്രശ്ന ബാധിത ബൂത്തുകളിൽ കാമറകണ്ണുകൾ. അക്ഷയ, കെൽട്രോൺ, ബിഎസ്എൻഎൽ, ഐടി മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വെബ്കാസ്റ്റിംഗ് സംവിധാനം സജ്ജീകരിച്ചത്. കളക്ട്രേറ്റിലെ കൺട്രോൾ റൂമിന്റെ നിയന്ത്രണത്തിലാണ് വെബ്കാസ്റ്റിംഗ്. 56 പ്രശ്ന ബാധിത ബൂത്തുകളിലും അക്ഷയയുടെ മേൽനോട്ടത്തിൽ ഓരോ വെബ്കാസ്റ്റിംഗ് ഓപ്പറേറ്റർമാരുണ്ടാകും.

പേന ഉപയോഗിച്ച് വോട്ടുചെയ്യരുത്

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്താൻ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ പേനയോ അതു പോലുള്ള മറ്റേതെങ്കിലും സാധനങ്ങളോ ഉപയോഗിക്കാൻ പാടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.