 
മലപ്പുറം: കൊവിഡ് ഭീതി വോട്ടർമാരെ ബുത്തിൽ നിന്ന് അകറ്റുമോയെന്ന ആശങ്കകളെല്ലാം കാറ്റിൽപറത്തി ജില്ലയിൽ കനത്ത പോളിംഗ്. 78.92ശതമാനമാണ് പോളിംഗ്. രാവിലെ മുതൽ കനത്ത പോളിംഗ് രേഖപ്പെടുത്തി. രാവിലെ ആറിന് തന്നെ ബൂത്തിലെത്തി വോട്ട് ചെയ്യാൻ കാത്തുനിന്നവരുണ്ട്. ഉച്ചയ്ക്ക് മുമ്പുതന്നെ പോളിംഗ് 50 ശതമാനം പിന്നിട്ടിരുന്നു. വോട്ടെടുപ്പിൽ ഒറ്റപ്പെട്ട അക്രമങ്ങൾ ചിലയിടങ്ങളിലുണ്ടായി. പെരുമ്പടപ്പ് കോടത്തൂരിലെ പോളിംഗ് ബൂത്തിലുണ്ടായ സംഘർഷത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് പരിക്കേറ്റു. ഓപ്പൺ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. താനൂർ തയ്യാല റെയിൽവേ ഗേറ്റ് വാർഡിൽ വോട്ടിനെത്തുന്നവരെ സ്വാധീനിക്കുന്നെന്ന് ആരോപിച്ച് യു.ഡി.എഫ്, എൽ.ഡി.എഫ് പ്രവർത്തകർ ഏറ്റുമുട്ടി. മുൻ കൗൺസിലർക്ക് പരിക്കേറ്റു. രണ്ടിടങ്ങളിലും കനത്ത പൊലീസ് കാവലിലാണ് വോട്ടെടുപ്പ് തുടർന്നത്. സംഘർഷ സാദ്ധ്യതാപ്രദേശങ്ങളിൽ നേരത്തെ തന്നെ കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ വാഹനങ്ങളും നിരന്തരം ബൂത്തുകളിലെത്തി. കൊവിഡിന്റെ സാഹചര്യത്തിൽ വോട്ടർമാരെ നേരത്തെ തന്നെ ബൂത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പാർട്ടി പ്രവർത്തകർ സജീവമായി രംഗത്തുവന്നത് തുടക്കം മുതൽ പോളിംഗ് ഉയരാൻ സഹായകരമായി. കൊവിഡ് രോഗി ബൂത്തിലെത്തിയെന്ന വ്യാജ സന്ദേശങ്ങളുണ്ടായാൽ തിരിച്ചടി നേരിടുമോയെന്ന ഭയത്തിലായിരുന്നു പാർട്ടികൾ. വോട്ടർമാരെ എത്തിക്കാൻ സ്ഥാനാർത്ഥികൾ വാഹന സൗകര്യങ്ങൾ ഒരുക്കാൻ പാടില്ലെങ്കിലും ഈ നിബന്ധനയെല്ലാം മറികടന്നുള്ള പ്രവർത്തനങ്ങളായിരുന്നു എങ്ങും. ഓരോ വോട്ടറെയും ബൂത്തിലെത്തിക്കാൻ ശ്രമിച്ചു. സാധാരണഗതിയിൽ പ്രായമായവരെ തിരക്ക് കുറവുള്ള ഉച്ചസമയങ്ങളിലും