ddd

തിരൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിച്ച തലക്കാട് ഗ്രാമപഞ്ചായത്ത് 15ാം വാർഡിലെ ഇടതുപക്ഷ സ്ഥാനാർത്ഥി എരഞ്ഞിക്കൽ സഹീറബാനു(50) 248 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. സഹീറബാനുവിന് 484 വോട്ട് ലഭിച്ചപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് 236 വോട്ടേ ലഭിച്ചുള്ളൂ. 10ന് പാറശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സഹീറബാനു ജനവിധി വരുന്നതിന്റെ തലേന്നാണ് മരിച്ചത്. സഹോദരന്റെ മകനുമൊത്ത് ബൈക്കിൽ ബാങ്കിൽ നിന്ന് വരുന്നതിനിടെ കാറിടിക്കുകയായിരുന്നു. തലക്കാട് സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും മഹിള അസോസിയേഷൻ ഭാരവാഹിയുമായിരുന്നു. 2000ലും 2010ലും പഞ്ചായത്ത് മെമ്പറായിരുന്നു. കഴിഞ്ഞ തവണ പൂക്കൈതയിലെ യു.ഡി.എഫ് ശക്തികേന്ദ്രത്തിൽ എട്ടുവോട്ടിന് പരാജയപ്പെട്ടു. ഇത്തവണ സ്ഥിരം വാർഡായ പാറശ്ശേരി വെസ്റ്റിലാണ് മത്സരിച്ചത്.