
മലപ്പുറം: തിരഞ്ഞെടുപ്പ് ഫലത്തിൽ യു.ഡി.എഫിന് മേൽക്കൈ പ്രകടമാകുമെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൽ.ഡി.എഫിന് നല്ല പരിക്ക് തിരഞ്ഞെടുപ്പിലുണ്ടാവും. നെഗറ്റീവായ സർക്കാരിനെതിരെയാവും ജനവിധി. ഭരണവിരുദ്ധ വികാരത്തിന്റെ വർദ്ധനവാണ് പോളിംഗ് ശതമാനത്തിൽ കാണുന്നത്. യു.ഡി.എഫ് ശക്തികേന്ദ്രങ്ങളിൽ ഏകപക്ഷീയമായ വിജയമായിരിക്കും. മലപ്പുറത്ത് യു.ഡി.എഫ് തൂത്തുവാരുമെന്ന് കോടിയേരി സമ്മതിച്ച സ്ഥിതിക്ക് അത് കേരളത്തിന്റെ തിരഞ്ഞെടുപ്പ് ഫലമാണ് കാണിക്കുന്നത്. കേരളത്തിന്റെ ഫലത്തിനോട് ഒപ്പം തന്നെയാണ് എന്നും മലപ്പുറം നിന്നിട്ടുള്ളത്. കേരള കോൺഗ്രസിന്റെ ഒരുകഷ്ണം ചെന്നിട്ട് എൽ.ഡി.എഫിനെ എത്രകണ്ട് രക്ഷിക്കും. ഞങ്ങളെ കേരള കോൺഗ്രസ് രക്ഷിക്കുമെന്ന് എൽ.ഡി.എഫ് നിരന്തരം പറയുന്നത് തന്നെ അവർക്ക് ശക്തിശോഷണമുണ്ടായതിന്റെ തെളിവാണ്. കേരള കോൺഗ്രസിന്റേത് യു.ഡി.എഫ് വോട്ടുകളാണ്. കേരളത്തിൽ ഒന്നടങ്കം യു.ഡി.എഫ് നേട്ടമുണ്ടാക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.