died

കൊണ്ടോട്ടി: വോട്ടിംഗിനിടെ ബൂത്ത് ഏജന്റ് ഹൃദയാഘാതം മൂലം മരിച്ചു. കാലിക്കറ്റ് സർവകലാശാല കാമ്പസിനടുത്ത് ചെനക്കൽ നെടുങ്ങോട്ടുമാട് കൈതകളത്ത് വീട്ടിൽ വാകേരി അബൂബക്കറിന്റെ മകൻ അസൈൻ സാദിഖ് (33) ആണ് മരിച്ചത്. പള്ളിക്കൽ പഞ്ചായത്തിലെ വാർഡ് 19ൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി കണ്ണനാരി ബഷീറിന്റെ ചീഫ് ഇലക്‌ഷൻ ഏജന്റായി ചെനക്കൽ കോ-ഓപ്പറേറ്റീവ് കോളേജിലൊരുക്കിയ ഒന്നാം നമ്പർ ബൂത്തിലിരിക്കെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. സഹപ്രവർത്തകർ ആദ്യം ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ വഴിമദ്ധ്യേ മരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം രാത്രിയോടെ നെടുങ്ങോട്ടുമാട് മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി. ഇയാളുടെ ഏക സഹോദരൻ ഒരു വർഷം മുമ്പു ഹൃദയാഘാതം മൂലം മരിച്ചിരുന്നു. ഭാര്യ: റൈഹാനത്ത്. മക്കൾ: ആയിഷ റിയ, റെമീസ് അസൽ. മാതാവ്: ആയിഷ.