മലപ്പുറം: കൊവിഡിനെയും വകഞ്ഞുമാറ്റിയുള്ള കനത്ത പോളിംഗിൽ പ്രതീക്ഷിച്ച വിജയം നേടാതെ യു.ഡി.എഫ്. സാമ്പാർ മുന്നണിയിലൂടെ കഴിഞ്ഞ വർഷമുണ്ടാക്കിയ നേട്ടം ആവർത്തിച്ചില്ലെങ്കിലും പരിക്കുകളില്ലാതെ എൽ.ഡി.എഫ് രക്ഷപ്പെട്ടു. സംസ്ഥാന സർക്കാരിനെതിരെ ഉയർന്ന ആരോപണശരങ്ങൾ അനുകൂല തരംഗമായി മാറുമെന്ന യു.ഡി.എഫിന്റെ പ്രതീക്ഷ അസ്ഥാനത്തായി. അതേസമയം മറ്റ് ജില്ലകളിലുണ്ടായ എൽ.ഡി.എഫ് തരംഗം മലപ്പുറത്ത് ഉണ്ടായതുമില്ല. 94 പഞ്ചായത്തുകളിൽ 72 ഇടങ്ങളിൽ യു.ഡി.എഫ് വിജയിച്ചു. 19 ഇടങ്ങളിലാണ് എൽ.ഡി.എഫ് വിജയിച്ചത്. മൂന്നിടങ്ങളിൽ വികസന മുന്നണിയാണ് വിജയിച്ചത്. 15 ബ്ലോക്ക് പഞ്ചായത്തുകളിൽ പന്ത്രണ്ടും യു.ഡി.എഫ് നേടി. ഒമ്പത് മുനിസിപ്പാലിറ്റികളിൽ ഏഴിടങ്ങളിൽ യു.ഡി.എഫും മൂന്നിടങ്ങളിൽ എൽ.ഡി.എഫും വിജയിച്ചു. ജില്ലാ പഞ്ചായത്തിലെ 32 ഡിവിഷനുകളിൽ 27 ഇടത്ത് യു.ഡി.എഫ് വിജയിച്ചു. യു.ഡി.എഫിൽ മുസ്‌ലിം ലീഗ് വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടപ്പോൾ കോൺഗ്രസ് മത്സരിച്ച ഇടങ്ങളിലാണ് വലിയ തോൽവി നേരിട്ടത്. കോൺഗ്രസിന്റെ കുത്തകയായിരുന്ന നിലമ്പൂർ മുനിസിപ്പാലിറ്റിയടക്കം കൈവിട്ടു. ലീഗിന് മെമ്പറില്ലാത്ത ഏക നഗരസഭ കൂടിയാണിത്. മന്ത്രി കെ.ടി.ജലീലിന്റെ വാർഡിലെ തോൽവി എൽ.ഡി.എഫിനും ക്ഷീണമായി. പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ വാർഡിലെ ലീഗ് വിമത പരാജയപ്പെട്ടു.
2015ൽ സാമ്പാർ മുന്നണിയിലൂടെ 24 ഓളം തദ്ദേശ സ്ഥാപനങ്ങളിലെ ഭരണം എൽ.ഡി.എഫ് നേടിയിരുന്നു. ഇത്തവണ ലീഗ് വിരുദ്ധരുടെ കൂട്ടായ്മയായ സാമ്പാർ മുന്നണി ചിത്രത്തിലില്ലായിരുന്നു. കോൺഗ്രസ് - ലീഗ് ബന്ധം കൂടുതൽ ശക്തമായതായി ഇരുപാർട്ടികളുടെയും ജില്ലാ നേതൃത്വങ്ങൾ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിന് അനുസൃതമായ വിജയം യു.ഡി.എഫിന് ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ. വെൽഫെയർ പാർട്ടി ബന്ധം മുസ്‌ലിം ലീഗിന് വേണ്ടത്ര സഹായകമായില്ല. ഇതു സംബന്ധിച്ച വിവാദങ്ങൾ കോൺഗ്രസിന് തിരിച്ചടിയുമായി. കാലങ്ങളായി കുത്തകയായിരുന്ന പല തദ്ദേശസ്ഥാപനങ്ങളിലെ ഭരണവും യു.ഡി.എഫിന് നഷ്ടമായി. വലിയ മുന്നേറ്റമുണ്ടാക്കാൻ ബി.ജെ.പിക്കായില്ല. 33 സീറ്റുകളാണ് ലഭിച്ചത്. മുനിസിപ്പാലിറ്റി - 18, പഞ്ചായത്ത് - 15 എന്നിങ്ങനെയാണ് സീറ്റ് നില. താനൂർ മുനിസിപ്പാലിറ്റിയിൽ രണ്ടാം സ്ഥാനത്താണെങ്കിലും സീറ്റുകളുടെ നില പത്തിൽ നിന്ന് ഏഴിലേക്ക് താഴ്ന്നു. രണ്ട് സീറ്റുണ്ടായിരുന്ന ഇടതുപക്ഷം ആറിലേക്ക് ഉയർന്നപ്പോൾ നഷ്ടം നേരിട്ടത് ബി.