വൈകിട്ടുമാണ് എത്തിക്കാറെങ്കിൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ നേരത്തെ തന്നെയെത്തിച്ചു. വോട്ടർമാർ ഒഴുകിയതോടെ കൊവിഡ് മാനദണ്ഡങ്ങളും പാലിക്കാൻ കഴിയാതെയായി. ബൂത്തുകളിൽ വോട്ടർമാർ അകലം പാലിച്ച് നിൽക്കുന്നതിന് പ്രത്യേകം സ്ഥാനങ്ങൾ അടയാളപ്പെടുത്തിയിരുന്നെങ്കിലും ഇതൊന്നും നടപ്പായില്ല. ഇന്നലെ വോട്ടിംഗ് നടന്ന നാല് ജില്ലകളിൽ തുടക്കം മുതൽ പോളിംഗിൽ മലപ്പുറമായിരുന്നു മുന്നിൽ. ജില്ലയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ടുകൾ രേഖപ്പെടുത്തി. ആദ്യ മണിക്കൂറിൽ കൂടുതൽ വോട്ടുകൾ പെട്ടിയിലാക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു എൽ.ഡി.എഫ്. ഉച്ചയ്ക്ക് ശേഷം കൂടുതൽ യു.ഡി.എഫ് വോട്ടുകളാണ് പോൾ ചെയ്യപ്പെടാറെങ്കിൽ ഇത്തവണ ഈ പതിവും തെറ്റി. സ്ത്രീകൾ അടക്കമുള്ള വോട്ടർമാർ കൂട്ടത്തോടെ ബൂത്തുകളിലെത്തി. ആരോപണ പ്രത്യാരോപണങ്ങളെ തുടർന്ന് ഇത്തവണ തിരഞ്ഞെടുപ്പിന് കൂടുതൽ വീറും വാശിയും പ്രകടമായിരുന്നു. വെൽഫയർ പാർട്ടിയുമായുള്ള മുസ്ലിം ലീഗ് ബന്ധം, സംസ്ഥാന സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങൾ, സ്വർണ്ണകള്ളക്കടത്ത് തുടങ്ങിയവ വലിയ ചർച്ചകൾക്ക് വഴിമരുന്നിട്ടു. സോഷ്യൽമീഡിയയെ കൂടുതൽ ആശ്രയിച്ചുള്ള തിരഞ്ഞെടുപ്പെന്ന പ്രത്യേകത കൂടിയുണ്ട്. വൈകിട്ട് അഞ്ചോടെ കൊവിഡ് പോസിറ്റീവ് ആയവർക്കും ക്വാറന്റൈൻ നിർദ്ദേശിക്കപ്പെട്ടവർക്കും വോട്ട് ചെയ്യാൻ അവസരം ലഭിച്ചു. പോളിംഗ് ബൂത്തിൽ ഉദ്യോഗസ്ഥരും പോളിംഗ് ഏജന്റുമാരും അടക്കമുള്ളവർ പി.പി.ഇ കിറ്റ് ധരിച്ച ശേഷമാണ് പോസിറ്റീവ് ആയവരും ക്വാറന്റൈനിൽ കഴിയുന്നവരും വോട്ടിനായി ബൂത്തിലെത്തിയത്. വോട്ടിംഗ് സമയം വൈകിട്ട് ആറിന് തീരും മുമ്പ് തന്നെ പല ബൂത്തുകളിലും തിരക്കൊഴിഞ്ഞിരുന്നു.
