മലപ്പുറം: കൊവിഡിനെയും വകഞ്ഞു മാറ്റിയുള്ള പോളിംഗ് മുന്നേറ്റം ആരെ തുണയ്ക്കുമെന്നത് ഇന്നറിയാം. സ്ഥാനാർത്ഥികളുടെയും പാർട്ടികളുടെയും നെഞ്ചിടിപ്പ് കൂട്ടുന്ന നിമിഷങ്ങളാണ് ഇനി. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളെല്ലാം ജില്ലാ, പ്രാദേശിക തലങ്ങളിൽ നേതൃയോഗങ്ങൾ ചേർന്ന് വിജയ, പരാജയ സാദ്ധ്യതകൾ വിലയിരുത്തി. ബൂത്തുകളിൽ നിന്ന് കിട്ടിയ കണക്കുകൾ പ്രകാരം തിരഞ്ഞെടുപ്പ് ദിവസം രാത്രി തന്നെ തങ്ങൾക്ക് കിട്ടാവുന്ന വോട്ടുകൾ സംബന്ധിച്ച ഏകദേശ ധാരണ പാർട്ടികൾ ഉണ്ടാക്കിയിട്ടുണ്ട്. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾ. കഴിഞ്ഞ തവണത്തേക്കാൾ വലിയ മുന്നേറ്റമാണ് എൻ.ഡി.എയുടെ പ്രതീക്ഷ.
2015ലെ മുന്നേറ്റമുണ്ടാവില്ലെന്ന വിലയിരുത്തലിലാണ് എൽ.ഡി.എഫ്. 2010ൽ ഉണ്ടായ വലിയ മുന്നേറ്റത്തിന്റെ അത്ര പ്രതീക്ഷ യു.ഡി.എഫും പുലർത്തുന്നില്ല. വാശിയേറിയ മത്സരങ്ങൾ നടക്കുന്ന ഇടങ്ങളിൽ സംഘർഷ സാദ്ധ്യത മുൻനിറുത്തി പൊലീസ് പട്രോളിംഗ് ശക്തമാക്കും.
200 വോട്ടിന് മുകളിൽ ഭൂരിപക്ഷം കണക്കൂകൂട്ടുന്ന വാർഡുകളിൽ വിജയാഘോഷത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ട്. പാർട്ടി നിറങ്ങളിലുള്ള ലഡുവിന് ഇതിനകം തന്നെ ഓർഡർ നൽകി. ബേക്കറി വ്യാപാരികൾ സ്പെഷൽ ലഡുകൾ തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ ബുക്കിംഗിൽ കഴിഞ്ഞ തവണത്തെ അത്ര ആവേശമില്ലെന്ന് വ്യാപാരികൾ പറയുന്നു. ക്രിസ്മസ് വിപണി ലക്ഷ്യമിട്ടിറക്കിയ പടക്കങ്ങൾ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് ശബ്ദ ഗാംഭീര്യം കൂട്ടും. വിജയമുറപ്പിച്ചവർ സ്റ്റുഡിയോകളിൽ വിജയഗാനം റെക്കോർഡിംഗ് ചെയ്യുന്നതിന്റെയും ആഘോഷ റാലിക്കുള്ള ഒരുക്കങ്ങളുടെയും തിരക്കിലാണ്. 50 വോട്ടുകളിൽ താഴെ ഭൂരിപക്ഷം വിലയിരുത്തുന്ന ഇടങ്ങളിൽ ഇത്തരം ഒരുക്കങ്ങളൊന്നുമില്ല. ഇവിടങ്ങളിലെ ഫലം പ്രവചനാതീതമാണെന്നാണ് മുൻ അനുഭവങ്ങളിൽ നിന്ന് നേതൃത്വങ്ങൾ പറയുന്നത്.
ഉച്ചയോടെ ചിത്രം വ്യക്തമാവും
രാവിലെ എട്ടിനാണ് വോട്ടെണ്ണൽ തുടങ്ങുക. 27കേന്ദ്രങ്ങൾ ജില്ലയിലുണ്ട്. തപാൽ, സ്പെഷൽ വോട്ടുകൾ ആദ്യമെണ്ണും. ഒന്നുമുതലുള്ള ക്രമത്തിലാവും വാർഡുകളുടെ വോട്ടെണ്ണൽ. നഗരസഭകളുടെ ഫലമാവും ആദ്യം എണ്ണുക. 20 മിനിറ്റിനുള്ളിൽ തന്നെ ആദ്യ സൂചനകൾ പുറത്തുവരും. പഞ്ചായത്തുകളിലെ ഫല സൂചനകൾ ഒരു മണിക്കൂറിനുള്ളിൽ അറിയാം. തൊട്ടുപിന്നാലെ ബ്ലോക്ക് പഞ്ചായത്തുകളിലെ ഫലസൂചനകളുമെത്തും. അവസാനമാവും ജില്ലാ പഞ്ചായത്തിലെ ഫലസൂചനകൾ വരിക. രാവിലെ പതിനൊന്നോടെ തന്നെ വ്യക്തമായ ചിത്രം ലഭിക്കും.