ജെ.പിക്കാണ്. കഴിഞ്ഞ തവണ അക്കൗണ്ട് തുറന്ന മഞ്ചേരി നഗരസഭയിൽ സീറ്റ് നഷ്ടമായി. അതേസമയം വളാഞ്ചേരി നഗരസഭയിൽ അക്കൗണ്ട് തുറന്നു. ഒറ്റയ്ക്ക് മത്സരിച്ച് ശക്തിതെളിയിക്കുകയെന്ന ലക്ഷ്യത്തോടെ രംഗത്തുണ്ടായിരുന്ന എസ്.ഡി.പി.ഐക്ക് കാര്യമായ ചലനങ്ങളുണ്ടാക്കാനായില്ല. പത്ത് സീറ്റുകൾ ലഭിച്ചു. മഞ്ചേരി നഗരസഭയിൽ അക്കൗണ്ട് തുറന്നു. യു.ഡി.എഫ് വിജയിച്ച പഞ്ചായത്തുകൾ ആലിപ്പറ, അബ്ദുറഹിമാൻ നഗർ, ആനക്കയം, അങ്ങാടിപ്പുറം, അരീക്കോട്, ആതവനാട്, ചാലിയാർ, ചീക്കോട്, ചേലേമ്പ്ര, ചെറിയമുണ്ടം, ചെറുകാവ്, ചോക്കാട്, ചുങ്കത്തറ, എടക്കര, എടപ്പറ്റ, എടരിക്കോട്, എടയൂർ, ഇരുമ്പിളിയം, കാലടി, കാളികാവ്, കൽപ്പകഞ്ചേരി, കണ്ണമംഗലം, കരുളായി, കാവന്നൂർ, കീഴാറ്റൂർ, കീഴുപറമ്പ, കോഡൂർ, കൂട്ടിലങ്ങാടി, കുറുവ, കുറ്റിപ്പുറം, കുഴിമണ്ണ, മംഗലം, മങ്കട, മാറാക്കര, മാറഞ്ചേരി, മേലാറ്റൂർ, മുന്നിയൂർ, മൂത്തേടം, മൊറയൂർ, മുതുവല്ലൂർ, നന്നമ്പ്ര, നന്നംമുക്ക്, നിറമരുതൂർ, ഊരകം, ഒതുക്കുങ്ങൽ, ഒഴൂർ, പള്ളിക്കൽ, പാണ്ടിക്കാട്, പറപ്പൂർ, പെരുമണ്ണക്ലാരി, പെരുവള്ളൂർ, പൊന്മള, പൊന്മുണ്ടം, പൂക്കോട്ടൂർ, പോരൂർ, പുളിക്കൽ, പുൽപ്പെറ്റ, പുഴക്കാട്ടിരി, താനാളൂർ, താഴേക്കോട്, തേഞ്ഞിപ്പലം, തെന്നല, തിരുന്നാവായ, തൃക്കലങ്ങോട്, തുവ്വൂർ, ഊർങ്ങാട്ടിരി, വളവന്നൂർ, വട്ടംകുളം, വാഴക്കാട്, വഴിക്കടവ്, വേങ്ങര, വെട്ടത്തൂർ, വണ്ടൂർ. എൽ.ഡി.എഫ് വിജയിച്ച പഞ്ചായത്തുകൾ ആലംങ്കോട്, എടപ്പാൾ, ഏലംകുളം, കരുവാരക്കുണ്ട്, മമ്പാട്, മൂർക്കനാട്, പെരുമ്പടപ്പ്, പോത്തുകല്ല്, പുലാമന്തോൾ, പുറത്തൂർ, തലക്കാട്, തവനൂർ, തൃപ്പങ്ങോട്, വള്ളിക്കുന്ന്, വാഴയൂർ, വെളിയങ്കോട്, വെട്ടം. വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ഇടങ്ങൾ എടവണ്ണ, അമരമ്പലം, മക്കരപ്പറമ്പ യു.ഡി.എഫ് വിജയിച്ച ബ്ലോക്ക് പഞ്ചായത്തുകൾ അരീക്കോട്, കാളികാവ്, കൊണ്ടോട്ടി, കുറ്റിപ്പുറം, മലപ്പുറം, മങ്കട, നിലമ്പൂർ, പെരിന്തൽമണ്ണ, താനൂർ, തിരൂരങ്ങാടി, വേങ്ങര, വണ്ടൂർ എൽ.ഡി.എഫ് വിജയിച്ചത് പെരുമ്പടപ്പ്, പൊന്നാനി, തിരൂർ മുനിസിപ്പാലിറ്റി - യു.ഡി.എഫ് കൊണ്ടോട്ടി, കോട്ടക്കൽ, മലപ്പുറം, മഞ്ചേരി, പരപ്പനങ്ങാടി, താനൂർ, തിരൂർ, തിരൂരങ്ങാടി, വളാഞ്ചേരി. എൽ.ഡി.എഫ് പെരിന്തൽമണ്ണ, പൊന്നാനി, നിലമ്പൂർ.