പോളിംഗ് ശതമാനം ബ്ളോക്ക് പഞ്ചായത്ത്
അരീക്കോട് - 83.34 നിലമ്പൂർ - 81.72 കൊണ്ടോട്ടി - 80.82 കാളികാവ് - 80.31 വണ്ടൂർ - 79.97 മലപ്പുറം - 79.83 മങ്കട - 77.98 പെരിന്തൽമണ്ണ - 77.56 താനൂര് - 77.45 തിരൂരങ്ങാടി - 77.44 കുറ്റിപ്പുറം - 77.41 തിരൂർ - 76.47 പൊന്നാനി - 75.67 വേങ്ങര - 74.64 പെരുമ്പടപ്പ് - 73.47
എല്ലാം സുസജ്ജം നാളെ വിധിയറിയാം
മലപ്പുറം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണുന്നതിന് മുന്നോടിയായി ഇന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങൾ അണുവിമുക്തമാക്കും. വോട്ടെണ്ണൽ ദിവസം ഹാളിനകത്തും പുറത്തും യാതൊരു വിധത്തിലും ആൾക്കൂട്ടം ഉണ്ടാകാൻ പാടില്ലെന്നാണ് നിർദ്ദേശം. കൊവിഡ് പശ്ചാത്തലത്തിൽ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികൾക്ക് അവരുടെ തിരഞ്ഞെടുപ്പ് ഏജന്റിന് പുറമെ ഒരു കൗണ്ടിംഗ് ഏജന്റിനെ മാത്രം വോട്ടെണ്ണലിന് ചുമതലപ്പെടുത്താം. കൗണ്ടിംഗ് ഏജന്റുമാർ കൊവിഡ് പശ്ചാത്തലത്തിൽ കർശനമായി സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കും. ഓരോ തലത്തിലും ലഭിക്കുന്ന മറ്റ് പോസ്റ്റൽ ബാലറ്റുകൾ വോട്ടെണ്ണൽ ദിവസം രാവിലെ എട്ടിനു മുമ്പു തന്നെ അതത് വരണാധികാരികൾ ലഭ്യമാക്കും. ഓരോ തലത്തിലെയും പോസ്റ്റൽ ബാലറ്റുകൾ വരണാധികാരികൾ മാത്രമേ തുറക്കാവൂ. സാധാരണ പോസ്റ്റൽ ബാലറ്റുകളും സ്‌പെഷ്യൽ പോസ്റ്റലുകളും അതത് വരണാധികാരികൾ വേണം എണ്ണാൻ. ജില്ലാ പഞ്ചായത്തുകളിലെ മുഴുവൻ പോസ്റ്റൽ ബാലറ്റുകളും ജില്ലാ പഞ്ചായത്ത് വരണാധികാരിയുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ വേണം എണ്ണേണ്ടത്. വരണാധികരിയുടെ നേതൃത്വത്തിൽ ആവശ്യമെങ്കിൽ ഒന്നിലധികം ടേബിളുകൾ ഇതിനായി സജ്ജമാക്കാം. വോട്ടെണ്ണൽ ആരംഭിച്ച ശേഷം വരണാധികാരകൾക്ക് ലഭിക്കുന്ന കവറുകൾ ഒരു കാരണവശാലും തുറക്കാൻ പാടില്ല. അവയ്ക്ക് പുറത്ത് സ്വീകരിച്ച സമയം രേഖപ്പെടുത്തി മറ്റ് രേഖകൾക്കൊപ്പം സുരക്ഷിതമായി സൂക്ഷിക്കണം. ആഹ്‌ളാദ പ്രകടനങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണോ എന്നതും പരിശോധിക്കും.
ഒറ്റപ്പെട്ട ഇടങ്ങളിൽ യന്ത്രത്തകരാറുകൾ
മലപ്പുറം: ഇത്തവണത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി. പകരം പുതിയ യന്ത്രങ്ങളെത്തിച്ചാണ് വോട്ടിംഗ് പുനരാരംഭിച്ചത്. ജില്ലയിലെ 12 ഓളം ഇടങ്ങളിലാണ് വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായത്. അതേസമയം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 200 ലധികം സ്ഥലങ്ങളിൽ യന്ത്രത്തകരാറുകൾ ഉണ്ടായിരുന്നു. മലപ്പുറം ടൗണിൽ സ്ഥിതി ചെയ്യുന്ന മലപ്പുറം നഗരസഭ 15-ാം വാർഡിലെ ബൂത്തായ സെന്റ് ജമ്മാസ് സ്‌കൂളിൽ ഒന്നര മണിക്കൂറിന് ശേഷമാണ് വോട്ടിംഗ് പുനരാരംഭിച്ചത്. കളക്ട്രേറ്റിന് 200 മീറ്റർ മാത്രം അകലത്തിലാണ് ഈ സ്‌കൂൾ. അങ്ങാടിപ്പുറം പഞ്ചായത്തിലെ തരകൻ സ്‌കൂളിലെ ബൂത്ത്, എടവണ്ണയിലെ 12-ാം വാർഡിലെ രണ്ടാം ബൂത്ത്, മൂർക്കനാട് പഞ്ചായത്തിലെ 5 -ാം വാർഡായ ഓണപ്പുട എന്നിടത്തെല്ലാം വോട്ടിംഗ് യന്ത്രം പണിമുടക്കി.
സംഘർഷം , പരിക്ക്
മലപ്പുറം: പെരുമ്പടപ്പ് കോടത്തൂരിൽ മിഫ്താഹുൽ ഉലൂം മദ്രസയിലെ പോളിംഗ് ബൂത്തിനു മുന്നിൽ യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. യുഡിഎഫ് സ്ഥാനാർത്ഥി സുഹറ അഹമ്മദിന് പരിക്കേറ്റു. സംഘർഷത്തെത്തുടർന്ന് പൊലീസ് ലാത്തി വീശി. ഓപ്പൺ വോട്ട് ചെയ്യാൻ പ്രായമായ വ്യക്തിയെ കൊണ്ടു വന്നപ്പോൾ കൂടെ ഉണ്ടായിരുന്നത് ബന്ധുവല്ലെന്ന് യു.ഡി.എഫ് പ്രവർത്തകർ ആരോപിക്കുകയും ഇത് വാക്കേറ്റത്തിനിടയാക്കുകയും ചെയ്തു. ഇതാണ് സംഘർഷത്തിലേക്ക് വഴിവച്ചത്. രാവിലെ 10 ഓടെയാണ് സംഭവം. സംഘർഷവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലയിലെ താനൂർ നഗരസഭയിലെ 16-ാം വാർഡിലാണ് മറ്റൊരു സംഘർഷമുണ്ടായത്. വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് പ്രശ്നമുണ്ടായത്. മുൻ വാർഡ് കൗൺസിലറായ ലഹ്യ റഹ്മാന് സംഘർഷത്തിൽ പരിക്കേറ്റു.
പോരാട്ടച്ചൂട് മറന്ന് തീൻമേശയിൽ സ്ഥാനാർത്ഥികൾ
മഞ്ചേരി: തീപാറും പോരാട്ടം നടന്ന മഞ്ചേരി കിഴക്കേതലയിലെ 16ാം വാർഡിൽ പോരാട്ടച്ചൂട് മാറ്റിവച്ച് ഉച്ചഭക്ഷണത്തിന് ഒത്തുചേർന്ന് സ്ഥാനാർത്ഥികൾ. പ്രതിപക്ഷ നേതാവായിരുന്ന സി.പി.എമ്മിലെ അഡ്വ: ഫിറോസ് ബാബു, മുസ്ലിം ലീഗിലെ തലാപ്പിൽ അബ്ദുൾ ജലീൽ എന്ന കുഞ്ഞാൻ, എസ്.ഡി.പി.ഐയിലെ അബ്ദുൾ ലത്തീഫ് വല്ലാഞ്ചിറ എന്നിവരാണ് രാഷ്ടീയ വൈര്യത്തിനുമപ്പുറത്തുള്ള സൗഹാർദ്ദ മാതൃകയായത്. കടുത്ത പോരാട്ടത്തിന്റെ വാശിയും വീറും മാറ്റിവച്ച് സൗഹൃദാന്തരീക്ഷത്തിൽ കളിയും ചിരിയുമായാണ് സ്ഥാനാർത്ഥികൾ ഒത്തുചേർന്നത്. പോളിംഗ് ബൂത്തിന് സമീപത്തെ വീട്ടിലായിരുന്നു മൂന്നുപേർക്കും ഭക്ഷണം ഒരുക്കിയിരുന്നത്.